മുത്തലാഖ് ഭരണഘടനാ വിരുദ്ധം; ആറു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രിം കോടതി

ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ടു ജഡ്ജിമാര്‍ വിയോജിച്ചു, രാജ്യം ഉറ്റുനോക്കിയ കേസില്‍ സുപ്രിം കോടതിയുടെ ഭൂരിപക്ഷ വിധി
മുത്തലാഖ് ഭരണഘടനാ വിരുദ്ധം; ആറു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രിം കോടതി


ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രിം കോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്നു പേരുടെ പിന്തുണയോടെ ഭൂരിപക്ഷ വിധിയാണ് സുപ്രിം കോടതി രാജ്യം ഉറ്റുനോക്കിയ കേസില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍, ജസ്റ്റിസ് അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ മുത്തലാഖിന് മുസ്ലിം വ്യക്തിനിയമത്തിന്റെ പരിരക്ഷ കിട്ടുമെന്ന് വിധിയെഴുതിയപ്പോള്‍ ബെഞ്ചിലെ മൂന്നൂ പേര്‍ ഇത് ഭരണഘനാ വിരുദ്ധമെന്ന് വിധിച്ചു. ഇതോടെ രാജ്യത്ത് മുത്തലാഖ് നിയമവിരുദ്ധമായി.


മുത്തലാഖുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിന് നിയമ നിര്‍മാണം മാത്രമാണ് പോംവഴിയെന്നാണ് ജസ്റ്റിസ് ഖേഹാര്‍ ഉള്‍പ്പെടെ രണ്ടു ജഡ്ജിമാര്‍ വിയോജിപ്പ് വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനായി ആറു മാസത്തിനകം പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ കാലയളവില്‍ മുത്തലാഖ് ഒഴിവാക്കണമെന്ന നിര്‍ദേശവും പരമോന്നത കോടതി മുന്നോട്ടുവച്ചിട്ടുണ്ട്.

മതവിശ്വാസത്തിന്റെ കാര്യമായതിനാല്‍ ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നാണ് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ്ു, ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, ജസ്റ്റിസ് യു യു ലളിത് എന്നിവര്‍ ഭരണഘടനാ വിരുദ്ധമായതിനാല്‍ ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാമെന്ന് വ്യക്തമാക്കി. 

മുത്തലാഖിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനും ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍ എഫ് നരിമാന്‍, യു യു ലളിത്, അബ്ദുള്‍ നസീര്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

മുത്തലാഖിന്റെ ഭരണഘടനാപരമായ സാധുതയാണ് കോടതി പരിശോധിച്ചത്. ബഹുഭാര്യാത്വം, നിക്കാഹ് ഹലാല തുടങ്ങിയ വിഷയങ്ങള്‍ പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തിയാല്‍ മുസ്‌ളിം സമുദായത്തിലെ വിവാഹവും വിവാഹമോചനവും എന്നിവയ്ക്ക് പുതിയ നിയമം രൂപീകരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ബാഹ്യമായ ഇടപെടലിലൂടെ മതപരമായ ആചാരങ്ങളില്‍ മാറ്റംവരുത്തുന്നത് നിയമവിരുദ്ധമാണെന്ന വാദമാണ് മുസ്‌ളിം വ്യക്തിനിയമ ബോര്‍ഡ് മുന്നോട്ടുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com