സലില്‍ ചൗധരിയുടെ ഭാര്യയാണെന്നതുകൊണ്ടുമാത്രം മഹാഗായികയാകാതെപോയ ഗായികയാണ് സബിത ചൗധരി; ശ്രീകുമാരന്‍ തമ്പി അനുസ്മരിക്കുന്നു

പടലപ്പിണക്കങ്ങള്‍ക്കും അസൂയകള്‍ക്കും ഒട്ടും പഞ്ഞമില്ലാത്ത വെറും നാട്യങ്ങളാണ് സിനിമ
ശ്രീകുമാരന്‍ തമ്പി, യേശുദാസ്, സലില്‍ ചൗധരി എന്നിവര്‍ ഏതോ ഒരു സ്വപ്‌നം എന്ന ചിത്രത്തിന്റെ റെക്കോഡിംഗ് വേളയില്‍
ശ്രീകുമാരന്‍ തമ്പി, യേശുദാസ്, സലില്‍ ചൗധരി എന്നിവര്‍ ഏതോ ഒരു സ്വപ്‌നം എന്ന ചിത്രത്തിന്റെ റെക്കോഡിംഗ് വേളയില്‍

കൊച്ചി: സലില്‍ ചൗധരിയുടെ ഭാര്യയും പ്രശസ്ത ഗായികയുമായ സബിത ചൗധരിയുടെ ഓര്‍മ്മകള്‍ ശ്രീകുമാരന്‍ തമ്പി 'സമകാലിക മലയാള'ത്തോട് പങ്കുവയ്ക്കുന്നു:
ശബ്ദം കൊണ്ടും ശാരീരംകൊണ്ടും വിസ്മയിപ്പിക്കുന്ന മഹാഗായികയാണ് ഇന്നലെ വിട പറഞ്ഞ സബിത ചൗധരി. മികച്ച ഗായിക എന്ന സ്വതന്ത്ര്യസ്ഥാനം ഭര്‍ത്താവും സംഗീത സംവിധായകനുമായ സലില്‍ദാ ഗാനത്തിലും ജീവിതത്തിലും നല്‍കിയിട്ടുണ്ട്. ഒരുപക്ഷെ അതുതന്നെയാണ് ഒരു മഹാഗായികയുടെ പട്ടം ലഭിക്കാതെ സബിത ചൗധരി ഇവിടം വിട്ടൊഴിയുന്നതും.
സലില്‍ദാ ഒരു പുരുഷമേധാവിത്വം പുലര്‍ത്തുന്ന വ്യക്തിയായതുകൊണ്ടല്ല സബിത ചൗധരി ഒതുങ്ങിപ്പോയത്. അനുകരിക്കാനാവാത്ത സംഗീതസ്പര്‍ശമുള്ള സലില്‍ദായുടെ ഭാര്യ എന്ന ഒരു കാരണത്താലാണ് സബിതദീദിയെ പലരും വിളിക്കാതിരുന്നത്.

സിനിമ പുറമെനിന്ന് നോക്കുന്നവര്‍ക്ക് വിസ്മയിപ്പിക്കും. പടലപ്പിണക്കങ്ങള്‍ക്കും അസൂയകള്‍ക്കും ഒട്ടും പഞ്ഞമില്ലാത്ത വെറും നാട്യങ്ങളാണ് സിനിമ എന്നത് അതിനുള്ളില്‍ ചെല്ലുമ്പോള്‍ മനസ്സിലാകും. സംഗീതസംവിധാനത്തില്‍ മാസ്റ്ററായ സലില്‍ ചൗധരിയുടെ ഭാര്യയെ തങ്ങള്‍ പാടിപ്പിക്കില്ല എന്ന് അസൂയകൊണ്ടുമാത്രം പലരും തീരുമാനിച്ചിരുന്നു. ഉള്ളിലെ സംഗീതത്തെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ സബിതദീദി ഒരു മഹാഗായികയായിത്തന്നെ അറിയപ്പെടുമായിരുന്നു. അങ്ങനെ ജനം വിളിച്ചില്ല എന്ന കാരണത്താല്‍ മാറ്റിനിര്‍ത്തേണ്ടതല്ല എന്നതുകൊണ്ടുകൂടിയാണ് ഞാന്‍ സബിതദീദിയെ മഹാഗായിക എന്നുതന്നെ വിശേഷിപ്പിക്കുന്നത്.

