'ഇഷ്ടമുള്ള സംവിധായകന്മാരെ മാത്രം പുകഴ്ത്തിക്കൊണ്ടിരുന്നാല്‍ മതിയോ?'  സിനിമാ പാരഡൈസോ ക്ലബ്ബിനെതിരേ സിനിമ പ്രവര്‍ത്തകന്‍

ഒമര്‍ ലുലുവിനേക്കുറിച്ച് കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കേണ്ട കാര്യമില്ലെന്നും അയാളില്‍ നിന്ന് കുറേ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും പോസ്റ്റില്‍ പറയുന്നു
'ഇഷ്ടമുള്ള സംവിധായകന്മാരെ മാത്രം പുകഴ്ത്തിക്കൊണ്ടിരുന്നാല്‍ മതിയോ?'  സിനിമാ പാരഡൈസോ ക്ലബ്ബിനെതിരേ സിനിമ പ്രവര്‍ത്തകന്‍

ഫേയ്‌സ്ബുക്കിലെ പ്രധാന സിനിമാ കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ്ബിനെ രൂക്ഷമായി വിമര്‍ശിച്ച് സിനിമ പ്രവര്‍ത്തകന്‍ രംഗത്ത്. ഒമര്‍ ലുലുവിനെ പിന്തുണച്ചുകൊണ്ട് എഴുതിയ പോസ്റ്റ് അപ്രൂവ് ചെയ്യാതിരുന്നതാണ് പ്രകോപനത്തിന് കാരണമായത്. സിനിമ എന്നു പറയുമ്പോള്‍ എല്ലാം ചര്‍ച്ച ചെയ്യണമെന്നും നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള സംവിധായകരെ മാത്രം പുകഴ്ത്തിക്കൊണ്ടിരുന്നാല്‍ മതിയോ എന്നും പോസ്റ്റില്‍ ചോദിക്കുന്നു. 

താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല സിനിമ കച്ചവടക്കാരനാണ് ഒമര്‍ ലുലുവെന്നും എന്നാല്‍ ഒരു അഡാറ് ലൗ എന്ന ചിത്രത്തിന് ലഭിക്കുന്ന ഹൈപ്പ് മാര്‍ക്കറ്റിംഗ് തന്ത്രമല്ലെന്നും പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് അപ്രൂവ് ചെയ്യാതിരുന്നത്. ഒമര്‍ ലുലുവിനേക്കുറിച്ച് കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കേണ്ട കാര്യമില്ലെന്നും അയാളില്‍ നിന്ന് കുറേ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. 

സിനിമാ പാരഡൈസോ ക്ലബ്ബില്‍ അപ്രൂ​വാകാതിരുന്ന പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മലയാളത്തില്‍ ഉണ്ടായിട്ടുള്ള വമ്പന്‍ ഹിറ്റുകള്‍ മുഴുവന്‍ മാസ്സ് മസാല ഗണത്തില്‍ ഉള്ളവയാണ്. സിനിമാ വ്യവസായത്തെ താങ്ങി നിര്‍ത്തുന്നതതും കച്ചവട സിനിമകള്‍ തന്നെ ആണ്. കലാമൂല്യം ഉയര്‍ത്തിപിടിക്കുന്ന പല സിനിമകളും സിനിമാ വ്യവസായത്തിന് വരുത്തി വെക്കുന്ന സാമ്പത്തിക ബാധ്യത ചെറുതല്ല. ഒരു വര്‍ഷത്തെ മൊത്തക്കണക്ക് എടുത്തു വരവും ചെലവും നോക്കിയാല്‍ വര്‍ഷങ്ങളായി മലയാള സിനിമ നഷ്ടത്തില്‍ ആണ്.

സിനിമ കച്ചവടം ആണ്. നമ്മള്‍ പറയുന്നത് തന്നെ 'സിനിമാ വ്യവസായം' എന്നാണ്. അതായത് മുടക്കിയ കാശിനേക്കാള്‍ കൂടുതല്‍ തിരിച്ചു കിട്ടണം എന്നതാണ് അടിസ്ഥാന തത്വം. ഞാന്‍ കണ്ടതില്‍ വച്ച ഏറ്റവും നല്ല സിനിമാ കച്ചവടക്കാരന്‍ ഒമര്‍ ലുലു ആണ്.

