കറുപ്പിലും വെളുപ്പിലും എഴുതപ്പെട്ട പൈശാചിക ലോകത്തിൻ്റെ സുവിശേഷം
“പുകമഞ്ഞ് എല്ലാ മൂലകളിൽ നിന്നും നിൻ്റെ ശ്വാസകോശത്തിലേക്കു കടക്കും. എന്നിട്ട് അത് നിൻ്റെ ആത്മാവിൽ താമസമുറപ്പിക്കും”
ഇന്നലെ അന്തരിച്ച ഹംഗേറിയൻ ചലച്ചിത്ര സംവിധായകൻ ബേലാ താറിൻ്റെ ( Bela Tarr) ' Damnation' എന്ന സിനിമയിലെ ഒരു കഥാപാത്രം പറയുന്നതാണിത്. താറിൻ്റെ എല്ലാ കഥാപാത്രങ്ങളുടെയും മാനസികാവസ്ഥ വിവരിക്കാൻ പര്യാപ്തമാണീ വാചകങ്ങൾ. ആത്മാവിൽ പുകയും മൂടൽമഞ്ഞും വ്യാപിച്ചവർ. താറിൻ്റെ സിനിമയിലെ ചിരസാന്നിദ്ധ്യമായ മഴ പെയ്തു കഴിയുമ്പോൾ ഉയരുന്ന അതേ പുകമഞ്ഞ്. അത് കാഴ്ചക്കാരുടെ ആത്മാവിലേക്കും പടരുന്നു.
ബേല താർ തൻ്റെ സിനിമ ജീവിതം ആരംഭിച്ചത് ഡോക്യുമെൻ്ററി ശൈലിയിലുള്ള സിനിമകളിലൂടെയാണ്. 'ഫാമിലി നെസ്റ്റ്' എന്ന ചിത്രം സമകാലിക സാമൂഹിക പ്രശ്നങ്ങളോടുള്ള അടിയന്തിരമായ ഇടപെടലാണെങ്കിൽ 'അൽമാനാക് ഓഫ് ഫോൾ' എന്ന ചിത്രത്തിൽ അത്യാഗ്രഹം കാരണമുണ്ടാക്കുന്ന അധഃപതനമാണ് പ്രമേയം. പിന്നീട് കൂടുതൽ ദാർശനികമായ ആഴങ്ങളിലേക്ക് അദ്ദേഹം പ്രവേശിച്ചെങ്കിലും ആദ്യകാല സിനിമകളിലെ അസാധാരണമായ ഘടനയും നീണ്ട ഒറ്റ ടേക്കിലുള്ള ഷോട്ടുകളും തത്വചിന്താപരമായ സംഭാഷണങ്ങളും താറിൻ്റെ പിന്നീടുള്ള സൃഷ്ടികളിലേക്ക് വഴികാട്ടുന്നവയാണ് 'ബുഡാപെസ്റ്റ് സ്കൂൾ' എന്ന് വിളിക്കപ്പെടുന്നവരുടെ ഡോക്യുമെന്ററി സിനിമകളിൽ നിന്ന് താറിന്റെ സിനിമയുടെ വേരുകൾ കണ്ടെടുക്കാനാവും.
1955 ൽ ഹംഗറിയിലെ പേച്(Pecs) നഗരത്തിലാണ് ബേലാ താർ ജനിച്ചത്. അഭിനയത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടക്കുന്നത്. ഹംഗേറിയൻ നാഷണൽ ടെലിവിഷനിൽ, ടോൾസ്റ്റോയിയുടെ 'The Death of Ivan Ilych' എന്ന നോവലിനെ ആസ്പദമാക്കി ആവിഷ്കരിച്ച ഒരു ടെലി-നാടകത്തിൽ അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ചില സിനിമകളിൽ ചെറിയ റോളുകൾ കിട്ടിയെങ്കിലും അദ്ദേഹം അഭിനയ ജീവിതം തുടർന്നില്ല.
