മെൽബൺ: അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്ന് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സനത് ജയസൂര്യയ്ക്ക് ഐസിസിയുടെ വിലക്ക്. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും താരം ഇടപെടരുതെന്നാണ് കർശന നിർദ്ദേശം നൽകിയിട്ടുള്ളത്.
ശ്രീലങ്കൻ ദേശീയ ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരിക്കവേ ജയസൂര്യയ്ക്കെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു. ആരോപണത്തെ കുറിച്ചുള്ള അന്വേഷണത്തോട് ജയസൂര്യയുടെ ഭാഗത്ത് നിന്നും യാതൊരു വിധത്തിലുള്ള സഹകരണവും ഉണ്ടായില്ലെന്ന് വിലക്കേർപ്പെടുത്തിയുള്ള കുറിപ്പിൽ ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. സിം കാർഡ് പരിശോധനയ്ക്ക് നൽകിയില്ല, അന്വേഷണത്തിന് തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങളും ഐസിസി ചുമത്തിയിട്ടുണ്ട്.
സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും ദൃശ്യങ്ങളും ഫോണിലും സിംകാർഡിലുമായി ഉണ്ടായിരുന്നതിനെ തുടർന്നാണ് ഇത് നൽകാതിരുന്നത് എന്നായിരുന്നു താരം ഐസിസിക്ക് വിശദീകരണം നൽകിയത്. കളിക്കളത്തിലും കളിയിലും താൻ ഒരിക്കലും കൃത്രിമം കാണിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കിയെങ്കിലും ഐസിസി തൃപ്തരായില്ല.
2017 ജൂലൈയിൽ സിംബാബ് വെയ്ക്കെതിരെ നടന്ന മത്സരത്തിന്റെ ടീമിനെ തിരഞ്ഞെടുത്തതിലാണ് ജയസൂര്യ ക്രമക്കേട് നടത്തിയതെന്നായിരുന്നു ആരോപണം. അഴിമതി ആരോപണത്തെ തുടർന്ന് വിലക്ക് നേരിടുന്ന രണ്ടാമത്തെ ശ്രീലങ്കൻ താരമാണ് ജയസൂര്യ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates