പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നിന്ന 'മോദി' ഇപ്പോള്‍ സിനിമ തിരക്കിലാണ്; അഭിനയിച്ചത് കന്നട സിനിമയില്‍

കന്നട ചിത്രം സ്റ്റേറ്റ്‌മെന്റ് 8/11 എന്ന ചിത്രത്തില്‍ പ്രധാനമന്ത്രി മോദിയായാണ് രാമചന്ദ്രന്‍ എത്തുന്നത്
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നിന്ന 'മോദി' ഇപ്പോള്‍ സിനിമ തിരക്കിലാണ്; അഭിനയിച്ചത് കന്നട സിനിമയില്‍

യ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന അടിക്കുറിപ്പോടെ കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോദിയുടെ മുഖസാദൃശ്യമുള്ള കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലുള്ള എം.പി. രാമചന്ദ്രന്‍ എന്ന 64 കാരനായിരുന്നു അത്. ഇപ്പോള്‍ രാമചന്ദ്രന്‍ ചെറിയൊരു സ്റ്റാര്‍ തന്നെയാണ്. മോദിയുടെ മുഖസാദൃശ്യം അദ്ദേഹത്തെ സിനിമതാരമാക്കി മാറ്റിയിരിക്കുകയാണ്. കന്നട ചിത്രം സ്റ്റേറ്റ്‌മെന്റ് 8/11 എന്ന ചിത്രത്തില്‍ പ്രധാനമന്ത്രി മോദിയായാണ് രാമചന്ദ്രന്‍ എത്തുന്നത്. 

പെട്ടെന്ന് താരമായി മാറിയതിന്റെ സന്തോഷത്തിലാണ് രാമചന്ദ്രന്‍. കഴിഞ്ഞ ജൂലൈയിലാണ് രാമചന്ദ്രന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാംഗളൂരുവിലേക്കുള്ള ട്രെയ്‌നും കാത്ത് പയ്യന്നൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്നു അദ്ദേഹം. ട്രാവല്‍ ബാഗും തോളത്തിലിട്ട് ഫോണും നോക്കി നില്‍ക്കുന്ന രാമചന്ദ്രന്റെ ചിത്രം കണ്ടാല്‍ മോദിയല്ലെന്ന് ആരും പറയില്ല. ജൂലൈ 12 ന് ബാംഗളൂരില്‍ എത്തിയ രാമചന്ദ്രനെയും കാത്ത് ഫോട്ടോഗ്രാഫര്‍മാരും റിപ്പോര്‍ട്ടര്‍മാരും നില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ ഒരു കൊച്ചു താരമായിരുന്നു രാമചന്ദ്രന്‍. എന്നാല്‍ സമാധാന ജീവിതം ആഗ്രഹിച്ച് നേരത്തെ റിട്ടയര്‍ ചെയ്ത ഒരു മനുഷ്യന് ഇത് സഹിക്കുന്നതിലും അപ്പുറമായിരുന്നു. അവസാനം ക്യാമറക്കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി അദ്ദേഹത്തിന് താടി വടിച്ചുകളഞ്ഞ് കണ്ണൂരിലേക്ക് മടങ്ങി. 

സ്‌റ്റേറ്റ്‌മെന്റ് 8/11 ല്‍ നരേന്ദ്ര മോദിയായി രാമചന്ദ്രന്‍
സ്‌റ്റേറ്റ്‌മെന്റ് 8/11 ല്‍ നരേന്ദ്ര മോദിയായി രാമചന്ദ്രന്‍