പതിനാറാം വയസ്സിൽ അച്ഛൻ നൽകിയ 8 mm കാമറ ഉപയോഗിച്ച് അദ്ദേഹം ജിപ്സികളെപ്പറ്റി ഒരു ചിത്രം സംവിധാനം ചെയ്തു. ഇത് ഹംഗറിയിലെ.കമ്യൂണിസ്റ്റ് അധികാരികളുടെ അപ്രീതിക്ക് കാരണമായി. അവർ അദ്ദേഹത്തെ ജയിലിലടച്ചു.
അക്കാലത്ത് ഒരു തത്വചിന്തകനാകാനായിരുന്നു താറിൻ്റെ ആഗ്രഹം. എന്നാൽ അദ്ദേഹം സർവകലാശാലയിൽ പ്രവേശനം നേടുന്നത് അധികാരികൾ തടഞ്ഞു. അങ്ങനെ അദ്ദേഹം സിനിമയിൽ മുഴുകി. ഇരുപത്തിരണ്ടാം വയസ്സിൽ Family Nest എന്ന ഫീച്ചർ ഫിലിം അദ്ദേഹം സംവിധാനം ചെയ്തു. തുടർന്ന് എട്ട് സിനിമകൾ കൂടി അദ്ദേഹത്തിൻ്റേതായി പുറത്തുവന്നു.
ഇവയിൽ സർവനാശത്തെ അഭിസംബോധന ചെയ്യുന്ന Damnation, Satantango , Werckmeister Harmonies എന്നീ സിനിമകളും Turin Horse എന്ന അവസാനത്തെ സിനിമയും എക്കാലത്തെയും മാസ്റ്റർ പീസുകളായി കണക്കാക്കപ്പെടുന്നു. ''പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞുകഴിഞ്ഞു. സ്വയം ആവർത്തിക്കാൻ എനിക്കു താൽപ്പര്യമില്ല.” സിനിമാ സംവിധാനത്തിൽ നിന്ന് വിരമിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഹംഗറിയിലെ സമീപകാല രാഷ്ട്രീയ കാലാവസ്ഥയും അദ്ദേഹത്തിന്റെ മനം മടുപ്പിച്ചു. അവിടം ഭരിക്കുന്ന തീവ്രവലതുപക്ഷ കക്ഷിയുടെ നേതാവിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് '' പ്രധാനമന്ത്രി വിക്തോർ ഓർബാൻ (Victor Orban ) രാജ്യത്തിനുതന്നെ നാണക്കേടാണ് " എന്നാണ്.
പോളിഷ് സിനിമാ സംവിധായകൻ സീഗാ വിയെർത്തോവ് (Dziga Vertov) രൂപം നൽകിയതും യാഥാർത്ഥത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന വസ്തുതകളെ വെളിച്ചത്തുകൊണ്ടു വരുന്നതുമായ Cinema Verite ശൈലിയാണ് ആദ്യകാല സിനിമകളിൽ താർ അവലംബിച്ചിരുന്നത്. എന്നാൽ Damnationമുതലുള്ള സിനിമകളിൽ തിന്മയുടെ ഉറവിടം കണ്ടെത്തുന്നതു പോലുള്ള അതിഭൗതിക തലത്തിലേക്ക് അദ്ദേഹം ശ്രദ്ധയൂന്നി. പ്രപഞ്ചം അടിത്തറയിളകിയ അവസ്ഥയിലാണെന്നും ദിശതെറ്റിയ ലോകത്തിൽ മനുഷ്യൻ്റെ സ്ഥാനം എവിടെയാണെന്നു കണ്ടത്തെണമെന്നും അദ്ദേഹം സിനിമയിലൂടെ കാഴ്ചക്കാരോട് പറയുന്നു.
