സിപിഎം ചരിത്രപരമായ വിഡ്ഡിത്തം ആവര്‍ത്തിക്കുന്നു; യച്ചൂരിക്ക് രാജ്യസഭയില്‍ വൈകാരിക യാത്രയയപ്പ് 

രാജ്യസഭയിലേക്ക് യച്ചൂരിക്ക് ഒരവസരം കൂടി നല്‍കാത്ത സിപിഎം നിലപാടിനെ വിമര്‍ശിച്ച് മറ്റു പാര്‍ട്ടികളിലെ സഭാംഗങ്ങള്‍
സിപിഎം ചരിത്രപരമായ വിഡ്ഡിത്തം ആവര്‍ത്തിക്കുന്നു; യച്ചൂരിക്ക് രാജ്യസഭയില്‍ വൈകാരിക യാത്രയയപ്പ് 

ന്യുഡല്‍ഹി: രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് വൈകാരികമായ യാത്രയയപ്പ്. രാജ്യസഭയിലേക്ക് യച്ചൂരിക്ക് ഒരവസരം കൂടി നല്‍കാത്ത സിപിഎം നിലപാടിനെ വിമര്‍ശിച്ച് മറ്റു പാര്‍ട്ടികളിലെ സഭാംഗങ്ങള്‍ രംഗത്തെത്തിയത് കൗതുകമുണര്‍ത്തുന്ന കാഴ്ചയായി.

ഭരണപ്രതിപക്ഷ ഭേദമെന്യേ അംഗങ്ങള്‍ സഭാംഗം എന്നനിലയില്‍ യച്ചൂരിയുടെ സേവനങ്ങളെയും അദ്ദേഹത്തിന്റെ മികവിനെയും പ്രകീര്‍ത്തിച്ചു.
പ്രതിപക്ഷത്ത് മുന്‍നിരയില്‍ യെച്ചൂരിക്ക് തൊട്ടടുത്തിരിക്കുന്ന എസ്.പി. നേതാവ് രാംഗോപാല്‍ യാദവ് വികാരാധീനനായപ്പോള്‍ യച്ചൂരിതന്നെ ആശ്വസിപ്പിക്കാനെത്തി.യച്ചൂരിക്ക് വീണ്ടും അവസരം നല്‍കാത്തതിനെ രാംഗോപാല്‍ യാദവ് കുറ്റപ്പെടുത്തി.യച്ചൂരി സഭയിലുണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഭരണഘടനപ്രകാരം അതു പറ്റില്ലെന്നാണ് പറയുന്നത്. ഇന്ത്യന്‍ ഭരണഘടനതന്നെ എത്രയോതവണ ഭേദഗതിചെയ്തു. പാര്‍ട്ടി ഭരണഘടന എന്തുകൊണ്ട് ഭേദഗതിചെയ്തുകൂടാ,അദ്ദേഹം ചോദിച്ചു. 

സിപിഎം ചരിത്രപരമായ വിഡ്ഡിത്തം വീണ്ടും ആവര്‍ത്തിക്കുന്നുവെന്നായിരുന്നു അകാലിദള്‍ അംഗം നരേഷ് ഗുജ്‌റാളിന്റെ പരാമര്‍ശം.കമ്യൂണിസ്റ്റ് സാന്നിധ്യം സഭയില്‍ ചുരുങ്ങിച്ചുരുങ്ങിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും സര്‍ക്കാരില്‍ പങ്കാളികളാകാത്തതിനാല്‍ ആശയപരമായി നല്ലതും എന്നാല്‍, നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ യെച്ചൂരിക്ക് സ്വാതന്ത്ര്യമുണ്ടെന്ന മന്ത്രി ജയ്റ്റ്‌ലിയുടെ പരാമര്‍ശം സഭയില്‍ ചിരിപടര്‍ത്തി. യെച്ചൂരിയുടെ പങ്കാളിത്തം ചര്‍ച്ചകളുടെ നിലവാരമുയര്!ത്തിയതായും അദ്ദേഹം പറഞ്ഞു. 

വൈവിധ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ജനങ്ങളുടെ ബന്ധവും ഐക്യവും ശക്തിപ്പെട്ടാല്‍ മാത്രമേ രാജ്യം ശക്തിപ്പെടുകയുള്ളൂവെന്ന് സീതാറാം യച്ചൂരി വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. വൈവിധ്യത്തിനുമേല്‍ മതപരമോ ഭാഷാപരമോ സാസ്‌കാരികമോ ആയ അടിച്ചേല്‍പ്പിക്കലുകള്‍ പാടില്ല. അങ്ങനെവന്നാല്‍ പൊട്ടിത്തെറിയായിരിക്കും ഫലം,അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറത്തുനിന്നുനല്‍കുന്ന പിന്തുണയ്ക്കുള്ള ബൗദ്ധികസ്വത്തവകാശം തന്റെ പാര്‍ട്ടിക്കുള്ളതാണെന്ന അരുണ്‍ ജയ്റ്റ്‌ലിയോടുള്ള യച്ചൂരിയുടെ മറുപടി സഭയില്‍ ചിരിപടര്‍ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com