ബാംഗളൂരുവിലെ ന്യൂസ് പേപ്പറില്‍ വന്ന ഫോട്ടോ കണ്ടാണ് നിര്‍മാതാവ് കെ.എച്ച് വേണുവും സംവിധായകനും അപ്പി പ്രസാദും രാമചന്ദ്രനെ സമീപിക്കുന്നത്. നോട്ട് നിരോധനത്തെ അടിസ്ഥാനമാക്കിയെടുക്കുന്ന ചിത്രത്തില്‍ പ്രധാനമന്ത്രിയായി അഭിനയിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഇന്ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. 1000,500 നോട്ടുകള്‍ പിന്‍വലിച്ചതായുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ഈ തീരുമാനം എങ്ങനെയാണ് സമൂഹത്തെ സ്വാധീനിച്ചതെന്നാണ് ചിത്രത്തില്‍ പറയുന്നത്. മോദിയോട് സഹാനുഭൂതിയുള്ള ഒരുകൂട്ടം യുവാക്കളാണ് ചിത്രം എടുത്തിരിക്കുന്നതെന്നും രാമചന്ദ്രന്‍ പറഞ്ഞു. 

30 വര്‍ഷമായി മുംബൈയില്‍ സ്റ്റെനോഗ്രാഫറായി രാമചന്ദ്രന്‍ ജോലി ചെയ്തിട്ടുണ്ട്. കൂടാതെ സൗദി അറേബ്യയിലെ നിര്‍മാണകമ്പനിയിലും 10 വര്‍ഷം ജോലി ചെയ്തു. തന്റെ 51 വയസില്‍ എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് സമാധാനത്തോടെ ജീവിക്കാനാണ് അദ്ദേഹം റിട്ടയര്‍ ചെയ്തത്. അദ്ദേഹത്തിന്റെ മക്കള്‍ മുംബൈയിലേയും ബാംഗ്ലൂരുവിലേയും ഐടി കമ്പനിയില്‍ ജോലി ചെയ്യുകയാണ്. റിട്ടയര്‍മെന്റിന് ശേഷം പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ് രാമചന്ദ്രന്‍.

മോദി ബിജെപിയുടെ ശക്തി കേന്ദ്രമായി മാറാന്‍ തുടങ്ങിയതു മുതല്‍ രാമചന്ദ്രന്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. പല സ്ഥലങ്ങളില്‍ വെച്ച് നിരവധി പേര്‍ ഫോട്ടോ എടുക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ ചുറ്റും കൂടുമായിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ അയല്‍വാസികള്‍ തന്നെ മോദി സാര്‍ എന്നാണ് വിളിച്ചിരുന്നത്. കുട്ടികള്‍ മോദി അങ്കിള്‍ എന്നും. ആദ്യം വളരെ ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും പിന്നീട് അത് ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും രാമചന്ദ്രന്‍ വ്യക്തമാക്കി. 

സിനിമയുമായി യാതൊരു ബന്ധവും അദ്ദേഹത്തിനില്ല. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നത് രാമചന്ദ്രന്‍ ആസ്വദിച്ചു. ബാംഗളൂരുവിലും കുടകിലും വെച്ച് രണ്ട് ദിവസമായിരുന്നു ഷൂട്ടിങ്. എന്നാല്‍ ഇനി ഒരു ചിത്രം ലഭിക്കുമെന്ന് അദ്ദേഹത്തിന് പ്രതീക്ഷയില്ല. ഏതെങ്കിലും സിനിമയില്‍ ഇനിയും അവസരം ലഭിച്ചാല്‍ എന്തായാലും അഭിനയിക്കുമെന്നും രാമചന്ദ്രന്‍ പറഞ്ഞു. 

സിനിമയുടെ കാര്യത്തില്‍ മാത്രമേ ഇത്തരത്തില്‍ യെസ് പറയുകയൊള്ളൂ. ഏതെങ്കിലും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മോദിയോടുള്ള ബഹുമാനം കൊണ്ടാണ് ചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ താന്‍ അതെങ്കിലും പാര്‍ട്ടി അനുഭാവിയല്ല. അതെങ്കിലും പാര്‍ട്ടി വന്ന് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞാല്‍ അത് മോദിക്ക് വിട്ടിരിക്കുമെന്ന് പറയുമെന്നും രാമചന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com