റാം റഹീമിന് ഇരുപത് വര്‍ഷം തടവ്; പൊട്ടിക്കരഞ്ഞ് ദയ യാചിച്ച് ആള്‍ ദൈവം; ഉത്തരേന്ത്യ മുള്‍മുനയില്‍

റാം റഹീമിന് ഇരുപത് വര്‍ഷം തടവ്; പൊട്ടിക്കരഞ്ഞ് ദയ യാചിച്ച് ആള്‍ ദൈവം; ഉത്തരേന്ത്യ മുള്‍മുനയില്‍

പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗദീപ് സിങ് റാംറഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന റോഥക് ജയിലില്‍ എത്തിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത 

ന്യൂഡല്‍ഹി: സിഖ് വിഭാഗമായ ദേരാ സച്ചാ സൗധയുടെ നേതാവ് ഗുര്‍മീത് റാം റഹിം സിങ് ബലാത്സംഗ കേസില്‍ ഇരുപത് വര്‍ഷം തടവ്. രണ്ടു മാനഭംഗ കേസുകളിലായി ഇരുപത് വര്‍ഷം തടവും 15 ലക്ഷം വീതം പിഴയും നല്‍കണം.
 

പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗദീപ് സിങ് റാംറഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന റോഥക് ജയിലില്‍ എത്തിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. അക്രമ സംഭവങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാനയില്‍ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. വിധി വരും മുമ്പ് ദേരാ സച്ചാ വിശ്വാസികള്‍ സിസ്രയില്‍ രണ്ടു കാറുകള്‍ക്കു തീ വച്ചു.

ഹരിയാനയിലെ സിസ്രയിലുള്ള ആശ്രമത്തില്‍ വച്ച് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റാം റഹീം കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയുണ്ടായ അക്രമങ്ങളില്‍ ഹരിയാനയില്‍ 38 പേരാണ് മരിച്ചത്. ഹരിയാനയ്ക്കു പുറമേ പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലും വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറി. ഉത്തരേന്ത്യയിലെമ്പാടും കലാപ സമാനമായ സാഹചര്യം നിലനിന്ന പശ്ചാത്തലത്തിലാണ് ജഡ്ജി ജയിലില്‍ എത്തി ശിക്ഷാ വിധി പ്രഖ്യാപിച്ചത്. 

പഞ്ച്കുലയില്‍നിന്ന് ഹെലികോപ്റ്ററില്‍ റോഥക്കില്‍ എത്തിയാണ് പ്രത്യേക കോടതി ജഡ്ജി ജഗദീപ് സിങ് കേസില്‍ വിധിപ്രസ്താവം നടത്തിയത്. ഇതിനായി സുനാരിയ ജയിലില്‍ പ്രത്യേക കോടതി മുറി സജ്ജമാക്കിയിരുന്നു. ശിക്ഷാവിധിക്കു മുമ്പായി ഇരുപക്ഷത്തിനും വാദഗതികള്‍ അവതരിപ്പിക്കാന്‍ കോടതി പത്തു മിനിറ്റ് വീതം നല്‍കി. റാംറഹീമിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ റാം റഹീം ഉപദ്രവിച്ച നാല്‍പ്പതിലേറെ സ്ത്രീകള്‍ വേറെയുമുണ്ട്. അവര്‍ പരാതി നല്‍കാന്‍ തയാറാകാത്തതാണ്. ഈ കേസിലെ പരാതിക്കാരിയെ ഗുര്‍മീത് മൂന്നു വര്‍ഷം ലൈംഗികമായി ഉപദ്രവിച്ചെന്നും സിബിഐ അഭിഭാഷകന്‍ പറഞ്ഞു.
റാം റഹീം സാമൂഹ്യ പ്രവര്‍ത്തകനാണെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചത്. സ്വഛഭാരത് ഉള്‍പ്പെടെ ഗുര്‍മീത് ചെയ്ത പ്രവര്‍ത്തനങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ എടുത്തു പറഞ്ഞു.
തെറ്റിനു മാപ്പു ചോദിക്കുന്നതായി അറിയിച്ച ഗുര്‍മീത് ദയ കാണിക്കണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ജഡ്ജിയോട് യാചിച്ചു. മാപ്പര്‍ഹിക്കാത്ത തെറ്റാണ് ഗുര്‍മീതിന്റേത് എന്നായിരുന്നു സിബിഐയുടെ പ്രതികരണം.

പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് അനുയായിയെ ബാലാത്സംഗം ചെയ്ത കേസില്‍ റാം റഹീം ശിക്ഷിക്കപ്പെടുന്നത്. അക്രമ സംഭവങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാനയില്‍ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. വിധി വരും മുമ്പ് ദേരാ സച്ചാ വിശ്വാസികള്‍ സിസ്രയില്‍ രണ്ടു കാറുകള്‍ക്കു തീ വച്ചു. വിശ്വാസികള്‍ സംയമനം പാലിക്കാന്‍ ദേരാ ചെയര്‍പേഴ്‌സണ്‍ വിപാസന ഇന്‍സാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ശിക്ഷാ വിധി പ്രഖ്യാപനം കണക്കിലെടുത്ത് ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിയിലും ദേരാ സച്ചാ സൗധാ വിഭാഗത്തിനു സ്വാധീനമുള്ള മറ്റു പ്രദേശങ്ങളിലും സുരക്ഷാ സേന അതീവ ജാഗ്രത പാലിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഈ പശ്ചാത്തലത്തില്‍ അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത ജാഗ്രതയാണ് സേന പുലര്‍ത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com