വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ജേതാക്കള്‍ക്ക് പശുവിനെ സമ്മാനിച്ച് ഹരിയാന സര്‍ക്കാര്‍

ഹരിയാനയിലെ വനിതാ ബോക്‌സിങ് സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഏറ്റവും വിചിത്രമായ സമ്മാനമാണ് ലഭിച്ചത്. 
വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ജേതാക്കള്‍ക്ക് പശുവിനെ സമ്മാനിച്ച് ഹരിയാന സര്‍ക്കാര്‍

ചണ്ഡീഗഡ്: കായിക മത്സരത്തിലും മറ്റും വിജയിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും ആഡംബര കാറും സര്‍ക്കാര്‍ ജോലിയുമെല്ലാം പാരിതോഷികമായി നല്‍കുന്നത് പതിവാണ്. എന്നാല്‍ ഹരിയാനയിലെ വനിതാ ബോക്‌സിങ് സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഏറ്റവും വിചിത്രമായ സമ്മാനമാണ് ലഭിച്ചത്. 

ലോക യൂത്ത് വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് പശുവിനെയാണ് ഹരിയാന സര്‍ക്കാര്‍, സമ്മാനമായി നല്‍കിയിരിക്കുന്നത്. ഹരിയാന ബോക്‌സിങ് അസോസിയേഷന്റെ പ്രസിഡന്റു കൂടിയായ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഓം പ്രകാശ് ധനകറാണ് കായിക താരങ്ങള്‍ക്ക് പാരിതോഷികമായി പശുവിനെ നല്‍കിയത്. 

പശുവിനെ സമ്മാനമായി ലഭിക്കുന്നതിലൂടെ താരങ്ങള്‍ക്ക് ഗുണമേന്‍മയുള്ള പാല്‍ ലഭിക്കും. അങ്ങനെ അവര്‍ക്ക് നല്ല സൗന്ദര്യവും ബുദ്ധിയും ലഭിക്കുമെന്നും ബോക്‌സിങ് അക്കാദമിയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ മന്ത്രി പ്രഖ്യാപിച്ചു. 

'എരുമയുടെ പാലിനേക്കാള്‍ നല്ലത് പശുവിന്‍ പാലാണ്. അതിലാണ് കൊഴുപ്പ് കുറവുള്ളത്. എരുമ അധിക സമയവും ഉറക്കിലായിരിക്കും അതിനേക്കാള്‍ ഊര്‍ജമുള്ളത് പശുവിനാണ്. നിങ്ങള്‍ക്ക് ശക്തിയാണ് വേണ്ടതെങ്കില്‍ എരുമയുടെ പാല്‍ കുടിക്കുക. ബുദ്ധിയും ഭംഗിയും ആവശ്യമാണെങ്കില്‍ പശുവിന്റെ പാല്‍തന്നെ കുടിക്കണം'-ധനകര്‍ പറഞ്ഞു. ബോക്‌സര്‍മാര്‍ക്ക് നല്‍കുന്ന പശു ദിവസം 10 ലിറ്റര്‍ പാല്‍ ചുരത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

നവംബറില്‍ ഗുവാഹത്തിയില്‍ നടന്ന ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന സ്വദേശികളായ നീതു, സാക്ഷി, ജോതി, ശശി എന്നിവര്‍ വിവിധ വിഭാഗങ്ങളിലായി സ്വര്‍ണ മെഡല്‍ നേടിയിരുന്നു. ഇതിനു പുറമെ രണ്ടു വെങ്കല മെഡലുകളും ഹരിയാനയില്‍ നിന്നുള്ള താരങ്ങള്‍ നേടി. ഈ താരങ്ങള്‍ക്കാണ് മാതൃകാപരമായ സമ്മാനമെന്ന് അവകാശപ്പെട്ട് ഹരിയാന സര്‍ക്കാര്‍ പശുക്കളെ സമ്മാനമായി പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com