കേരളത്തെ നടുക്കിയ രണ്ട് കലാപങ്ങൾ, രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച നാട്
കേരളത്തിൽ നടന്ന ഏറ്റവും വലിയ കലാപങ്ങളുടെ കൂട്ടത്തിൽ കുപ്രസിദ്ധി നേടിയതാണ് കോഴിക്കോട് ജില്ലയിലെ തീരപ്രദേശമായ മാറാട് നടന്ന രണ്ട് സംഭവങ്ങളും. നിലവിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വരുന്ന ഈ കടലോര ഗ്രാമം നഗരത്തിൽ നിന്നും ഏകദേശം 15കിലോമീറ്റർ അകലെയാണ്. ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ വരുന്ന ഈ പ്രദേശം കേരളത്തിലെ കലാപങ്ങളുടെ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നത് ദശകങ്ങൾക്ക് മുമ്പാണ്. മുൻ മന്ത്രിയും സിപി എം നേതാവുമായ എ കെ ബാലൻ നടത്തിയ പരാമർശത്തോടെ വീണ്ടും ചർച്ച ആവുകയാണ് മാറാട്.
എന്നാൽ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ രണ്ട് സംഭവങ്ങൾ മാറാടിനെ കേരളത്തിലെ വർഗീയ കലാപ രാഷ്ട്രീയത്തിന്റെ രൂപകമാക്കി മാറ്റി. എന്തായിരുന്നു മാറാട് സംഭവിച്ചത്. മാറാടിലെ സംഭവങ്ങൾ പൊടുന്നനെ സംഭവിച്ചതാണോ? .
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായ ചെറിയ കശപിശയുടെ തുടർച്ചയാണ് മാറാട് നടന്ന രണ്ട് സംഭവങ്ങളുടെയും അടിസ്ഥാന കാരണമായി വിലയിരുത്തപ്പെടുന്നത്. 2001 ഡിസംബർ 31 നടന്ന സംഭവങ്ങൾ മുതിർന്നവർ ചേർന്ന് പറഞ്ഞു തീർത്തുവെങ്കിലും അത് പിന്നീട് ദിവസങ്ങൾക്കുള്ളിൽ ആളിപ്പടരുകയായിരുന്നു. 2002 ജനുവരി മൂന്ന്, നാല് തീയതികളിലായി നടന്ന അക്രമസംഭവങ്ങളിൽ ഇരുവിഭാഗങ്ങളിലായി അഞ്ച് പേർ കൊല്ലപ്പെട്ടു.
ജനുവരി മൂന്നിന് സന്ധ്യയോടെയാണ് അനിഷ്ടസംഭവങ്ങൾ ആരംഭിച്ചത്. കുഞ്ഞിക്കോയ, യൂസഫ്, ഷംജിത്ത്, കുഞ്ഞുമോൻ എന്നിവരാണ് അക്രമസംഭവങ്ങളിൽ കൊല്ലപ്പെട്ടത്. നാലിന് അക്രമത്തിൽ കൊല്ലപ്പെട്ട കുഞ്ഞിക്കോയ, യൂസഫ് എന്നിവരുടെ സംസ്കാരചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾക്കായി പോയ അബൂബബക്കറിനെ അക്രമികൾ കൊലപ്പെടുത്തി. മൂന്നാം തീയതി രാത്രി ഇരുവിഭാഗത്തിന് നേരെയും അക്രമങ്ങൾ ഉണ്ടായി. അത് നാലിനും തുടർന്നു. പ്രാണരക്ഷാർത്ഥം പലരും വീടുകൾ വിട്ട് ഓടിപ്പോയി. പൊലിസ് നടത്തിയ റെയ്ഡിൽ ഇരുപക്ഷത്ത് നിന്നും ആയുധങ്ങൾ പിടിച്ചെടുത്തു. ദിവസങ്ങൾ നീണ്ടുന്ന്ന സംഘർഷാവസ്ഥ ഇടപെട്ട് പരിഹരിക്കുന്നതിൽ ഭരണസംവിധാനം പരാജയപ്പെട്ടു എന്ന് വിമർശനം ഉയർന്നു. ഇതായിരുന്നു ഒന്നാം മാറാട് കലാപം . നൂറ് സീറ്റുകളുമായി എ കെ ആന്റണി മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്ന് രണ്ട് വർഷം പൂർത്തിയാകാൻ മാസങ്ങൾ അവശേഷിക്കുമ്പോഴായിരുന്നു ഈ സംഭവം.
