വടാ ചെന്നൈയില്‍ അഭിനയിച്ചതിലും ബുദ്ധിമുട്ട് മീന്‍ വെട്ടാന്‍; ചിരിപ്പിക്കുന്ന കഥ പങ്കുവെച്ച് ആന്‍ഡ്രിയ ജറമിയ 

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ജീവിതത്തില്‍ ആദ്യമായി മീന്‍ വെട്ടാന്‍ പഠിക്കേണ്ടി വന്ന കഥയാണ് ആന്‍ഡ്രിയയ്ക്ക് പറയാനുള്ളത്
വടാ ചെന്നൈയില്‍ അഭിനയിച്ചതിലും ബുദ്ധിമുട്ട് മീന്‍ വെട്ടാന്‍; ചിരിപ്പിക്കുന്ന കഥ പങ്കുവെച്ച് ആന്‍ഡ്രിയ ജറമിയ 

വെട്രിമാരന്‍ ചിത്രം വടാ ചെന്നൈയില്‍ അഭിനയിക്കാന്‍ താന്‍ ചിന്തിച്ചിട്ടു പോലും ഇല്ലാത്ത രീതിയില്‍ ഒരുങ്ങേണ്ടി വന്നെന്ന് നടി ആന്‍ഡ്രിയ ജറമിയ. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ജീവിതത്തില്‍ ആദ്യമായി മീന്‍ വെട്ടാന്‍ പഠിക്കേണ്ടി വന്ന കഥയാണ് ആന്‍ഡ്രിയയ്ക്ക് പറയാനുള്ളത്.

'വെട്രിമാരന്‍ തന്റെ ഷോട്ടുകള്‍ വളരെ വിശ്വസനീയമായ രീതിയില്‍ ചിത്രീകരിക്കണമെന്ന് നിര്‍ബന്ധമുള്ള സംവിധായകനാണ്. സിനിമയിലെ കഥ നടക്കുന്ന സ്ഥലം മത്സ്യബന്ധനത്തിന് പ്രശസ്തമായ ഒരിടമാണ്. വ്യത്യസ്തതരം മീന്‍ വിഭവങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ മീന്‍ വെട്ടാന്‍ പഠിക്കാതെ രക്ഷയില്ലായിരുന്നു', ആന്‍ഡ്രിയ പറയുന്നു. 

പാക്കപ്പ് പറഞ്ഞ് എല്ലാവരും വിശ്രമത്തിനായി മുറികളിലേക്ക് പോകുമ്പോള്‍ താന്‍ മീന്‍ വൃത്തിയാക്കാനുള്ള പരിശീലനത്തിലായിരിക്കുമെന്ന് ആന്‍ഡ്രിയ പറയുന്നു. അത്ര എളുപ്പമൊന്നും ആയിരുന്നില്ലെങ്കിലും കുറച്ച് ദിവസങ്ങളെടുത്ത് അത് വശത്താക്കിയെന്നാണ് ആന്‍ഡ്രിയയുടെ വാക്കുകള്‍. ചിത്രീകരണത്തിനിടയില്‍ മീന്‍ വെട്ടുമ്പോള്‍ കൈയ്യില്‍ ആഴത്തില്‍ മുറിവുണ്ടായി. കത്തികൊണ്ട് ഉണ്ടായ മുറിവല്ല. അത് മീനിന്റെ ചെതുമ്പല്‍ കൊണ്ട് മുറിഞ്ഞതായിരുന്നു. അതുവരെ മീനിന്റെ ചെതുമ്പല്‍ ഇത്ര മൂര്‍ച്ചയേറിയതാണെന്ന് ഒരു പിടിയും ഇല്ലായിരുന്നെന്ന് ആന്‍ഡ്രിയ. ഇത്രയൊക്കെ പരിശ്രമിച്ചെങ്കിലും അതുകൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടായില്ലെന്നതിന്റെ നിരാശയിലാണ് ആന്‍ഡ്രിയ. സിനിമയുടെ ഫൈനല്‍ കട്ടില്‍ നിന്ന് ആ രംഗങ്ങള്‍ ഒഴിവാക്കിയതാണ് ഈ സങ്കടത്തിന് കാരണം. 

ചന്ദ്ര എന്ന കഥാപാത്രമായാണ് ആന്‍ഡ്രിയ വടാ ചെന്നൈയില്‍ എത്തുന്നത്. ധനുഷാണ് നായകന്‍. കിഷോര്‍ കുമാര്‍, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, പവന്‍, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com