ഫഹദ് ഫാസില്‍ നിങ്ങളൊരു പഠിച്ച കള്ളനാണ്! തൊണ്ടിമുതലിന് ദൃക്‌സാക്ഷിയായപ്പോള്‍ തോന്നിയത്!!

ദിലീഷ് പോത്തന്‍, രാജീവ് രവി, കിരണ്‍ദാസ്, ശ്യാംപുഷ്‌കരന്‍, സജീവ് പാഴൂര്‍ തുടങ്ങിയവര്‍ കള്ളനു കഞ്ഞി വെച്ചുകൊടുത്തവരോ?
ഫഹദ് ഫാസില്‍ നിങ്ങളൊരു പഠിച്ച കള്ളനാണ്! തൊണ്ടിമുതലിന് ദൃക്‌സാക്ഷിയായപ്പോള്‍ തോന്നിയത്!!

''വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ, വെറും കള്ളനെന്നു വിളിച്ചില്ലേ?''
പേരറിയാത്തവന്‍ സുരാജ് വെഞ്ഞാറമ്മൂടിന് ദേശീയ അവാര്‍ഡ് വാങ്ങിക്കൊടുത്ത സിനിമയാണ്. എന്നാല്‍ സുരാജ് അഭിനയിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ പേരറിയാത്തവന്‍ ഫഹദാണ്. പ്രസാദ് എന്ന സുരാജ് കഥാപാത്രത്തിന്റെ പേരില്‍നിന്നും താല്‍ക്കാലികമായി ആ പേര് എടുത്ത ഫഹദ് കഥാപാത്രം യഥാര്‍ത്ഥത്തില്‍ പേരറിയാത്തവനാണ്. അവനെ വേണമെങ്കില്‍ ഫഹദെന്നും വിളിക്കാം. അങ്ങനെയെങ്കില്‍ ഫഹദ് എന്ന കള്ളന്‍ വെറുമൊരു മോഷ്ടാവല്ല; പഠിച്ച കള്ളനാണ്! അങ്ങനെയെങ്കില്‍ സംവിധായകന്‍ ദിലീഷ് പോത്തന്‍, ക്യാമറാമാന്‍ രാജീവ് രവി, എഡിറ്റര്‍ കിരണ്‍ദാസ്, ക്രിയേറ്റീവ് ഡയറക്ടര്‍ ശ്യാംപുഷ്‌കരന്‍, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ തുടങ്ങിയവര്‍ കള്ളനു കഞ്ഞി വെച്ചുകൊടുത്തവരോ, കള്ളനെ കട്ട പെരുംകള്ളന്മാരോ ആണ്.


സൂക്ഷ്മമായും വിശാലമായും എല്ലാം ഫഹദ് ഒരു ഒന്നൊന്നരക്കള്ളനാണ്. ആദ്യ പകുതിയില്‍ വെളിപ്പെടുത്താതെ ഫഹദ് എന്ന കള്ളന്‍ പിടിച്ചുനിന്നപ്പോള്‍ ശ്രീജ(നിമിഷ സജയന്‍)യും പ്രസാദും(സുരാജ് വെഞ്ഞാറമൂട്) അഭിനയിച്ച എല്ലാ പോലീസുകാരും അമ്പരപ്പിച്ചുകൊണ്ട് മുന്നിലേക്ക് കയറിനിന്നു. ഇടവേള കഴിഞ്ഞുവരുന്നതോടെ ഫഹദ് എന്ന കള്ളന്‍ എല്ലാ അര്‍ത്ഥത്തിലും തീയേറ്ററൊന്നാകെ കവര്‍ന്നെടുക്കും. പ്രസാദിന്റെ ഭാര്യയും ഫഹദ് പ്രതിയായ കേസിലെ വാദിയുമായ ശ്രീജയെപ്പോലും അവന്‍ മോഷ്ടിച്ചുവോ എന്ന് സംശയം തോന്നിപ്പോകും.