ഈ സംഭവത്തിന് ശേഷം മാറാട് കലാപത്തിന്റെ തീ അണയ്ക്കാൻ പ്രാദേശികമായി പലവിധ ശ്രമങ്ങൾ നടന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കുറ്റവാളികൾക്കെതിരെ മൃദുസമീപനം ആണ് സ്വീകരിക്കുന്നതെന്ന ആരോപണം പല കോണുകളിൽ നിന്നും ചെറുതായെങ്കിലും അക്കാലത്ത് ഉയർന്നിരുന്നു. അരയസമാജം സെക്രട്ടറി സുരേഷ് എന്നിവരടക്കം നിരവധിപേർ ഈ കേസിൽ പ്രതികളായിരുന്നു.
2002 ജനുവരിയിലെ സംഭവത്തിനെ പ്രതികാരമെന്ന പേരിൽ 2003 മെയ് മാസം രണ്ടാം തീയതി ഒരു വിഭാഗം തീവ്രവാദ നിലപാടുകാർ നടത്തിയ ആക്രമണത്തിൽ എട്ട് പേർ ഉൾപ്പടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. ചന്ദ്രൻ, ഗോപാലൻ, സന്തോഷ്, മാധവൻ, കൃഷ്ണൻ,ദാസൻ ,പുഷ്പരാജൻ, പ്രിജി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിനൊപ്പം അഷ്കർ അലി എന്നയാളെയും മരിച്ച നിലയിൽ കണ്ടെത്തി. അഷ്കർ അലി അക്രമികൾക്ക് വഴികാട്ടിയായി വന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു. ഈ അക്രമസംഭവവും സന്ധ്യയോടെയാണ് ആരംഭിച്ചത്. മാറാട് ബീച്ചിൽ വിശ്രമിച്ചുകൊണ്ടിരുന്നവർക്കെതിരെയാണ് ആക്രമണം നടന്നത്. ഈ സംഭവത്തിൽ പൊലീസുകാർ ഉൾപ്പടെ നിരവധി പേർക്ക് പരുക്കേറ്റു. കേരളം നടുങ്ങിയ സംഭവമായിരുന്നു അത്. പൊലീസ് നടത്തിയ പരിശോധനയിൽ മാറാടുള്ള മുസ്ലിം ആരാധാനാലയത്തിൽ നിന്നും അരയസമാജം ഓഫീസിൽ നിന്നും ഉൾപ്പടെ വിവിധ ഇടങ്ങളിൽ നിന്ന് മാരാകയുധങ്ങൾ പിടിച്ചെടുത്തു. പൊലീസ് ഇടപെടൽ ഉണ്ടായിട്ടും പ്രദേശത്ത് വ്യാപകമായ അക്രമങ്ങൾ നടന്നു.
ഒന്നാം മാറാട് സംഭവത്തെ പോലെ തന്നെ ഈ കൂട്ടക്കൊലയെ തുടർന്നും നിരവധി വീടുകൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു. നിരവധി മുസ്ലീം കുടുംബങ്ങൾ അവിടെ നിന്നും ഓടിപ്പോയി. അവരെ തിരിച്ചുവരാൻ അരയസമാജവും ഹിന്ദുത്വ സംഘടനകളും അനുവദിച്ചില്ല. അവരുടെ എതിർപ്പ് ശക്തമായി തുർന്നു. കുറേ കാലത്തിന് ശേഷം നിരവധി ഒത്തുതീർപ്പ് ചർച്ചകളെ തുടർന്ന് അവിടെ നിന്നും പ്രാണരക്ഷാർത്ഥം ഓടിപ്പോയ കുടുംബങ്ങളിൽ കുറേ പേർ തിരികെ എത്തി.
