'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' സംവിധായകന്‍ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍; നടത്തിയത് 34 കോടിയുടെ തട്ടിപ്പ്

സംവിധായകന്റെ ഉടമസ്ഥതയിലുള്ള വിവിആര്‍ജി ഡിജിറ്റല്‍ കോര്‍പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് എതിരെയാണ് കേസ്
'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' സംവിധായകന്‍ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍; നടത്തിയത് 34 കോടിയുടെ തട്ടിപ്പ്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ സംവിധായകന്‍ വിജയ് രത്‌നാഗര്‍ ഗുട്ടെ അറസ്റ്റില്‍. ജിഎസ്ടിയില്‍ തട്ടിപ്പ് നടത്തിയതിനാണ് ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ സംവിധായകനെ അറസ്റ്റ് ചെയ്തത്. 34 കോടിയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് ആരോപണം. 

ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് ഇന്റലിജന്‍സാണ് ഗുട്ടെയെ അറസ്റ്റ് ചെയ്തത്. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ഓഗസ്റ്റ് 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സംവിധായകന്റെ ഉടമസ്ഥതയിലുള്ള വിവിആര്‍ജി ഡിജിറ്റല്‍ കോര്‍പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് എതിരെയാണ് കേസ്. 170 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൊറൈസണ്‍ ഓട്ട്‌സോഴ്‌സ് സൊല്യൂഷന്‍സിന്റെ ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് വിജയ് ഗുട്ടെയുടേയും തട്ടിപ്പ് പുറത്തുവരുന്നത്. ഹൊറൈസണ്‍ ഓട്ട്‌സോഴ്‌സ് സൊല്യൂഷന്‍സിന്റേയും ബോസ്റ്റ് കംപ്യൂട്ടര്‍ സൊല്യൂഷന്‍സിന്റേയും പ്രതിനിധികളെ നേരത്തെ അറസ്റ്റ് ചെയ്തു. ജിഎസ്ടി നിയമത്തിലെ 132(1)സി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററില്‍ അനുപം ഖേറാണ് മന്‍മോഹന്‍സിങ്ങായി വേഷമിടുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇതുവരെ മൂന്ന് ചിത്രങ്ങളാണ് വിജയ് ഗുട്ടെ നിര്‍മിച്ചിരിക്കുന്നത്. ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ അദ്ദേഹത്തിന്റെ ആദ്യ സംവിധായക സംരംഭമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com