കര്‍ഷക ആത്മഹത്യയുടെ കാരണങ്ങളിലൊന്ന് ആത്മീയതയുടെ അഭാവം: ശ്രീ ശ്രീ രവിശങ്കര്‍

കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളിലൊന്ന് ആത്മീയതയുടെ അഭാവമാണെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍.
കര്‍ഷക ആത്മഹത്യയുടെ കാരണങ്ങളിലൊന്ന് ആത്മീയതയുടെ അഭാവം: ശ്രീ ശ്രീ രവിശങ്കര്‍

മുംബൈ: കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളിലൊന്ന് ആത്മീയതയുടെ അഭാവമാണെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. മുംബൈയില്‍ നടന്ന പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലും മറ്റും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനെപ്പറ്റി ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മറുപടി. 

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ദാരിദ്ര്യം കൊണ്ട് മാത്രമല്ല ആത്മീയത ഇല്ലാത്തതു കൊണ്ടു കൂടിയാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭയിലെ 512 ഗ്രാമങ്ങളില്‍ നടത്തിയ പദയാത്രയില്‍ നിന്നാണ് ഇക്കാര്യം മനസിലായതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ഒഴിവാക്കാന്‍ യോഗയും പ്രാണയാമയും ശീലമാക്കണമെന്നും ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടു. 

യമുനാ നദീതീരത്ത് ആര്‍ട് ഓഫ് ലിവിങ് സംഘടിപ്പിച്ച പരിപാടിയെപ്പറ്റി ചോദിച്ചപ്പോള്‍, പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തില്‍ ഒന്നും ചെയ്തിട്ടില്ല. യമുനയില്‍ നിന്നും ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍ 500 ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്‌തെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് യമുന തീരത്ത് ആര്‍ട് ഓഫ് ലിവിങിന്റെ നേതൃത്വത്തില്‍ ലോക സാംസ്‌കാരികോത്സവം നടന്നത്. നദീ തീരത്തിന് വന്‍ നാശമുണ്ടായെന്നു ചൂണ്ടിക്കാട്ടി ഗ്രീന്‍ ട്രൈബൂണല്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന് അഞ്ചു കോടി രൂപയാണ് പിഴയായി വിധിച്ചത്. ആര്‍ട് ഓഫ് ലിവിങ് നേതൃത്വം പിഴ അടയ്ക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com