രണ്ടാം സംഭവം നടന്ന് അടുത്ത ദിവസങ്ങളിൽ അന്നത്തെ മുഖന്ത്രിയായിരുന്ന എ കെ ആന്റണിയും സിപി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും സ്ഥലത്തെത്തി. സംഭവസ്ഥലത്തെത്തിയ പിണറായി വിജയനെയും ഒരു വിഭാഗം തടഞ്ഞു. സംഭവത്തിന് പിന്നിൽ എൻ ഡി എഫാണെന്നായിരുന്നു സി പി എം നിലപാട്. മുസ്ലിം ലീഗും എൻ ഡി എഫുമായുള്ള ബന്ധം ഇതിലുണ്ടെന്നനും പിണറായി ആരോപിച്ചു. എ കെ ആന്റണിയെ ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകർ തടഞ്ഞു. ഹിന്ദുത്വ സംഘടനയുടെ പ്രാദേശിക പ്രവർത്തകയായിരുന്ന ഉമാ ഉണ്ണി മുഖ്യമന്ത്രി എ കെആന്റണിയെ തടയുന്ന പടം അടുത്ത ദിവസം പത്രങ്ങളുടെ ഒന്നാം പേജിൽ നിറഞ്ഞു നിന്നു. പിന്നീട്, 2004 ൽ ഇവർ ബി ജെ പി സ്ഥാനാർത്ഥിയായി മാറാട് സ്ഥിതി ചെയ്യുന്ന ബേപ്പൂർ നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന മഞ്ചേരി ലോകസഭാ മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്തു. ബേപ്പൂരിൽ ബി ജെ പിക്ക് അതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതും അത്തവണയായിരുന്നു, മൊത്തം 84,149 വോട്ടാണ് ഉമാ ഉണ്ണിക്ക് ലഭിച്ചത്. അതിൽ 23,503 വോട്ടും മാറാട് ഉൾപ്പെടുന്ന ബേപ്പൂരിൽ നിന്നായിരുന്നു.
ആദ്യം സി ബി ഐ അന്വേഷണം എന്ന് ആവശ്യപ്പെട്ടിരുന്നുവെ ങ്കിലും പിന്നീട് അക്കാര്യത്തിൽ ബി ജെപിയും ഹിന്ദുത്വ സംഘടനകളും അയവ് വരുത്തി. സർക്കാർ വൻതുക നഷ്ടപരിഹാരമായി നൽകിയതോടെ സംഘപരിവാർ സി ബി ഐ അന്വേഷണത്തിൽ നിന്നും പിന്നാക്കം പോയി എന്ന ആരോപണം അവർക്കെതിരെ ഉയർന്നു. എ ബി വാജ്പേയി പ്രധാനമന്ത്രിയായി ബി ജെ പി നേതൃത്വം നൽകുന്ന സർക്കാർ കേന്ദ്രം ഭരിക്കുമ്പോഴാണ് സി ബി ഐ അന്വേഷണത്തിൽ നിന്നും ബിജെ പിയും ഹിന്ദുത്വ സംഘടനകളും പിന്നാക്കം പോയത് എന്തിന് എന്നായിരുന്നു അന്നത്തെ ആരോപണങ്ങളിൽ പ്രധാനമായി ഉയർന്ന ചോദ്യം. അതുപോലെ തന്നെ ഈ ചോദ്യം മുസ്ലിം ലീഗിനോടും ഉന്നയിക്കപ്പെട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും സി ബി ഐ അന്വേഷണത്തിന് എതിരായിരുന്നു. തുടർന്ന് എ കെ ആന്റണി, ജസ്റ്റിസ് തോമസ് പി ജോസഫിനെ അന്വേഷണ കമ്മീഷനായി നിയമിച്ചു.
മാറാട് സംഘർഷം പെട്ടെന്നുണ്ടായതോ?
