അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍

ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും - പൊതു വിഭാഗം രജിസ്‌ട്രേഷന്‍ 13 മുതല്‍ 15 വരെ
അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍




തിരുവവനന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.  പ്രശസ്ത ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയാകും. ഡെലിഗേറ്റ് ഫീസ് അഞ്ഞൂറ് രൂപയില്‍ നിന്നും 650 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 

വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോകുറോവിനെസമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും. സോകുറോവിന്റെ ആറു ചിത്രങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും.  ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, കെ.പി. കുമാരന്‍ എന്നിവരുടെ റെട്രോസ്‌പെക്ടീവും മേളയില്‍ ഉണ്ടാവും.  കണ്ടംപററി മാസ്‌റ്റേഴ്‌സ് ഇന്‍ ഫോക്കസ് എന്ന  വിഭാഗത്തില്‍ ആഫ്രിക്കന്‍ രാജ്യമായ ചാഡില്‍ നിന്നുള്ള സംവിധായകന്‍ മഹമ്മദ് സാലിഹ് ഹറൂണ്‍, മെക്‌സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാങ്കോ എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ആറ് സിനിമകള്‍ ഐഡന്റിറ്റി ആന്റ് സ്‌പേസ് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ഏഷ്യന്‍ സിനിമ, ജാപ്പനീസ് അനിമേഷന്‍, റിസ്‌റ്റോര്‍ഡ് ക്ലാസിക്‌സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റു പാക്കേജുകള്‍.
      
പ്രേംശങ്കര്‍ സംവിധാനം ചെയ്ത രണ്ടു പേര്‍, സഞ്ജു സുരേന്ദ്രന്റെ ഏദന്‍ എന്നിവയാണ് മത്സര വിഭാഗത്തിലുള്ള മലയാള ചിത്രങ്ങള്‍.  മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കറുത്ത ജൂതന്‍, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനല്‍, നായിന്റെ ഹൃദയം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
    
മത്സര വിഭാഗത്തില്‍ ഹിന്ദി ചിത്രമായ ന്യൂട്ടണ്‍, ആസാമീസ് ചിത്രമായ വില്ലേജ് റോക്സ്റ്റാര്‍സ് എന്നീ  ഇന്ത്യന്‍ ചിത്രങ്ങളുണ്ട്.  ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം വിട്ടുപിരിഞ്ഞ സംവിധായകരായ കെ.ആര്‍.മോഹനന്‍, ഐ.വി.ശശി, കുന്ദന്‍ഷാ, നടന്‍ ഓംപുരി എന്നിവര്‍ക്ക് സ്മരാണഞ്ജലിയര്‍പ്പിച്ചുകൊണ്ട് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. 

വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയാണ് ഫീസ്.  14 തിയേറ്ററുകളിലാണ് ഇത്തവണ പ്രദര്‍ശനം.  സുരക്ഷാ കാരണങ്ങളാലും തിയേറ്ററുകള്‍ മുന്നോട്ടുവച്ച നിബന്ധന പ്രകാരവും സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുകയുളളു.  തറയില്‍ ഇരുന്നോ നിന്നോ കാണാന്‍ അനുവദിക്കില്ല.  14 തിയേറ്ററുകളിലായി 8048 സീറ്റുകളാണുളളത്.  പരമാവധി 10,000 പാസുകള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ.  മേളയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ദൂരസ്ഥലങ്ങളിലുളള സിനിമാസ്വാദകര്‍ക്കായി മലബാര്‍, മധ്യകേരള മേഖലകളില്‍ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യവാരമോ മേഖലാ ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുമെന്നും  ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറഞ്ഞു.  
    
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com