താറിന്റെ പൈശാചികലോകത്ത് ദൈവം പോലുള്ള ഒരു കാരുണ്യശക്തിക്ക് സ്ഥാനമില്ല, മറിച്ച്, ഒരുപോലെ വിവേകശൂന്യവും പരസ്പര വിരുദ്ധവുമായ വിശ്വാസസംഹിതകൾ തമ്മിലുള്ള സംഘട്ടനമാണ് സർവനാശത്തിൻ്റെ (Apocalypse) വക്കിൽ നിൽക്കുന്ന ആ ലോകത്ത് നിലനിൽക്കുന്നത്. . ആദ്യകാല ചിത്രങ്ങളിലെ കഥാപാത്രങ്ങൾ സ്വന്തം വീട്ടിനകത്ത് സ്വയം തടവുകാരാക്കപ്പെട്ടവരാണെങ്കിൽ അവസാന ചിത്രങ്ങളിലെ മനുഷ്യർ പ്രപഞ്ചത്തിൻ്റെ തന്നെ തടവുകാരായിത്തീരുന്നു.
ഇത്തരം ഒരു ദർശനത്തിലെത്തിച്ചേരാൻ സാഹിത്യത്തിനുള്ള കഴിഞ്ഞ വർഷത്തെ നോബെൽ പുരസ്ക്കാരം ലഭിച്ച ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രസ്നഹോർക്കയിയുടെ രചനകൾ താറിനെ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ 'Satantango', 'Werckmeister Harmonies', 'The Turin Horse' എന്നീ സിനിമകൾ ക്രസ്നഹോർക്കയിയുടെ നോവലുകളെ അടിസ്ഥാനമാക്കിയുള്ളവയാണ്. Damnation എന്ന സിനിമയുടെ തിരക്കഥാരചനയിലും ക്രസ്നഹോർക്കയി പങ്കു ചേർന്നു. ക്രസ്നഹോർക്കയിയുടെ 'Satantango' എന്ന നോവലിൻ്റെ കൈയെഴുത്തു പ്രതി നിരൂപകനായ പീറ്റർ ബലാസ്സ ( Peter Balassa) താറിനെ ഏൽപ്പിക്കുന്നതോടെയാണ് അവർ തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ആ നോവൽ സിനിമയാക്കാൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ അത് കഴിഞ്ഞില്ല.
ചില ചലച്ചിത്ര പ്രവർത്തകർ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന, വളരെ സ്വതന്ത്രമായ ഒരു സ്റ്റുഡിയോ അവർക്കുണ്ടായിരുന്നു - എന്നാൽ അത് ഹംഗേറിയിലെ കമ്യൂണിസ്റ്റ് സർക്കാർ അടച്ചുപൂട്ടി. അത് 85-ൻ്റെ അവസാനമായിരുന്നു. അതിനുശേഷം ഹംഗറിയിൽ ജോലി ചെയ്യാൻ അവർക്ക് അവസരമൊന്നും ലഭിച്ചില്ല. 'Satantango'യെ അവർ ഉപേക്ഷിച്ചു.
ആ സമയത്ത് പരസ്യങ്ങൾ മാത്രം നിർമ്മിച്ചിരുന്ന ഒരു ചെറിയ സ്റ്റുഡിയോ താറിന് കണ്ടെത്താൻ കഴിഞ്ഞു.. 'Satantango' യുടെ അത്രയും ദൈർഘ്യമില്ലാത്ത ഒരു ചെറിയ സിനിമ നിർമ്മിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിനു തോന്നി. ഒരു ബാറിൽ വെച്ച് ഒരു പെൺകുട്ടിക്ക് നേരിടേണ്ടി വരുന്ന ചില മോശം അനുഭവങ്ങളെക്കുറിച്ചുള്ള മറ്റൊരു ആശയം തൻ്റെ പക്കലുണ്ടെന്നും അതുമായി സഹകരിക്കാമോ എന്നും അദ്ദേഹം ക്രസ്നഹോർക്കയിയോടു ചോദിച്ചു. ആ ആശയമാണ് പിന്നീട് Damnation എന്ന സിനിമയായത്. അതൊരു വലിയ വിജയവുമായിരുന്നു.