സലില്‍ദായുടെ ഭാര്യയായി എത്തി സംഗീതലോകത്തേക്ക് എത്തിയതായിരുന്നില്ല സബിത. ഗായികയായി എത്തിയ സബിതയില്‍ പ്രണയംതോന്നിയാണ് സലില്‍ദാ സബിതയെ വിവാഹം ചെയ്യുന്നത്. നേരത്തെ സലില്‍ദാ ജ്യോതി ചൗധരിയെ വിവാഹം ചെയ്യുകയും അതില്‍ കുട്ടികളുമുണ്ടായിരുന്നു.
ഭാര്യയായി മാറിയ സബിതയെക്കൊണ്ടുമാത്രമേ പാടിക്കുകയുള്ളൂ എന്ന് ഒരിക്കലും സലില്‍ദാ വാശിപിടിച്ചിരുന്നില്ല. വിവാഹശേഷവും ലതാ മങ്കേഷ്‌കര്‍ പാടേണ്ടുന്ന പാട്ടാണിതെന്ന് തിരിച്ചറിയുകയാണെങ്കില്‍ അത് ആ മട്ടില്‍ത്തന്നെ നടത്തിയെടുക്കുകയും ചെയ്തിരുന്നു.
എന്റെ അനുഭവമാണത്. എന്റെ ' ഏതോ ഒരു സ്വപ്നം' എന്ന ചിത്രത്തില്‍ ' ഒരു മുഖം മാത്രം കണ്ണില്‍...' എന്ന ഗാനം സബിതദീദി പാടിയിട്ടുണ്ട്. ആ സിനിമയുടെ നിര്‍മ്മാതാവായ എന്റെ ചിലവ് ചുരുക്കാനായി സലില്‍ദാ റെക്കോഡിംഗ് ബോംബയില്‍ വച്ചാണ് നടത്തിയത്. കമ്പോസിംഗ് പെദ്ദര്‍ റോഡിലുള്ള അദ്ദേഹത്തിന്റെ ഫഌറ്റിലും.
രാവിലെ എട്ടു മണിക്ക് സലില്‍ദാ വന്ന് ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് എന്നെ സ്വന്തം കാറില്‍ ഫഌറ്റിലേക്കു കൂട്ടിക്കൊണ്ടുപോകും. മൂന്നു നേരവും ഭക്ഷണം തരുന്നത് ശ്രീമതി സബിതാ ചൗധരി. അവര്‍ തന്നെ പാചകം ചെയ്ത ഭക്ഷണം... സ്വന്തം സഹോദരനോടെന്ന പോലെ ആ മഹാഗായിക എന്നോട് പെരുമാറി. രണ്ടു ദിവസം കൊണ്ട് ഞങ്ങള്‍ ചിത്രത്തിലെ അഞ്ചു പാട്ടുകളും തീര്‍ത്തു. മൂന്നാം ദിവസം യേശുദാസ് വന്ന് അഞ്ചു പാട്ടുകളും പഠിച്ചു. 'ഒരു മുഖംമാത്രം കണ്ണില്‍...' ഫീമെയില്‍ വേര്‍ഷന്‍ സബിതയെക്കൊണ്ട് പാടിക്കണമെന്ന് ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് സലില്‍ദാ സമ്മതിച്ചതുതന്നെ. വിളമ്പിത്തന്ന കൈകളോടുള്ള നന്ദിയായിരുന്നില്ല അത്; ആ ശബ്ദത്തോടുള്ള ആരാധനകൊണ്ടുതന്നെയായിരുന്നു.
സലില്‍ദായും സബിതാ ദീദിയും ഹൃദയംകൊണ്ടാണ് സംസാരിച്ചിരുന്നത്. അവരുടെ സംഗീതം ഹൃദയങ്ങളില്‍നിന്നും ഹൃദയങ്ങളിലേക്കുള്ള കൈമാറ്റമാകുന്നതും അതുകൊണ്ടാണ്. ഞാനെന്റെ പടത്തിന് മ്യൂസിക് ചെയ്യാന്‍ വിളിച്ച് റേറ്റെത്രയാന്ന് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്: 'ചേട്ടന്‍ അനിയന്റെ പടത്തിനുവേണ്ടി ചെയ്യുമ്പോള്‍ റേറ്റെങ്ങനാ പറയുന്നത്' എന്നായിരുന്നു.
മാധവിക്കുട്ടിയുടെ തിരക്കഥയില്‍ ഞാന്‍ ചെയ്യാനിരുന്ന അവളും നഗരവും എന്ന ചിത്രത്തില്‍ സലില്‍ദായെക്കൊണ്ടുതന്നെ ചെയ്യിക്കാനായി ഞാന്‍ ബോംബെയിലെത്തി. സലില്‍ദായ്ക്കും സബ്ജക്ട് വളരെയേറെ ഇഷ്ടപ്പെട്ടു. അന്ന് ആദ്യമായി കുറച്ചുപണം അഡ്വാന്‍സായി വേണമെന്ന് സലില്‍ദാ ആവശ്യപ്പെട്ടു. ആദ്യഭാര്യയിലുള്ള മകളുടെ വിവാഹത്തിനുവേണ്ടിയായിരുന്നു അത്.
മാധവിക്കുട്ടിയ്ക്ക് തിരക്കഥ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ ആ പ്രൊജക്ട് ഉപേക്ഷിക്കേണ്ടിവന്നു. ഇതറിഞ്ഞ സലില്‍ദാ എന്നോട് ആ പണം തിരികെത്തരുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോഴും ഞാന്‍ പറഞ്ഞത്: മകളുടെ വിവാഹത്തിന് ഈ അനിയന്റെ സമ്മാനമായി അത് കണ്ടാല്‍ മതി എന്നായിരുന്നു. അങ്ങനെ ഞങ്ങള്‍തമ്മില്‍ സൗഹൃദത്തിനപ്പുറത്തുള്ള സഹോദരസ്‌നേഹമുണ്ടായിരുന്നു. ഇത് സബിതദീദിയുമായുമുണ്ടായിരുന്നു. പലപ്പോഴും ചടങ്ങുകളിലാണ് കാണുന്നത്. രണ്ടുവര്‍ഷം മുമ്പ് കേരളത്തില്‍ സബിതദീദി എത്തിയിരുന്നു. അന്ന് ഞാന്‍ അവിടെച്ചെന്ന് ദീദിയെ കാണുകയുണ്ടായി. ആ സ്‌നേഹബന്ധം സബിതദീദിയിലൂടെയും മകന്‍ സഞ്ജയ് ചൗധരിയിലൂടെയും ഇപ്പോഴും നിലനില്‍ക്കുന്നു. ചിലപ്പോഴൊക്കെയും ചില വേദനകള്‍ എന്നെ വേട്ടയാടാറുണ്ട്. സബിതാദീദിയുടെ വേര്‍പാടും ഒരു നീറ്റലായി മനസ്സില്‍ നില്‍ക്കുന്നു. സബിതാദീദിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com