ശ്രീശാന്തിന് മുന്നില്‍ ഇനിയുള്ള കടമ്പകള്‍ ഇങ്ങനെ; നിര്‍ണായക തീരുമാനം ഓംബുഡ്‌സ്മാന്റേത്
മാര്‍ച്ച് 18. സുപ്രീംകോടി ആജിവനാന്ത വിലക്ക് മാറ്റിയതിന് പിന്നാലെ എസ്.ശ്രീശാന്തിന് നിര്‍ണായകമാകുന്ന ദിവസങ്ങളിലൊന്നാണ് അത്. സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി മാര്‍ച്ച് 18ന് യോഗം ചേരുമ്പോള്‍ ശ്രീശാന്തിന്റെ വിഷയം പരിഗണനയ്ക്ക് വന്നേക്കും. വിഷയം ചര്‍ച്ച ചെയ്യുമെന്ന് സിഒഎ തലവന്‍ വിനോദ് റായി വ്യക്തമാക്കി കഴിഞ്ഞു.
എന്നാല്‍ ബിസിസിഐയുടെ പുതിയ ഭരണഘടന അനുസരിച്ച് സിഒഎയ്ക്ക് ശ്രീശാന്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുവാനാവില്ല. ഓംബുഡ്‌സ്മാന്റെ പക്കലേക്കാവും ശ്രീശാന്തിന്റെ വിഷയവും എത്തുക. മുന്നിലുള്ള വസ്തുതകളെല്ലാം ഓംബുഡ്‌സ്മാന്റെ പരിശോധനയ്ക്ക് വരും. ശ്രീശാന്തിന് മേലുള്ള വിലക്ക് ഓംബുഡ്‌സ്മാന്‍ നീക്കിയാല്‍ മാത്രമാണ് ശ്രീശാന്തിന് കളിയിലേക്ക് മടങ്ങി വരുവാന്‍ സാധിക്കുക.90 ദിവസത്തെ സമയമാണ് ശ്രീശാന്തിന്റെ വിലക്ക് സംബന്ധിച്ച തീരുമാനം എടുക്കുവാന്‍ ബിസിസിഐയ്ക്ക് സുപ്രീംകോടതി നല്‍കിയത്. വിരമിച്ച ജസ്റ്റിസ് ഡി.കെ.ജെയിനാണ് ഓംബുഡ്‌സ്മാന്‍.
കോഴക്കളിയെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് രഞ്ജി ട്രോഫിയിലേക്ക് കളിക്കുവാന്‍ അജയ് ജഡേജ എത്തിയതിന് സമാനമായ രീതിയില്‍ ശ്രീശാന്തിനും വരാം. ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും ശ്രീശാന്തിന് കളിക്കുവാനാവും. സാങ്കേതികമായി കാര്യങ്ങള്‍ ഇങ്ങനെയാണ് എങ്കിലും ഐപിഎല്ലിലേക്കും, ഇന്ത്യന്‍ ടീമിലേക്കും ശ്രീശാന്ത് മടങ്ങി എത്തുവാനുള്ള സാധ്യതകള്‍ വിരളമാണ്.
ഓംബുഡ്‌സ്മാനില്‍ നിന്നും അനുകൂല തീരുമാനം വന്നു കഴിഞ്ഞാല്‍ ബിസിസിഐയുടെ കമന്റേറ്റര്‍ പാനലിലും, ബിസിസിഐയുടെ അഡ്മിനിസ്‌ട്രേറ്റര്‍ വിഭാഗത്തിലും, പരിശീലക റോളിലേക്കുമെല്ലാം ശ്രീശാന്തിന് കടന്നു വരാം. നിയമ യുദ്ധത്തില്‍ ശ്രീശാന്തിന് ആശ്വസിക്കാന്‍ വക ലഭിച്ചുവെങ്കിലും ഇനിയും ഒട്ടേറെ കടമ്പകള്‍ ശ്രീശാന്തിന് മുന്നില്‍ കടക്കുവാനായുണ്ട്.
തന്നെ കുറ്റവിമുക്തനാക്കിയതിനാല്‍ ശിക്ഷിക്കുവാന്‍ സാധിക്കില്ലെന്ന ശ്രീശാന്തിന്റെ വാദം കോടതി തള്ളിയിരുന്നു. ശ്രീശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബിസിസിഐ നിലപാട് ശരിവെച്ചാണ് സുപ്രീംകോടതിയുടെ വിധി. ഒത്തുകളി ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരെ കര്‍ശന നിലപാട് ബിസിസിഐ സ്വീകരിക്കുന്ന സാഹചര്യത്തില്‍ ശ്രീശാന്തിനോട് ബിസിസിഐ എന്ത് തരത്തിലുള്ള നിലപാടാവും സ്വീകരിക്കുക എന്നാണ് കണ്ടറിയേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
