'ആ സമയത്ത് ഞാനും മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്':  ആര്‍ത്തവകാലത്തെ വിലക്കുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് സോനം കപൂര്‍

സ്വന്തം വീട്ടില്‍ നിന്നുണ്ടായിട്ടുള്ള മാറ്റി നിര്‍ത്തലുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം
'ആ സമയത്ത് ഞാനും മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്':  ആര്‍ത്തവകാലത്തെ വിലക്കുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് സോനം കപൂര്‍

ന്യൂഡല്‍ഹി: ആര്‍ത്തവത്തിന്റെ പേരില്‍ നേരിട്ടിട്ടുള്ള അവഗണനയെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം സോനം കപൂര്‍. ആര്‍ത്തവ സമയത്ത് സ്ത്രീള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതും ഭ്രഷ്ട് കല്‍പ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. സ്വന്തം വീട്ടില്‍ നിന്നുണ്ടായിട്ടുള്ള മാറ്റി നിര്‍ത്തലുകളെക്കുറിച്ചാണ് സോനം കപൂര്‍ പറഞ്ഞത്. 

ആര്‍ത്തവ സമയത്ത് പല സ്ഥലങ്ങളില്‍ നിന്നും സ്ത്രീകള്‍ നീക്കിനിര്‍ത്തപ്പെടാറുണ്ട്. അടുക്കളയിലും അമ്പലത്തിലും അച്ചാറിന്റെ അടുത്തേക്കുമൊന്നും പോകരുതെന്ന് ഞങ്ങളുടെ അമ്മാമ്മ പറയുമായിരുന്നു. നഗരത്തില്‍ ജീവിച്ചിരുന്ന ഞങ്ങള്‍ വരെ ഇത്തരം നിയന്ത്രണങ്ങള്‍ നേരിട്ടിട്ടുണ്ട് അപ്പോള്‍ ചെറിയ ഗ്രാമങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കേണ്ടതാണെന്ന് സോനം കപൂര്‍ പറഞ്ഞു. 

ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അക്ഷയ് കുമാര്‍ ചിത്രം 'പാഡ്മാനി'ലാണ് സോനം അഭിനയിക്കുന്നത്. കുറഞ്ഞ ചിലവില്‍ സാനിറ്ററി നാപ്കിന്‍ ഉണ്ടാക്കാവുന്ന മെഷീന്‍ കണ്ടെത്തിയ എ. മുരുകുനന്ദത്തിന്റെ കഥയാണ് ഇതില്‍ പറയുന്നത്. എന്നാല്‍ ഇത്തരം ചിത്രങ്ങളുടെ മൂല്യം എല്ലാവര്‍ക്കും മനസിലാവില്ലെന്നും വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് സോനം പറഞ്ഞു. 

ആര്‍ത്തവ ശുചിത്വം എന്നത് വലിയ പ്രശ്‌നമാണെന്നും എന്നാല്‍ സിനിമയ്ക്ക് പറ്റിയ നല്ലൊരു വിഷയമാണിതെന്ന് കൂടുതല്‍ പേരും ചിന്തിക്കുന്നില്ലെന്നും ബോളിവുഡ് സുന്ദരി പറഞ്ഞു. ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നേരിട്ട അവഗണന ഞെട്ടിപ്പിക്കുന്നതായിരുന്നെന്നും അവര്‍ വ്യക്തമാക്കി. അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന എഴുതി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍. ബാല്‍കിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com