ഫഹദ് എന്ന നടന്‍ കാണിച്ച അഭിനയം വിസ്മയിപ്പിച്ചതുപോലെ ഓരോ കഥാപാത്രങ്ങളും അണിയറപ്രവര്‍ത്തകരും അമ്പരപ്പിച്ചിട്ടുണ്ട്. സൂക്ഷ്മതയും ഗൃഹപാഠവുമാണ് ദിലീഷ് പോത്തന്റെ രണ്ടു ചിത്രങ്ങളെയും മികച്ചതാക്കിയത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ഇടുക്കി എന്ന സ്ഥലംപോലും കഥാപാത്രമായിത്തീരുന്നതിനും കഥാപാത്രങ്ങളെല്ലാം നമുക്കൊപ്പം ജീവിച്ചിരുന്നവരായി തോന്നിപ്പിക്കുന്നതിനും ഈ ഗൃഹപാഠം വളരെയേറെ ഉപകാരപ്പെട്ടിരുന്നു. ഈ ചിത്രത്തിലും ഗൃഹപാഠം കാണാവുന്നതാണ്. കാസറഗോട്ടെ ഷേണി എന്ന സ്ഥലം കഥാപാത്രമായിത്തന്നെ ഈ സിനിമയിലുമുണ്ട്. അഭിനയിച്ചവരില്‍ ഏറെയും പോലീസുകാരായിരുന്നു എന്നത് ഓരോ അഭിനേതാക്കളും ജീവിക്കുകയായിരുന്നു എന്ന് പറയിപ്പിച്ചു.
ക്യാമറയാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട സംഗതി. പ്രേക്ഷകനും അഭിനേതാക്കള്‍ക്കുമിടയില്‍ ക്യാമറയുണ്ടായിരുന്നോ എന്ന സംശയം പലരും ചോദിച്ചതായി കണ്ടു. അതുതന്നെയാണ് രാജീവ് രവി എന്ന ക്യാമറാമാന്‍ ഡയറക്ടറുടെ കഴിവ്. അന്നയും റസൂലും എന്ന ചിത്രത്തിലും കമ്മട്ടിപ്പാടത്തിലും ക്യാമറ പ്രേക്ഷകനായത് കണ്ടതാണ്. ക്യാമറയ്‌ക്കൊപ്പം നിന്നത് എഡിറ്റിംഗാണ്. രണ്ട് ഷോട്ട് യോജിപ്പിക്കുന്ന ഒരൊറ്റ സീന്‍ മാത്രം മതി എഡിറ്ററും ക്യാമറമാനും തമ്മിലുള്ള രസതന്ത്രം വെളിപ്പെടുത്താന്‍. രാത്രി പന്ത്രണ്ടുമണിയോടെ സ്‌റ്റേഷനു സമീപമുള്ള അമ്പലത്തില്‍ ഒരു കതിന പൊട്ടുകയാണ്. ആ കതിനയുടെ വെളിച്ചത്തില്‍ കണ്ണുകള്‍ മഞ്ഞളിച്ച പ്രേക്ഷകനെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രഭാതത്തിലേക്കാണ് സീന്‍ മാറുന്നത്. അവിടെയൊരു കട്ട് ഉണ്ടെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടുകയേയുള്ളു. എഡിറ്റിംഗിന്റെ മാന്ത്രികത അതാണ്.
ഹിച്ച്‌കോക്കിന്റെ റോപ്പ് എന്ന ചിത്രം ഒറ്റഷോട്ടില്‍ ചെയ്തതാണ് എന്ന പ്രത്യേകതയോടെയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. പക്ഷെ, വര്‍ഷങ്ങള്‍ക്കുശേഷം ഹിച്ചകോക്ക് വെളിപ്പെടുത്തുകയുണ്ടായി; അത് ഒരൊറ്റ ഷോട്ടല്ല, ഇടയില്‍ ഒരു കട്ടുണ്ടായിരുന്നു എന്ന്. അതുവരെ ആര്‍ക്കും അറിയാത്ത ആ കട്ട് ഹിച്ച്‌കോക്ക് വിശദീകരിച്ചു. ഒരു പെട്ടി അടച്ച് തുറക്കുന്നതിനിടയില്‍ വരുന്ന ഇരുട്ടിലാണ് ക്യാമറ കട്ട് ചെയ്തതും തുടര്‍ന്ന് അതേ പൊസിഷനില്‍വച്ച് രണ്ടാമത്തെ ഷോട്ടെടുത്തതും. പ്രേക്ഷകന്റെ കണ്ണുകളെ വിഷ്വലില്‍ വഞ്ചിക്കുന്ന(ചീറ്റ് ചെയ്‌തെടുക്കാം എന്ന വാക്കാണ് ഇവിടെ കറക്ട്. അതില്‍ വഞ്ചനയുടെ അത്രയും വലിയ വഞ്ചന ചീറ്റ് എന്നു പറയുമ്പോള്‍ ഇല്ലല്ലോ!) അതേ തന്ത്രമാണ് ഈ സീന്‍ എഡിറ്റിംഗിലും ചെയ്തത്.


