

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിലും പരാജയപ്പെട്ട് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെക്കുറിച്ച് വിശദമായ അവലോകനം നടത്താൻ ബിസിസിഐ ഒരുങ്ങുന്നു. ടീമിലെ കളിക്കാരുടെയും കോച്ചിങ് സ്റ്റാഫിന്റെയും പ്രകടനങ്ങൾ ബോർഡ് വിലയിരുത്തുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ കരാർ 2027 വരെ ഉണ്ടെങ്കിലും സമീപ കാലത്തെ മോശം പ്രകടനങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ സ്ഥാനവും ഇപ്പോൾ നിരീക്ഷണത്തിലാണ്.
പുതിയ നായകൻ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നാലാം ടി20യിൽ ഒൻപത് വിക്കറ്റിന്റെ കനത്ത തോൽവിയാണ് വഴങ്ങിയത്. ഇതോടെ ഇംഗ്ലണ്ട് പരമ്പരയിൽ 3-0 ന്റെ അജയ്യ ലീഡും സ്വന്തമാക്കി. രണ്ടോ അതിലധികമോ മത്സരങ്ങളുള്ള ഒരു ടി20 പരമ്പരയിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് നേടുന്ന ആദ്യ പരമ്പര വിജയം കൂടിയാണിത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിനും, മൂന്നാം മത്സരത്തിൽ 125 റൺസിന്റെ കനത്ത മാർജിനിലുമായിരുന്നു ഇന്ത്യയുടെ തോൽവി. മൂന്നാം ടി20യിൽ 202 റൺസ് പിന്തുടർന്ന ഇന്ത്യ വെറും 76 റൺസിന് പുറത്തായി നാണംകെട്ടിരുന്നു.
തുടർച്ചയായ രണ്ടാം പരമ്പര തോൽവി
ടി20 ലോകകപ്പ് കിരീടം നിലനിർത്തിയതിന് ശേഷം ഇന്ത്യ നേരിടുന്ന തുടർച്ചയായ രണ്ടാമത്തെ ടി20 പരമ്പര തോൽവിയാണിത്. ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുൻപ് അയർലൻഡിനോട് ഇന്ത്യ 2-0 ന് പരമ്പര തോറ്റിരുന്നു. അയർലൻഡിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പരമ്പര തോൽവി കൂടിയായിരുന്നു അത്.
ശ്രദ്ധേയമായ കാര്യം പരിചയസമ്പന്നനായ സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ പുതിയ നായകനാക്കിയ ബിസിസിഐയുടെ പരീക്ഷണത്തിന് ശേഷമാണ് ഈ രണ്ട് പരമ്പര തോൽവികളും ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. 2026ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് സൂര്യകുമാർ യാദവ് ആയിരുന്നു. മാത്രമല്ല സൂര്യകുമാറിന്റെ കീഴിൽ ഇന്ത്യ ഒരു ടി20 പരമ്പരയും കൈവിട്ടിരുന്നില്ല.
ബ്രിസ്റ്റോളിൽ നടന്ന നാലാം ടി20 പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് എടുത്തത്. പുറത്താകാതെ 49 പന്തിൽ 80 റൺസ് നേടി നായകൻ ശ്രേയസ് അയ്യർ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും മറ്റ് ബാറ്റർമാരിൽ നിന്നു പിന്തുണയൊന്നും ലഭിച്ചില്ല.
മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് വെറും 13.5 ഓവറിൽ ലക്ഷ്യം കണ്ടു. സ്ഫോടനാത്മകമായ അർധ സെഞ്ച്വറികൾ നേടിയ ക്യാപ്റ്റൻ ഹാരി ബ്രൂക്കും (35 പന്തിൽ 79), ഫിൽ സാൾട്ടും (42 പന്തിൽ 59) ചേർന്നാണ് ഇംഗ്ലണ്ടിന് തകർപ്പൻ വിജയം സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറും ജോഷ് ടോംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശനിയാഴ്ച നടക്കുന്ന അവസാന ടി20-യിൽ ആശ്വാസ വിജയം തേടിയാകും ഇന്ത്യ ഇറങ്ങുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates