'ആര്യ മുസ്ലീമാണ്, അദ്ദേഹത്തിന് വേണ്ടി മതം മാറാന്‍ തയാറാണോ?'; വിവാദമായി ആര്യയുടെ കല്യാണ റിയാലിറ്റി ഷോ

പരിപാടി ലൗ ജിഹാദാണോ എന്നാണ് ബിജെപിയുടെ ചോദ്യം
'ആര്യ മുസ്ലീമാണ്, അദ്ദേഹത്തിന് വേണ്ടി മതം മാറാന്‍ തയാറാണോ?'; വിവാദമായി ആര്യയുടെ കല്യാണ റിയാലിറ്റി ഷോ

തെന്നിന്ത്യന്‍ നായകന്‍ ആര്യയ്ക്ക് ഭാവി വധുവിനെ കണ്ടെത്താനായി നടത്തുന്ന റിയാലിറ്റി ഷോ പുതിയ വിവാദത്തില്‍. ഷോയില്‍ അതിഥിയായി എത്തിയ നടി വരലക്ഷ്മിയുടെ ചോദ്യമാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ആര്യയെ വിവാഹം കഴിക്കാന്‍ മതം മാറാന്‍ തയാറാണോ എന്നായിരുന്നു നടിയുടെ ചോദ്യം. തുടര്‍ന്ന് ഷോയെ വിമര്‍ശിച്ച് ബിജെപി നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്.

പരിപാടി ലൗ ജിഹാദാണോ എന്നാണ് ബിജെപിയുടെ ചോദ്യം. ആര്യയുടെ യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണെന്നും അദ്ദേഹം മുസ്ലീം ആണെന്നും വരലക്ഷ്മി പറഞ്ഞു. ആര്യ ഒരിക്കലും പറയില്ലെങ്കിലും അദ്ദേഹം ആവശ്യപ്പെട്ടാല്‍ മതം മാറുമോ എന്നാണ് താരം ചോദിച്ചത്. ഇതിന് ചില മത്സരാര്‍ത്ഥികള്‍ സമ്മതം മൂളുകയും ചെയ്തു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. നാണം കെട്ട പരിപാടിയാണ് ഇതെന്നാണ് ബിജെപിയുടെ നാഷണല്‍ സെക്രട്ടറി എച്ച്. രാജ പറഞ്ഞത്. ഇതേ ചോദ്യം ഒരു ഹിന്ദു പയ്യന് വേണ്ടി ചോദിച്ചാണ് അപ്പോള്‍ വര്‍ഗീയവാദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എങ്ക വീട്ടു മാപ്പിളൈ എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ 16 പെണ്‍കുട്ടികളാണ് മത്സരിക്കുന്നത്. റിയാലിറ്റി ഷോയിലെ വിജയിയെയാവും ആര്യ വിവാഹം കഴിക്കുക. കുറച്ച് നാള്‍ മുന്‍പ് വധുവിനെ തേടി ആര്യ ഫേയ്‌സ്ബുക്ക് ലൈവില്‍ വന്നിരുന്നു. അതിനായി റിയാലിറ്റി ഷോ നടത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഏഴായിരത്തില്‍ അധികം അപേക്ഷകളും ഒരു ലക്ഷത്തോളം ഫോണ്‍കോളുകളുമായി ആര്യയെ തേടിയെത്തിയത്. ഇതില്‍ നിന്ന് 16 പെണ്‍കുട്ടികളെ തെരഞ്ഞെടുത്താണ് ഷോ നടത്തുന്നത്. രണ്ട് മലയാളികളും ഇതില്‍ മത്സരിക്കുന്നുണ്ട്. 

വിവാഹത്തെ കച്ചവടമാക്കുന്നു എന്നാരോപിച്ച് ഇതിന് മുന്‍പുതന്നെ ഷോ വിവാദത്തില്‍ പെട്ടിരുന്നു. പെണ്‍കുട്ടികളുടെ മനസിനെ പരിഹസിക്കരുതെന്നും കച്ചവട താല്‍പ്പര്യമല്ല വിവാഹത്തിന് വേണ്ടതെന്നുമായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഈ പരിപാടി ആര്യക്ക് പരിണയം എന്ന പേരില്‍ മലയാളത്തില്‍ ഫല്‍വേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com