ഒരു കാര്യവുമില്ലാതെ ജയസൂര്യ തല്ലുവാങ്ങിയിട്ടുണ്ട്, അബിക്കു വേണ്ടി 

ഒരു മിമിക്രി താരത്തോടും തോന്നാത്ത ആത്മബന്ധം അബിക്ക് ജയസൂര്യയോട്, കാരണം ഇതാണ് 
ഒരു കാര്യവുമില്ലാതെ ജയസൂര്യ തല്ലുവാങ്ങിയിട്ടുണ്ട്, അബിക്കു വേണ്ടി 

മിന താത്തയായും അമിതാഭ് ബച്ചനായും സ്‌റ്റേജ് ഷോകളില്‍ നിറഞ്ഞുനിന്ന് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത മിമിക്രി താരമാണ് കലാഭവന്‍ അബി. അബി-ദിലീപ്-നാദിര്‍ഷ സൗഹൃദം ഒരുപാട് അറിയപ്പെട്ടിട്ടുണ്ടെങ്കിലും അധികമാരും അറിയാത്തതാണ് അബിക്ക് ജയസൂര്യയോടുള്ള ബന്ധം.  അബിക്ക് ജയസൂര്യയോടുള്ള ഇഷ്ടം ജയസൂര്യ ഒരു സിനിമാ നടന്‍ ആകുന്നതിനും വളരെകാലം മുമ്പ് തുടങ്ങിയതാണ്. 

'ഒരിക്കല്‍പോലും ഒന്നിച്ചൊരു വേദിയില്‍ പരിപാടി അവതരിപ്പിച്ചിട്ടില്ലെങ്കിലും കൂടെ പ്രവര്‍ത്തിച്ചിരുന്ന മിമിക്രി താരങ്ങളോടൊന്നും തോന്നാത്ത ആത്മബന്ധമാണ് ജയസൂര്യയോട്', ജയസൂര്യയും അബിയും ഒന്നിച്ചെത്തിയ വേദിയില്‍ അബി തുറന്നുപറഞ്ഞതാണ് ഇക്കാര്യം. ഒരാവശ്യവുമില്ലാതെ ജയസൂര്യ ഒരിക്കല്‍ തനിക്കുവേണ്ടി തല്ലുവാങ്ങികൂട്ടിയതാണ് ഈ ആത്മബന്ധം ഉടലെടുക്കാന്‍ കാരണമെന്നും അബി തന്നെ പറഞ്ഞിരുന്നു. 

ജയസൂര്യ സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള കാലം. അദ്ദേഹം അന്ന് ചെറിയ രീതിയില്‍ മിമിക്രി ചെയ്തു വരുന്നതെ ഒള്ളു. അപ്പോഴാണ് ജയസൂര്യയുടെ നാടായ തൃപ്പൂണിത്തുറയില്‍ സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്ന പരിപാടിയുമായി അബി എത്തുന്നത്. അവതരിപ്പിച്ച ഇടത്തുനിന്നെല്ലാം മികച്ച അഭിപ്രായം നേടിയാണ് അബി പരിപാടിയുമായി തൃപ്പൂണിതുറയില്‍ എത്തുന്നത്. പക്ഷെ പൈസ കുറയ്ക്കാനോ മറ്റോ സംഘാടകര്‍ കണ്ടെത്തിയ കാരണമായിരിക്കണം അവര്‍ പരിപാടി മോശമായിരുന്നെന്ന് പറയാന്‍ തുടങ്ങി. ഇതുകേട്ട് അങ്ങനെയൊരു അഭിപ്രായമുണ്ടെങ്കില്‍ ജനങ്ങളോട് ചോദിക്ക് അവര്‍ പറയട്ടേ എന്ന് അബി പറഞ്ഞു. ഈ സമയം ജനങ്ങളുടെ പ്രതിനിധിയായി ഏറ്റവും മുന്നില്‍ നെഞ്ചും വിരിച്ച് നില്‍ക്കുകയാണ് ജയസൂര്യ. അഭിപ്രായം ചോദിച്ചതും ജയസൂര്യ അടിപൊളി ഗംഭീരം എന്നെല്ലാം പറഞ്ഞ് ചാടിവീണു. പറഞ്ഞുതീരുന്നതിന് മുമ്പ് സംഘാടകരെല്ലാം ചേര്‍ന്ന് പിന്നെ ജയസൂര്യയുടെ നേര്‍ക്കായി അങ്കം. അബിക്ക് വേണ്ടി സ്വന്തം നാട്ടില്‍ നിന്ന് അന്ന് അടിവരെവാങ്ങികൂട്ടി. 'എനിക്ക് വേണ്ടി ബലിയാടായ വ്യക്തിയാണ് അതുകൊണ്ട് ഒരുക്കലും മറക്കാന്‍ പറ്റില്ല', സംഭവം വിവരിച്ചശേഷം വേദിയില്‍ വച്ച് ജയസൂര്യയെ ചേര്‍ത്തുപിടിച്ച് അബി പറഞ്ഞു. 

മിമിക്രിയില്‍ നിന്ന് സിനിമയിലെത്തി തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് നീങ്ങുമ്പോഴും ജയസൂര്യയുടെ സഹായം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അബി പറഞ്ഞിരുന്നു. താന്‍ നിര്‍മിച്ച് ഒരു കാസറ്റ് പ്രോഗ്രാം മുന്നോട്ടുകൊണ്ടുപോകാന്‍ യാതൊരു നിര്‍വാഹവും ഇല്ലാതിരുന്ന സമയത്ത് ആ കാസറ്റ് പുറത്തിറക്കാന്‍ സഹായിച്ചത് ജയസൂര്യയാണ്. അങ്ങനെ ഒരു വളരെ നിര്‍ണ്ണായക ഘട്ടത്തില്‍ തിരക്കുകള്‍ക്കിടയിലും ജയസൂര്യ സഹായിച്ചിട്ടുണ്ടെന്ന് അബി തന്നെ പറഞ്ഞു.  

'മലയാളത്തിലെ ആദ്യ അക്ഷരം തുടങ്ങുന്നത് 'അ'യില്‍ നിന്നാണ് മിമിക്രിയിലെ ആദ്യ അക്ഷരം തുടങ്ങുന്നതും അ-യില്‍ നിന്നുതന്നെ 'അബി'', ഇങ്ങനെയാണ് ജയസൂര്യ അബിയെ വിശേഷിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com