കഥയെഴുതിയ സജീവ് പാഴൂരും സംഭാഷണത്തില്‍ പങ്കാളിയായ ശ്യാം പുഷ്‌കറും എഴുതിയതിനപ്പുറത്തേക്ക് ഒന്നും വേണ്ടിവന്നിട്ടുണ്ടാവില്ല എന്ന് ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ തോന്നും. അലന്‍സിയര്‍ എന്ന നടനെ അടയാളപ്പെടുത്തുന്ന ചിത്രംകൂടിയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഇതുവരെ സിനിമയില്‍ അഭിനയിക്കാത്ത യഥാര്‍ത്ഥ പോലീസുകാരാണ് ഈ സിനിമയില്‍ പോലീസുകാരായി വേഷമിട്ടത്. അവര്‍ക്കൊപ്പം അലന്‍സിയര്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചു. അലന്‍സിയര്‍ പോലീസുകാരനല്ലെന്ന് ആര്‍ക്കാണ് തോന്നുക?


സുരാജ് വെഞ്ഞാറമ്മൂട് പതിവു തമാശകഥാപാത്രങ്ങളില്‍നിന്നും ഒരു മാറ്റത്തിനായി കൊതിച്ചിട്ടുണ്ടായിരുന്നെങ്കില്‍ അത് ആത്മാര്‍ത്ഥമായിരുന്നു എന്നുറപ്പിക്കാം. നിങ്ങളെത്തേടി ഉശിരന്‍ കഥാപാത്രങ്ങള്‍ വരും സുരാജ്. നിമിഷ സജയന്‍ പുതുമുഖക്കാരിയാണെങ്കിലും സിനിമയില്‍ അങ്ങനെ തോന്നിയതേയില്ല. നിമിഷയ്ക്ക് ശബ്ദം നല്‍കിയ ശ്രിന്ധ എന്ന നടിയുടെ ശബ്ദം നിമിഷയുടെ കഥാപാത്രത്തെ ഏറെ സഹായിച്ചിട്ടുണ്ട്.


സംഗീതവും പശ്ചാത്തലസംഗീതവും ബിജിബാലാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കുറച്ചുകൂടി വ്യത്യസ്തത വരുത്തിയിരുന്നെങ്കില്‍ പശ്ചാത്തലസംഗീതംകൊണ്ട് വലിയ ഫിലിംഫെസ്റ്റിവലിലേക്കുകൂടി പരിഗണിക്കപ്പെടുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ചില സമയത്തൊക്കെ കൊറിയന്‍ ചിത്രത്തിന്റെ അംശം തൊണ്ടിമുതലില്‍ കടന്നുകൂടിയിട്ടുണ്ട്. അത് ഒരു ഫോട്ടോകോപ്പിയായിരുന്നില്ലെന്ന് ആശ്വാസത്തോടെ പറയാം; ഫഹദും സുരാജും തമ്മിലുള്ള ചെയ്‌സിംഗും സംഘട്ടനവുമാണ് കൊറിയന്‍ചിത്രത്തെ കുറച്ചെങ്കിലും ഓര്‍മ്മിപ്പിച്ചത്.


തൊണ്ടിമുതല്‍ പൂര്‍ണ്ണമായും ദൃക്‌സാക്ഷികളായ പ്രേക്ഷകരുടെ കൈകളിലേക്കെത്തിയ സ്ഥിതിക്ക് ചില ചോദ്യങ്ങള്‍: ദിലീഷ് പോത്തന്‍, ശ്യാംപുഷ്‌കര്‍ സംഘമേ, ആ ഫഹദ് എന്ന കള്ളന്‍ യഥാര്‍ത്ഥത്തില്‍ ചാവക്കാട്ടെ ഏതോ വിശപ്പറിഞ്ഞ ഫഹദല്ലേ?, മംഗലാപുരത്ത് ജോലി ചെയ്തു എന്നതും പൊറോട്ട അടിച്ചു എന്നതും മാത്രമല്ലേ അയാള്‍ പറഞ്ഞ സത്യങ്ങള്‍?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com