മാറാട് സംഘർഷത്തിന്റെ ചരിത്രം 2002 ൽ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നല്ല, എന്ന് അവിടുത്തെ ചരിത്രം പരിശോധിക്കുന്നവർക്ക് അറിയാം. കമ്മീഷൻ റിപ്പോർട്ടിലും ആ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം കാണാനാകും. മാറാട് സംഘർഷങ്ങളുടെ ചരിത്രം തുടങ്ങുന്നതിന് കേരളത്തിനേക്കാൾ പഴക്കമുണ്ട്. 1950 കളുടെ തുടക്കത്തിലാണ് ഇവിടെ സംഘർഷം ആരംഭിക്കുന്നത്. അന്ന് മാറാട് ബീച്ചിന് സമീപത്തുള്ള നടുവട്ടത്തുള്ള തമ്പി, അഹമ്മദ് കുട്ടി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന രണ്ട് പ്രാദേശിക പ്രമാണിമാർ തമ്മിലുള്ള ബിസിനസ് തർക്കമാണ് അവിടുത്തെ സംഘർഷങ്ങളുടെ അച്ചുതണ്ടായി മാറിയത്. 1954 ലാണ് ഇവിടെ ആദ്യത്തെ സംഭവം റിപ്പോർട്ട ചെയ്യുന്നത്.
കേരളത്തിൽ പൊതുവിൽ മലബാറിൽ ഹിന്ദുത്വ സംഘടനകളുടെ ഈ പ്രദേശത്തെ താരതമ്യേന തുടക്കകാലം കൂടെയായിരുന്നു അത്. ഈ സാഹചര്യത്തിൽ അവിടെ അടുത്തുള്ള ഹിന്ദു ആരാധാനാലയത്തിൽ നിന്നുള്ള ഘോഷയാത്ര അവരുടെ സ്ഥിരം വഴി മാറ്റി പുതിയൊരു വഴിയിലൂടെ പോകാൻ തീരുമാനിക്കുന്നു. പുതിയ റൂട്ടിൽ ആ ഘോഷയാത്ര നടുവട്ടം മുസ്ലിം ആരാധനാലയത്തിന് മുന്നിലൂടെയാക്കുന്നു. ഈ ഘോഷയാത്ര മുസ്ലിങ്ങൾ തടയുമെന്ന പ്രചാരണം അഴിച്ചുവിടുന്നു. ഇതെല്ലാം അന്നത്തെ ഹിന്ദുത്വസംഘടനകളുടെ ഭാഗത്ത് നിന്നുണ്ടായതായിരുന്നു. ഘോഷയാത്ര കടന്നു പോകുന്ന സമയത്ത് മുസ്ലിം പള്ളിയിൽ ആളുകൾ ഉണ്ടായിരന്നു. ഘോഷയാത്ര അവിടെ എത്തിയപ്പോൾ മുദ്രാവാക്യങ്ങൾ മുഴക്കി. കാര്യങ്ങൾ പ്രകോപനപരമാകുകയും സംഘർഷം ഉണ്ടാവുകയും ചെയ്തു.
ഈ സംഘർഷത്തെ തുടർന്നുണ്ടായ പൊലീസ് നടപടി വെടിവെപ്പിൽ കലാശിച്ചു. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ, എന്നാൽ 13 പേർ വരെ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന് ആ സംഭവത്തെ കുറിച്ച് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം തോമസ് ജോസഫ് കമ്മീഷൻ മുമ്പാകെയും ഉന്നയിച്ചിട്ടുണ്ട്. ഇതിന്ശേഷം ബേപ്പൂരിന് സമീപപ്രദേശങ്ങളിൽ നിസാരകാര്യങ്ങൾ പോലും സംഘർഷത്തിലേക്ക് എത്തിക്കുന്ന സംഭവങ്ങൾ പലതവണ ഉണ്ടായി.