പിന്നീട് താർ ഹംഗറി വിട്ട് ബെർലിനിലേക്ക് പോയി, ബെർലിൻ മതിൽ തകരുകയും പുതിയ ഭരണം നിലവിൽ വരികയും ചെയ്തപ്പോൾ ചിലർ അദ്ദേഹത്തെ ഹംഗറിയിലേക്ക് തിരികെ ക്ഷണിച്ചു. പുതിയ ഹംഗേറിയൻ സർക്കാർ 'Satantango' ചെയ്യാൻ പണം തരികയാണെങ്കിൽ ഹംഗറിയിലേക്ക് മടങ്ങിവരാമെന്ന് അദ്ദേഹം നിലപാടെടുത്തു. അങ്ങനെ, പത്തു വർഷങ്ങൾക്കു ശേഷം ശേഷം അദ്ദേഹം Satantango സംവിധാനംചെയ്തു.
അപ്പോഴാണ് ക്രസ്നഹോർക്കയി തൻ്റെ രണ്ടാമത്തെ നോവലായ 'The Melancholy of Resistance' എഴുതുന്നത്. താറിന് ആ നോവൽ സിനിമയാക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രധാന കഥാപാത്രമായ വലുഷ്കയെ അവതരിപ്പിക്കാൻ പറ്റിയ ഒരു നടനെ കണ്ടു കിട്ടിയില്ല.
വർഷങ്ങൾക്ക് ശേഷം അദ്ദേഹം ബെർലിനിൽ വെച്ച് ലാർസ് റൂഡോൾഫ് എന്ന നടനെ കണ്ടുമുട്ടി. വലുഷ്കയെ അവതരിപ്പിക്കാൻ തികച്ചും അനുയോജ്യനാണ് റൂഡോൾഫ് എന്ന് താറിനു തോന്നി. അദ്ദേഹം അക്കാര്യം ക്രസ്നഹൊർക്കയിയോടു പറഞ്ഞു. അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത്. എന്നാൽ സിനിമ നോവലിൽ നിന്ന് വ്യത്യസ്തമാണ്, അതുകൊണ്ടാണ് സിനിമയ്ക്ക് അദ്ദേഹം 'Werckmeister Harmonies' എന്നാണ് പേരു നൽകിയത്
തൻ്റെ പ്രധാന സിനിമകളെല്ലാം കറുപ്പിലും വെളുപ്പിലുമാണ് താർ ചെയ്തത് അതേപ്പറ്റി അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: '’നിങ്ങൾ ഒരു കളർ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു, നിങ്ങൾ തെരുവിലേക്ക് പോകുന്നു, ശരിയായ അന്തരീക്ഷം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ആ തെരുവ് മുഴുവൻ പെയിൻ്റ് ചെയ്യണം, കാരണം ഓരോ വീടും ചുവപ്പ്, നീല, പച്ച എന്നിങ്ങനെയായിരിക്കും. എന്നാൽ നിങ്ങളുടെ കയ്യിൽ നിറങ്ങളില്ല, നിങ്ങൾക്ക് ചില നിറങ്ങളുടെ അരാജകത്വം മാത്രമേയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം, കളർ സിനിമ ഒരുതരം സ്വാഭാവികതയാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിങ്ങൾക്ക് അതിനെ കൂടുതൽ ശൈലീകരിക്കാൻ കഴിയും, സിനിമയ്ക്കും യാഥാർത്ഥ്യത്തിനും ഇടയിൽ കൂടുതൽ അകലം നിലനിർത്താനും കഴിയും.”
അങ്ങനെ ആ സിനിമാ സംവിധായകൻ കറുപ്പിലും വെളുപ്പിലും ഒരു മുഴുവൻ പൈശാചിക പ്രപഞ്ചത്തെ പകർത്തിവെച്ചു.
Novelist and Aritst Jayakrishnan reflects on the films and cinematic philosophy of Béla Tarr, one of the most influential Hungarian filmmakers.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