പക്ഷെ മാര്‍ക്കറ്റിങ് കൊണ്ടാണ് അയാളുടെ സിനിമ വിജയിക്കുന്നത് എന്ന് പറയുന്നത് മണ്ടത്തരം ആണ്. അങ്ങനെ എങ്കില്‍ എല്ലാ നിര്‍മ്മാതാവിനും ഒരു 50 ലക്ഷം മാര്‍ക്കറ്റിങ്ങിനു വേണ്ടി മാറ്റി വച്ചാല്‍ മതിയല്ലോ. മാത്രമല്ല ഹൈപ്പിന്റെ പാരമ്യത്തില്‍ ഇറക്കിയ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ പലതും പിന്നെയെങ്ങനെ കണ്ടം വഴി ഓടി? കുറെ മാര്‍ക്കറ്റ് ചെയ്താല്‍ പോരാ, പ്രൊഡക്റ്റ് ഏതെങ്കിലും തരത്തില്‍ ഉള്ള ഒരു വിഭാഗത്തെ ടാര്‍ഗറ്റ് ചെയ്യണം, അവര്‍ക്ക് അത് ഇഷ്ടമാകണം. അല്ലെങ്കില്‍ ഫെയിസ്ബുക്ക് മൊത്തം തെറി വിളിച്ച ചങ്ക്‌സ് എങ്ങനെ കോടികള്‍ ലാഭം ഉണ്ടാക്കി?

ഏറ്റവും വലിയ പ്രത്യേകത ആയി തോന്നിയത് വലിയ താരങ്ങളുടെ പിറകെ നടന്ന് സമയം കളയുന്നില്ല എന്നതാണ്.ആദ്യമായി സിജുവിനെ നായകനാക്കിയാണ് ഹാപ്പി വെഡിങ് 100 ദിവസം ഓടിയത്. ഇപ്പോള്‍ മൊത്തം പുതുമുഖങ്ങളെ വച്ച് 'ഒരു അഡാര്‍ ലവ്' ലോക ശ്രദ്ധ പിടിച്ചു പറ്റി. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ള ഏതൊരു സിനിമയെക്കാളും കൂടുതല്‍ തുകയ്ക്ക് ആണ് തെലുഗു, ഹിന്ദി ഡബ് റൈറ്റ്‌സ് പോയിരിക്കുന്നത്. അതും വെറും 34 കോടി ചെലവില്‍ നിര്‍മ്മിച്ച സിനിമ. ആകെ 20% മാത്രം പൂര്‍ത്തിയായ ഒരു സിനിമ ഒരു പാട്ടിന്റെയും 40 സെക്കന്റ് ടീസറിന്റെയും പിന്‍ബലത്തില്‍ ആണ് ഇത്രേം ഹൈപ്പ് ഉണ്ടാക്കിയത്. ബിബിസി, സിഎന്‍എന്‍, എന്‍ഡി ടിവി തുടങ്ങിയ നാഷണല്‍ മീഡിയ മുഴുവന്‍ ഇപ്പോഴും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നു. ഇന്റര്‍വ്യൂസ് ചോദിച്ചു കോളുകള്‍ വരുന്നു, അന്യഭാഷകളിലേക്ക് നായികയ്ക്കും നായകനും സംവിധായകനും ഓഫറുകള്‍ വരുന്നു.

ഇത്രേം ചെറിയ തുകയ്ക്ക്, പുതിയ ആളുകളെ വച്ച് ഇങ്ങനെയും സിനിമയെടുക്കാം. ഒമര്‍ ലുലു എന്ന് കേള്‍ക്കുമ്പോള്‍ മുഖം ചുളിച്ചിട്ടു കാര്യമില്ല. അയാളില്‍ നിന്നും കുറെ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്.

ഗ്രൂപ്പിനെ വിമര്‍ശിച്ചുകൊണ്ടിട്ട പോസ്റ്റ്

ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച ഒരു സിനിമാ ഗ്രൂപ് ആയിരുന്നു ഇജഇ. ഒരുപാടു ക്രിയേറ്റിവ് ആയ ആള്‍ക്കാരും സിനിമാ ചര്‍ച്ചയും നടക്കുന്ന ഗ്രൂപ്പിലെ ഇരട്ടത്താപ്പ് നയം തികച്ചും അപലപനീയം ആണ്. ഇപ്പൊള്‍ 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തെക്കുറിച്ചും അതിന്റെ ഇന്നത്തെ സ്വീകാര്യതയെക്കുറിച്ചും ഒമര്‍ ലുലു എന്ന സംവിധായകനെക്കുറിച്ചും ഞാന്‍ ഇട്ട പോസ്റ്റ് ഇജഇ യില്‍ മാത്രം അപ്പ്രൂവ് ആകുന്നില്ല. മറ്റു സിനിമാ ഗ്രൂപ്പുകളില്‍ പോസ്റ്റ് അപ്രൂവ് ചെയ്യപ്പെടുകയും ചര്‍ച്ച തുടരുകയും ചെയ്യുന്നു.

സിനിമാഗ്രൂപ് എന്ന് പറയുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണ്ടേ? അതോ നിങ്ങള്‍ക്ക് താല്‍പ്പര്യം ഉള്ള സംവിധായകരെ മാത്രം എന്നും പുകഴ്ത്തിക്കൊണ്ടിരുന്നാല്‍ മതിയോ? ഒമര്‍ ലുലുവിനെ നിങ്ങള്‍ക്ക് ഇഷ്ടമല്ലായിരിക്കാം പക്ഷെ അയാളുടെ സിനിമകളെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടത് തന്നെ ആണ്.

സിനിമാ മേഖലയോട് വളരെ അടുത്തു നില്‍ക്കുന്ന ഗ്രൂപ് അല്ലെ. സിനിയിലെ പ്രമുഖരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം ഗ്രൂപ്പ് ചില ജനാധിപത്യ മര്യാദകളും പാലിക്കേണ്ടേ? മെംബേര്‍സ് ചര്‍ച്ച ചെയ്തും, പോസ്റ്റ് ഇട്ടും വളര്‍ത്തിയ ഗ്രൂപ്പ് അഡ്മിന്‍സ് സ്വാര്‍ത്ഥ താല്പര്യത്തിനായി ഉപയോഗിക്കുന്നതും അപക്വമായ നിലപാട് എടുക്കുന്നതും തികച്ചും പരിഹാസ്യമാണ്. ഫാനിസം ബാധിച്ച അഡ്മിന്‍സ് പലപ്പോഴും നിഷ്പക്ഷമായ നിലപാട് എടുക്കാതെ ഗ്രൂപ്പില്‍ തന്നെ കളിയാക്കപ്പെടുന്നത് കണ്ടിട്ടുണ്ട്. മമ്മൂട്ടിയുടെ സിനിമ ഇറങ്ങുന്നതിനു മുന്നേ ഡീഗ്രെഡ് ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്ന അഡ്മിന്‍സ് ഗ്രൂപ്പിന് എന്ത് പ്രതീക്ഷയാണ് നല്‍കുന്നത്?

സര്‍ക്കാസം എന്ന ഓമനപ്പേരില്‍ എത്ര നടന്മാരെ നിങ്ങള്‍ തേജോവധം ചെയ്യുന്നു? എന്തെങ്കിലും ചോദിച്ചാല്‍ പല അഡ്മിന്‍സും മറുപടി തരില്ല. നിങ്ങള്‍ ഇതോടു കൂടി എന്നെ ബാന്‍ ചെയ്യും എന്ന് അറിയാം. അഭിപ്രായ സ്വാതന്ത്ര്യം അടിയറവു വച്ച് അഡ്മിന്‍സിനെ ഓച്ഛാനിച്ചു നില്‍ക്കുന്നതിലും നല്ലത് ബാന്‍ ചെയ്യപ്പെടുന്നത് തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com