1980 കളുടെ അവസാനത്തിൽ തൊഴിൽ പ്രശ്നങ്ങളെയും മതാടിസ്ഥാനത്തിൽ വർഗീയമായ ചേരിതിരിവോടെയും കാണുന്ന സംഭവങ്ങൾ ഈ പ്രദേശങ്ങളിൽ ഉണ്ടായി. ബേപ്പുരിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളിൽ ഇന്ധനം നിറയ്ക്കുക, വെള്ളം നിറയ്ക്കുക തുടങ്ങിയ പണികൾ ചെയ്തിരുന്നത് മുസ്ലിം ലീഗ് ട്രേഡ് യൂണിയനിൽ പെട്ടവരായിരുന്നു. അവർ ചെയ്യുന്ന ഈ ജോലിക്ക് അന്നത്തെ കാലത്തെ അത്യാവശ്യം മികച്ച കൂലിയും കിട്ടുന്നുണ്ടായിരുന്നു. ഇതിന് അവകാശവാദവുമായി അരയസമുദായത്തിലെ ബി ജെ പി ആർ എസ് എസ് പ്രവർത്തകർ എത്തി. ഇത് സംബന്ധിച്ച അവകാശവാദങ്ങളെ തർക്കമാക്കാനം സംഘർഷമുണ്ടാക്കാനുമുള്ള വഴിയായാണ് പലരും കണ്ടത്.
ഇതിനിടയിൽ ബേപ്പുരിലെ സ്റ്റീൽ റോളിങ് മിൽ തൊഴിലാളിയായിരുന്ന ഇമ്പിച്ചികോയ എന്ന ഒരാൾ 1988 ൽ കൊല്ലപ്പെട്ടു ആ കൊലപാതകത്തിന് പിന്നിൽ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട തർക്കമായിരുന്നില്ല. എന്നാൽ, അവിടെ ഒരു വിഷയം ഉയർത്താൻ തുടങ്ങിയ സംഭവമായിരുന്നു അതെന്ന് പിന്നീട് പലരും സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. ഇമ്പിച്ചികോയയുടെ മരണത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം രാമദാസൻ എന്നൊരാൾ അവിടെ കൊല്ലപ്പെട്ടു. ഇതോടെ വ്യാപകമായ അക്രമം ആ പ്രദേശത്ത് നടന്നു. മത്സ്യത്തൊഴിലാളികളുടെ വീടുകൾ ആക്രമിച്ചു നശിപ്പിച്ചു. ഇരുവിഭാഗവും തമ്മിൽ ആക്രമണം ശക്തമായി.
മാറാട് നിലനിന്നിരുന്ന സമാധാന അന്തരീക്ഷത്തിന് മാറ്റം വരുന്നത് 1950 കളോടെയായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. ഇതിന് തുടക്കം കുറിച്ച മറ്റൊരു സംഭവം കൂടി രേഖപ്പെടുത്തുന്നുണ്ട് കമ്മീഷൻ മുമ്പാകെ നൽകിയ മൊഴികളിൽ. താനൂർ പ്രദേശത്ത് നിന്നും ഹിന്ദു സമുദായത്തിൽ പെട്ട കുറച്ച് ആളുകളെ ആർ എസ് എസ്, ബി ജെ പി പ്രവർത്തകർ ഇവിടെ കൊണ്ടുവന്നു താമസിപ്പിച്ചു. അവർ അവിടെ സ്ഥിര താമസമാക്കി തുടങ്ങിയതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കം എന്ന് പറയുന്നുണ്ട്. 30 വർഷം മുമ്പ് താനൂരിൽ നിന്ന് വന്നവരാണ് ഇവിടെയുള്ള ഹിന്ദുകുടുംബങ്ങളിൽ കുറച്ചുപേരെന്ന് കമ്മീഷൻ മുമ്പാകെയുള്ള മൊഴിയിൽ പറയുന്നുണ്ട്.
2003 ൽ നടന്ന രണ്ടാം മാറാട് കൂട്ടക്കൊലയെ, അരയ സമാജത്തെ മുൻനിർത്തി ഹിന്ദു ഐക്യവേദിയും ബി ജെ പിയും ഉൾപ്പടെയുള്ള സംഘടനകൾ ദേശീയ തലത്തിൽ തന്നെ പ്രധാനവിഷയമാക്കി മാറ്റി. അതിതീവ്രവും വൈകാരികവുമായി പ്രസംഗിക്കുന്ന വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന പ്രവീൺ തൊഗാഡിയ ഉൾപ്പടെയുള്ളവരെ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗിക്കാൻ കോഴിക്കോടേക്ക് കൊണ്ടുവന്നു. അവർ നടത്തിയ പ്രസംഗങ്ങൾ കേസിന് വഴിവച്ചു. 2003ലായിരുന്നു പ്രവീൺ തൊഗാഡിയയുടെ പ്രസംഗം. വിദ്വേഷ പ്രസംഗത്തിന് കേസെടുത്തു. എന്നാൽ, 2014 നവംബറിൽ ഉമ്മൻചാണ്ടി സർക്കാർ ഈ കേസ് പിൻവലിച്ചു. കേസിൽ മറ്റൊരു പ്രതിയായ കുമ്മനം രാജശേഖരൻ നൽകിയ അപേക്ഷ സ്വീകരിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ ഈ കേസ് പിൻവലിച്ചത്. ഈ സമയത്ത് കേന്ദ്രത്തിൽ ഒന്നാം മോദി സർക്കാർ അധികാരത്തിലെത്തിയിരുന്നു.
