ബോളിവുഡിന്റെ അമര്‍; വില്ലനില്‍ നിന്ന് വിജയം കൊയ്ത് നായകനായി

അമിതാഭ് ബച്ചന്‍ വളരുമ്പോഴും ഒരു നല്ല അഭിനേതാവാണ് താനെന്ന് തെളിയിക്കുന്നതിനുള്ള കഠിനാധ്വാനമായിരുന്നു വിനോദ് ഖന്നയുടെ വിജയങ്ങള്‍ക്ക് പിന്നില്‍
ബോളിവുഡിന്റെ അമര്‍; വില്ലനില്‍ നിന്ന് വിജയം കൊയ്ത് നായകനായി

വില്ലനായി തുടങ്ങി ആരാധകരുടെ മനംകവര്‍ന്ന് ഹീറോ ആയിട്ടായിരുന്നു വിനോദ് ഖന്നയുടെ വളര്‍ച്ച. 1968ല്‍ മന്‍ കാ മീറ്റ് എന്ന സിനിമയില്‍ വില്ലനായെത്തിയ ഖന്ന പിന്നീട് സഹനടനായും നായകനായും ബോളിവുഡില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചു. മന്‍ കാ മീറ്റ് പുറത്തിറങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും ഖന്നയ്ക്ക് വേണ്ടി സംവിധായകരും നിര്‍മാതാക്കളും പാഞ്ഞെത്തി.

അമിതാഭ് ബച്ചനും ഖന്നയും ഒരുമിച്ചെത്തിയപ്പോഴെല്ലാം ആരാധകരത് ആവേശമാക്കി. ഇവര്‍ ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം നിരൂപക പ്രശംസ നേടിയതിനൊപ്പം തീയറ്ററുകളിലും നിറഞ്ഞോടി. അമിതാഭ് ബച്ചനും, രാജേഷ് ഖന്നയും, ജിതേന്ദ്രയും നിറഞ്ഞുനില്‍ക്കുമ്പോഴും ബോളിലുഡില്‍ വിനോദ് ഖന്നയ്ക്ക് തന്റേതായ ഇടം കണ്ടെത്താനായി. അമിതാഭ് ബച്ചന്‍ വളരുമ്പോഴും ഒരു നല്ല അഭിനേതാവാണ് താനെന്ന് തെളിയിക്കുന്നതിനുള്ള കഠിനാധ്വാനമായിരുന്നു വിനോദ് ഖന്നയുടെ വിജയങ്ങള്‍ക്ക് പിന്നിലെന്ന് സംവിധായകന്‍ മഹേഷ് ഭട്ടും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
 1968 മുതല്‍ 2013 വരെയുള്ള തന്റെ സിനിമകളിലൂടെ പകരം വയ്ക്കാനില്ലാത്ത അഭിനയ മുഹുര്‍ത്തങ്ങളാണ് വിനോദ് ഖന്ന പ്രക്ഷകര്‍ക്ക് സമ്മാനിച്ചത്. 

ബോളിവുഡിലെ വിജയങ്ങള്‍ കൊയ്ത താരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള വിനോദ ഖന്ന 146 സിനിമകളിലാണ് വേഷമിട്ടത്. മേരെ അപ്‌നേയിലെ യുവതാരത്തിലൂടെ ഖന്നയിലെ അഭിനയ തീവ്രത പ്രക്ഷകരിലേക്കെത്തി. അഭിനേതാവെന്ന നിലയില്‍ വിനോദ് ഖന്നയ്ക്ക് നിരൂപക പ്രശംസയും, ആരാധകപ്രീതിയും നേടിക്കൊടുത്ത കഥാപാത്രമായിരുന്നു അചാനകിലെ മിലിറ്ററി ഉദ്യോഗസ്ഥന്റേത്. 

നിറയെ വിജയങ്ങളുമായി നിറഞ്ഞുനില്‍ക്കുമ്പോഴായിരുന്നു ബോളിവുഡ് വിട്ട് നില്‍ക്കാനുള്ള ഖന്നയുടെ അപ്രതീക്ഷിത തീരുമാനം. തന്റെ ഗുരു ഓഷോ റജ്‌നീഷിനെ പിന്തുടര്‍ന്ന് പോയപ്പോഴും ഖന്നയുടെ തിരിച്ചുവരവിനായി ബോളിവുഡ് കാത്തിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് വീണ്ടും മടങ്ങിയെത്തിയപ്പോഴേക്കും കയ്യില്‍ വീണ്ടും വിജയങ്ങള്‍ മാത്രം. ഷാരൂഖിന്റെ ദീവാലേയിലായിരുന്നു ഖന്ന അവസാനമായി പ്രക്ഷകര്‍ക്ക് മുന്നിലെത്തിയത്. 

80കളിലെ വിനോദ് ഖന്നയുടെ സിന്തോളിന്റെ പരസ്യം പലര്‍ക്കും ഇന്ന് നോസ്റ്റ്ള്‍ജി ഉണര്‍ത്തുന്ന ഓര്‍മയാണ്.
 

സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും ഖന്ന തന്റെ വിജയമുദ്ര പതിപ്പിച്ചു. 1997ല്‍ വിനോദ് ഖന്ന ബിജെപിയില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തിന് ശേഷം പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചു. നാല് തവണ ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഖന്നയ്ക്ക് ഒരിക്കല്‍ മാത്രമാണ് കാലിടറിയത്. 2009ല്‍ ഇവിടെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഖന്ന 2014ല്‍ സീറ്റ് തിരികെപിടിച്ചു.
2002 ഖന്ന കേന്ദ്ര സഹമന്ത്രിയായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com