കെട്ടിടം പണി കഴിഞ്ഞാല്‍ അടുത്ത പണി വിവാഹമെന്ന് വിശാല്‍; വധു ശരത്കുമാറിന്റെ മകള്‍ തന്നെയെന്ന് റിപ്പോര്‍ട്ട്

2019 ജനുവരിയില്‍ വിശാല്‍ വിവാഹിതനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
കെട്ടിടം പണി കഴിഞ്ഞാല്‍ അടുത്ത പണി വിവാഹമെന്ന് വിശാല്‍; വധു ശരത്കുമാറിന്റെ മകള്‍ തന്നെയെന്ന് റിപ്പോര്‍ട്ട്

താന്‍ വിവാഹത്തിന് റെഡിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യന്‍ നായകന്‍ വിശാല്‍. 2019 ല്‍ വിവാഹമുണ്ടാകുമെന്നാണ് തമിഴ് നടികര്‍ സംഘം സെക്രട്ടറിയും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍ പറയുന്നത്. വധു ആരാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വിശാലിന്റെ പ്രധാന എതിരാളിയായ ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് വിശാലിന്റെ നായികയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി 2018 ല്‍ പൂര്‍ത്തിയാക്കുമെന്നും അതിന് ശേഷമുള്ള തന്റെ ആദ്യ പണി വിവാഹിതനാവുക എന്നതാണെന്നും വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ വര്‍ഷം ഡിസംബറിലാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്നത്. ഇതിനാല്‍ 2019 ജനുവരിയില്‍ വിശാല്‍ വിവാഹിതനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വര്‍ഷങ്ങളായി വിശാലും തെന്നിന്ത്യന്‍ നടിയുമായ വരലക്ഷ്മി ശരത്കുമാറും പ്രണയത്തിലാണ്. എന്നാല്‍ ശരത്കുമാറുമായി വിശാല്‍ അത്ര രസത്തില്‍ അല്ല. ഇരുവരും തമ്മിലുള്ള തുറന്ന പോരിന് വരെ തമിഴ്‌നാട് സാക്ഷിയായിട്ടുണ്ട്. നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ വിശാലും ശരത്തും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. 

സംഘടനയുടെ കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിശാല്‍ അഴിമതി നടത്തിയെന്ന് ശരത്കുമാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ വിശാല്‍ തള്ളുകയും ശരത്കുമാറിനേയും മറ്റും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വരലക്ഷ്മിയുമായുള്ള ബന്ധത്തിന് വിള്ളല്‍ വീഴ്ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com