ബിജെപി എംഎല്‍എയുടെ വോട്ട് കോണ്‍ഗ്രസിന്; നളിന്‍ കൊട്ടാഡിയ പണി പറ്റിച്ചു

പട്ടേല്‍ സമുദായത്തെ ബിജെപി കാലാകാലങ്ങളായി അവഗണിക്കുന്നു
ബിജെപി എംഎല്‍എയുടെ വോട്ട് കോണ്‍ഗ്രസിന്; നളിന്‍ കൊട്ടാഡിയ പണി പറ്റിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്താന്‍ ബിജെപി മെനഞ്ഞ തന്ത്രങ്ങള്‍ പൊളിഞ്ഞതിന് പുറമെ സ്വന്തം പാളയത്തില്‍ നിന്ന് തന്നെ വോട്ട് ചോര്‍ച്ചയുണ്ടായത് അമിത് ഷായ്ക്കും കൂട്ടുര്‍ക്കും കനത്ത തിരിച്ചടിയായി.

ഫലപ്രഖ്യാപനം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കവെ താന്‍ അഹമ്മദ് പട്ടേലിന് വോട്ട് ചെയ്‌തെന്ന ബിജെപി എംഎല്‍എ നളിന്‍ കൊട്ടാഡിയ മാധ്യമങ്ങളോടു വെളിപ്പെടുത്തുകയായിരുന്നു. പട്ടേല്‍ സമുദായത്തെ ബിജെപി കാലാകാലങ്ങളായി അവഗണിക്കുന്നു. പട്ടേല്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട യുവാക്കളെ ഓര്‍ത്തപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 14 യുവാക്കളുടെ വേദന ഓര്‍ത്ത താന്‍ ബിജെപിക്ക് എതിരായി വോട്ട് ചെയ്തുവെന്ന്‌ കൊട്ടാഡിയ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

108 അംഗ സഭയില്‍ ഒരു അംഗത്തെ രാജ്യസഭയിലേക്ക് ജയിപ്പിക്കുന്നതിനുള്ള ഭൂരിപക്ഷമാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാല്‍ കുതിരകച്ചവടത്തിലൂടെ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കി അഹമ്മദ് പട്ടേലിന്റെ ജയം തടയാനായിരുന്നു ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞത്. 

44 വോട്ടുകളാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ചട്ടംലംഘിച്ച് വോട്ട് ചെയ്ത രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് റദ്ദാക്കിയതോടെ അഹമ്മദ് പട്ടേല്‍ ജയം ഉറപ്പിക്കുകയായിരുന്നു. 39 വോട്ടാണ് ബിജെപിയുടെ ബല്‍വന്ത് സിങ്ങിന് ലഭിച്ചത്. എന്നാല്‍ അഹമ്മദ് പട്ടേലിന്റെ ജയത്തിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com