കേക്കിനൊപ്പം മിക്‌സിയും ഗ്രൈന്‍ഡറും, സര്‍ക്കാരിന്റെ വിജയാഘോഷത്തിലും പ്രതിഷേധം; എ ആര്‍ റഹ്മാന്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ 

, ചിത്രത്തിന്റെ വിജയാഘോഷവും അണ്ണാ ഡി.എം.കെയ്ക്ക് എതിരായ പ്രതിഷേധമായി മാറി
കേക്കിനൊപ്പം മിക്‌സിയും ഗ്രൈന്‍ഡറും, സര്‍ക്കാരിന്റെ വിജയാഘോഷത്തിലും പ്രതിഷേധം; എ ആര്‍ റഹ്മാന്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ 

ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിയ വിജയ് ചിത്രം സര്‍ക്കാര്‍ കലക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. വിജയത്തിനൊടൊപ്പം വിവാദങ്ങളും സൃഷ്ടിച്ചാണ് സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ ചിത്രം അപഹസിക്കുന്നു എന്ന് ആരോപിച്ച് എഐഎഡിഎംകെ പാര്‍ട്ടിയാണ് രംഗത്തുവന്നത്.

ഇതിനിടെ, ചിത്രത്തിന്റെ വിജയാഘോഷവും അണ്ണാ ഡി.എം.കെയ്ക്ക് എതിരായ പ്രതിഷേധമായി മാറി. കേക്ക് മുറിച്ച് വിജയമാഘോഷിച്ച ചിത്രങ്ങള്‍ എ.ആര്‍.റഹ്മാനാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റഹ്മാന്‍, വിജയ്, മുരുകദോസ്, വരലക്ഷ്മി, കീര്‍ത്തി സുരേഷ്, ഗാനരചയിതാവ് വിവേക് എന്നിവരൊന്നിച്ചുള്ള ചിത്രവും കേക്ക് മുറിക്കുന്ന മറ്റൊരു ചിത്രവുമാണ് റഹ്മാന്‍ പങ്കുവച്ചത്. ഇതില്‍ കേക്ക് മുറിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 

കേക്കിനൊപ്പം മിക്‌സി, ഗ്രൈന്‍ഡര്‍ എന്നിവയുടെ രൂപങ്ങള്‍ വച്ചായിരുന്നു വിജയാഘോഷം എന്നതാണ് ശ്രദ്ധേയം. ഇത് പരോക്ഷമായി എഐഎഡിഎംകെയ്‌ക്കെതിരെയുളള പ്രതിഷേധത്തിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.  വോട്ടിനുവേണ്ടി സൗജന്യമായി നല്‍കിയ വസ്തുക്കള്‍ തീയിടുന്ന സിനിമയിലെ രംഗങ്ങള്‍ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.ചുരുക്കിപ്പറഞ്ഞാല്‍ അണ്ണാ.ഡി.എം.കെയെ ഒരു കേക്ക് മുറിയിലൂടെ ട്രോളിയിരിക്കുകയാണെന്ന് സോഷ്യല്‍മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുകയാണ്. ജയലളിത നടപ്പാക്കിയ പദ്ധതികളെ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. 

 പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്തു. എന്നാല്‍ സിനിമ പറയുന്ന രാഷ്ട്രീയം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് വിജയിയും മുരുഗദോസും. സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് റഹ്മാന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com