സമാധാനചർച്ചകളൊക്കെ മുറപോലെ നടന്നെങ്കിലും 2002 ജനുവരിയിലെ കൂട്ടക്കൊലയും 2003 ലെ കൂട്ടക്കൊലയും കേരളത്തിലെ സാമൂഹിക ഘടനയെ തന്നെ പിടിച്ചുലച്ചതായിരുന്നു മാറാട് കൂട്ടിക്കൊലകൾ. മാറാട് സൃഷ്ടിച്ച അവിശ്വാസവും അകൽച്ചയും മാറാതെ നിലകൊണ്ടു. മാത്രമല്ല, കേരളത്തിലെ പലയിടങ്ങളിലും അവിശ്വാസത്തിന്റെ വിത്തുപാകുന്നതിന് ഇത് വഴിയൊരുക്കി. പതുക്കെ ഒന്നാം മാറാട് സംഭവം ചിത്രത്തിൽ നിന്ന് മായുകയും രണ്ടാം മാറാട് മാത്രം, അടയാളപ്പെടുത്തപ്പെടുകയും ചെയ്യുന്ന ഒന്നായി മാറി. ഏകപക്ഷീയമായും ആസൂത്രിതമായും നടന്ന രണ്ടാം മാറാട് സംഭവത്തിന്റെ പശ്ചത്താലത്തിൽ അത് നന്നായി മുതലെടുക്കാൻ ബിജെ പിക്കും ഹിന്ദുത്വ സംഘടനകൾക്കും സാധിച്ചു. മറുവശത്ത് എൻ ഡി എഫ് ഇതുപോലെ തന്നെ മുന്നോട്ട് പോയി. അവർ പോപ്പുലർ ഫ്രണ്ട് എന്ന് പേര് മാറിയെങ്കിലും ഒറ്റപ്പെട്ടതും നിഷ്ഠൂരവുമായ അക്രമങ്ങളിൽ അവർ പ്രതിസ്ഥാനത്ത് വന്നു.
മാറാട് നടന്ന രണ്ട് സംഭവങ്ങളും വർഗീയ കലാപമാണോ അല്ലയോ എന്ന് മുതൽ കേരളത്തിലെ മത തീവ്രവാദ സംഘടനകൾ, അവരുടെ ബന്ധം എന്നിവയൊക്കെ ഉയർന്നു വന്നു. മാറാട് കലാപത്തിന് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങളുണ്ടെന്നും, വിദേശ ബന്ധം ഉണ്ടെന്നും ഉള്ള ആരോപണങ്ങൾക്കും കഥകൾക്കും കുറവുണ്ടായില്ല. ഈ സംഭവത്തിന് ഏതാനും വർഷം മുമ്പ് മഞ്ഞളാംകുഴി അലി എന്ന മാക് അലി നിർമ്മിച്ച് മമ്മൂട്ടി നായകനായി അഭിനയിച്ച ദ് കിങ് എന്ന രൺജി പണിക്കർ ചിത്രം വരെ ഇതിന് ഉദാഹരണമായി ചിലർ ഉയർത്തിക്കാട്ടി. റിയൽ എസ്റ്റേറ്റ്, ഊഹക്കച്ചടവ സാമ്പത്തിക താൽപ്പര്യങ്ങളാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയർത്തിയതിൽ ഈ സിനിമയ്ക്കും പങ്കുണ്ടായിരുന്നു.
