രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് താഴേക്ക്; നോട്ട് അസാധുവാക്കല്‍ പ്രധാന കാരണം

നോട്ടസാധുവാക്കിയതാണ് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഇത്രയും താഴേക്ക് പോകാന്‍ കാരണം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്
രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് താഴേക്ക്; നോട്ട് അസാധുവാക്കല്‍ പ്രധാന കാരണം

ന്യൂഡല്‍ഹി: രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുത്തനെ താഴേക്ക്. ഇന്ത്യ മികച്ച സാമ്പത്തിക വളര്‍ച്ച നേടുമെന്ന ലോക ബാങ്ക് പ്രവചനത്തെ തകിടം മറിച്ച് ഇന്ത്യയുടെ ജിഡിപി നിരക്ക് കുറഞ്ഞു. പ്രതീക്ഷിച്ചതിനക്കാള്‍ കുറഞ്ഞ വളര്‍ച്ചാ നിരക്കില്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 5.7 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദനമാണ് (ജിഡിപി) രാജ്യം രേഖപ്പെടുത്തിയത്.നോട്ടസാധുവാക്കിയതാണ് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഇത്രയും താഴേക്ക് പോകാന്‍ കാരണം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

2016 നവംബര്‍ ഒന്‍പതിനായിരുന്നു വിപണിയില്‍നിന്നും 1000, 500 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ജിഡിപി നിരക്കില്‍ വര്‍ധനവ് ഉണ്ടായിരുന്നെങ്കിലും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്നു മൂന്ന്, നാല് പാദങ്ങളിലും വളര്‍ച്ച കുറഞ്ഞിരുന്നു.

മാര്‍ച്ച് പാദത്തില്‍ 6.1 ശതമാനം ജിഡിപിയാണ് ഉണ്ടായത്. ഇതില്‍നിന്നാണ് 5.7 ലേക്കു താഴ്ന്നത്.നിര്‍മാണ മേഖലയിലെ ഇടിവാണു ജിഡിപിയെ ബാധിച്ചതെന്നു മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ ടി.സി.എ.ആനന്ദ് പറഞ്ഞു.കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 10.7 ശതമാനം വളര്‍ച്ചാനിരക്കു രേഖപ്പെടുത്തിയ നിര്‍മാണ മേഖല ഇത്തവണ 1.2 ശതമാനത്തിലേക്കു കുത്തനെ തകര്‍ന്നു. ഇതിന്റെ തിരിച്ചടിയാണ് ജിഡിപിയിലും തെളിഞ്ഞത്.

വളര്‍ച്ചാനിരക്ക് 6.6 ശതമാനത്തിലെത്തുമെന്നായിരുന്നു റോയിട്ടേഴ്‌സ് നടത്തിയ സാമ്പത്തിക വിദഗ്ധരുടെ സര്‍വ്വേയില്‍ പ്രവചിക്കപ്പെട്ടിരുന്നത്. നോട്ട് നിരോധനത്തിന്റെ ആഘാതം തീരാത്തതും ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് സ്‌റ്റോക്ക് ഇല്ലാതാക്കാന്‍ നടത്തിയ നീക്കങ്ങളുമാണ് വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചതെന്നാണ് മറ്റൊരു വിലയിരുത്തല്‍.

സാമ്പത്തിക, ഇന്‍ഷുറന്‍സ്, റിയല്‍ എസ്‌റ്റേറ്റ്, പ്രൊഫഷണല്‍ സേവനമേഖലയിലും ഇടിവ് വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂണ്‍ സാമ്പത്തിക പാദത്തില്‍ 9.4 ശതമാനമായിരുന്നത് 6.4ശതമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com