ഭിന്നത നീക്കാനുള്ള ശ്രമവുമായി 'അമ്മ'; വിമത ശബ്ദമുയര്‍ത്തുന്നവരുമായി ഇന്ന് നിര്‍ണായക യോഗം

ജോയ് മാത്യു, രേവതി, പാര്‍വതി തിരുവോത്ത്, ഷമ്മി തിലകന്‍, പദ്മപ്രിയ, എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്നാണ് സൂചന
ഭിന്നത നീക്കാനുള്ള ശ്രമവുമായി 'അമ്മ'; വിമത ശബ്ദമുയര്‍ത്തുന്നവരുമായി ഇന്ന് നിര്‍ണായക യോഗം

താരസംഘടനയായ 'അമ്മ'യില്‍ ഭിന്നത രൂക്ഷമായി നിലനില്‍ക്കുന്നതിനിടയില്‍ വ്യത്യസ്ത നിലപാടുള്ള താരങ്ങളുമായുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. സിനിമയിലെ സ്ത്രീ സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്റ്റീവിലെ അംഗങ്ങളും 'അമ്മ'യുടെ നിലപാടുകള്‍ തുറന്നു വിമര്‍ശിച്ചവരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ താരസംഘടനയെടുത്ത തീരുമാനം ശരിയായില്ലെന്ന് നേരത്തേതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ജോയ് മാത്യു, രേവതി, പാര്‍വതി തിരുവോത്ത്, ഷമ്മി തിലകന്‍, പദ്മപ്രിയ, എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്നാണ് സൂചന. കഴിഞ്ഞദിവസം നടിയെ അക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള 'അമ്മ' ഭാരവാഹികള്‍ ശ്രമിച്ചതും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെതിരേ അമ്മയില്‍ തന്നെ ഭിന്നിപ്പ് രൂക്ഷമായെന്നാണ് റിപ്പോര്‍ട്ട്. വൈകിയ വേളയില്‍ നടിയെ സഹായിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് 'അമ്മ' നേതൃത്വം നടത്തുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. അതിനിടെ 'അമ്മ' പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തിലെടുക്കുന്ന തീരുമാനങ്ങള്‍ ഒരുവിഭാഗം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും 'അമ്മ'യ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന. 

കഴിഞ്ഞദിവസം വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കത്തു തയാറാക്കി മുഖ്യമന്ത്രിക്ക് അയച്ചെങ്കിലും അത് ഒരുവിഭാഗം മുക്കി. ഇതോടെ ദിലീപിനെതിരേ മോഹന്‍ലാല്‍ രൂക്ഷ വിമര്‍ശനം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.  സര്‍ക്കാരിനു മുന്നില്‍ നിവേദനം എത്തിക്കാന്‍ കഴിയാതെ വന്നതോടെയാണു നടിയെ അനുകൂലിക്കുന്ന വിഭാഗം കോടതിയില്‍ കക്ഷി ചേരാന്‍ ശ്രമിച്ചത്. ലാലിന്റെ അനുമതിയും ലഭിച്ചു. പക്ഷേ, നടി താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നതാണ് ഈ നീക്കത്തിന് തിരിച്ചടിയായത്. 

നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കമാണ് അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് അക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാലുപേര്‍ അമ്മയില്‍ നിന്ന് രാജിവെച്ചതോടെ ഭിന്നത കൂടുതല്‍ രൂക്ഷമായി. ഭിന്ന നിലപാടുള്ള അംഗങ്ങളുമായി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് അമ്മ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനായിരുന്നു ഇന്നത്തെ ചര്‍ച്ചയിലൂടെ അമ്മ ശ്രമിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com