“നിർമ്മിക്കപ്പെടുന്ന” അക്രമങ്ങൾ
ഇന്ത്യയിലെ വർഗീയ കലാപങ്ങളെ കുറിച്ച് 40 വർഷത്തിലേറെ പഠനം നടത്തിയ അമേരിക്കൻ പൊളിറ്റിക്കൽ സയന്റിസ്റ്റായ പോൾ ആർ. ബ്രാസിന്റെ നിരീക്ഷണങ്ങൾ മാറാടിനെ സംബന്ധിച്ചും പ്രസക്തമാണ്. നാല് പതിറ്റാണ്ട് നീണ്ട തന്റെ പഠനത്തെ ആസ്പദമാക്കി ദ് പ്രൊഡക്ഷൻ ഓഫ് ഹിന്ദു മുസ്ലിം വയലൻസ് ഇൻ ഇന്ത്യ (The Production of Hindu Muslim Violence in India ) എന്ന 2003 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ അദ്ദേഹം ഇന്ത്യയിലെ വർഗീയ ആക്രമണങ്ങളെ കുറിച്ച് നിരീക്ഷിക്കുന്നുണ്ട്. ഒരു കലാപം സംഭവിച്ചാൽ അതിന്റെ ഉള്ളടക്കം സവിശേഷമായി തന്നെ മനസ്സിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഇത്തരം അക്രമങ്ങൾ സമൂഹത്തിലുണ്ടാകുന്ന ഒരു അപഭ്രംശമല്ല; മറിച്ച് ദൈനംദിന രാഷ്ട്രീയത്തിന്റെ ഒരു ഉപാധിയായി മാറുന്നുവെന്ന് ബ്രാസ് അഭിപ്രായപ്പെടുന്നു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ആധിപത്യം നേടുന്നതിനായി ചില പ്രത്യേക കൂട്ടായ്മകൾ എങ്ങനെ സംഘർഷങ്ങൾ സൃഷ്ടിക്കുന്നുവെന്നതാണ് അദ്ദേഹം ഈ പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്. ഈ കലാപങ്ങളെ ആൾക്കൂട്ടത്തിന്റെ നിയന്ത്രണം വിട്ട ക്രോധവും വികാര പ്രകടനവും മാത്രമായി കാണുന്ന ലളിതയുക്തികളെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ഇന്ത്യയിലെ വർഗീയ കലാപങ്ങളിൽ നിയമസംവിധാനങ്ങൾ , രാഷ്ട്രീയ നേതാക്കൾ, മതദേശീയവാദികൾ എന്നിവർ വഹിക്കുന്ന നിർണായക പങ്കിനെയും പോൾ ബ്രാസ് അടയാളപ്പെടുത്തുന്നു.
ഇത്തരം സംഭവങ്ങളുടെ പിന്നിലുള്ള രാഷ്ട്രീയവും ഘടനാപരവുമായ കാഴ്ചപ്പാട് അദ്ദേഹം പുസ്തകത്തിൽ മുന്നോട്ടുവയ്ക്കുന്നു. വർഗീയ കലാപങ്ങളും അക്രമങ്ങളും വെറുമൊരു സാമൂഹിക പ്രശ്നമല്ല, മറിച്ച് കൃത്യമായ ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത് നടപ്പാക്കുന്ന രാഷ്ട്രീയ, സാമ്പത്തിക പദ്ധതിയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നമ്മൾ, അവർ എന്ന ദ്വന്ദവും സൃഷ്ടിച്ച് വിഭജനവും അവിശ്വാസവും വളർത്തി അധികാരം ഉറപ്പിക്കാനും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാനുമുള്ള രാഷ്ട്രീയ ഉപകരണമായി വർഗീയ കലാപങ്ങളെ മാറ്റുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.
അവലംബം: തോമസ് പി ജോസഫ് കമ്മീഷൻ റിപ്പോർട്ട്,മാറാട് മുതൽ മാറാട് വരെ, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം
A look at the Marad riots in Kerala, their background, causes, and long-term impact, as the issue returns to public debate following A K Balan’s statement.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

