മല്യയെ ഇന്ത്യയിലേക്ക് കൈമാറല്‍; കേസ് ഇന്ന് പുനരാരംഭിക്കും

വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കുന്നതു സംബന്ധിച്ച കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്നു വാദം പുനരാരംഭിക്കും.
മല്യയെ ഇന്ത്യയിലേക്ക് കൈമാറല്‍; കേസ് ഇന്ന് പുനരാരംഭിക്കും

ലണ്ടന്‍: വിവിധ ബാങ്കുകളില്‍ നിന്ന് വന്‍ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ലണ്ടനിലേക്കു മുങ്ങിയ വ്യവസായി വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കുന്നതു സംബന്ധിച്ച കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്നു വാദം പുനരാരംഭിക്കും.

മുംബൈ ആര്‍തര്‍ റോഡ് ജയില്‍ മല്യയെ പാര്‍പ്പിക്കാന്‍ തയാറാണെന്ന് ഇന്ത്യയ്ക്കുവേണ്ടി വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) കോടതിയെ അറിയിക്കും. ഇന്ത്യന്‍ ജയിലുകള്‍ സുരക്ഷിതമല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവാണെന്നുമുള്ള വാദത്തിലാണ് മല്യ ലണ്ടനില്‍ തന്നെ തുടരുന്നത്. ആ വാദത്തെ മറികടക്കാനാണ് ആര്‍തര്‍ റോഡ് ജയിലിലെ മികവുറ്റ സുരക്ഷാസംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യയുടെ ശ്രമം.

17 ബാങ്കുകളില്‍നിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്തു മുങ്ങിയ മല്യയ്ക്കായി ലണ്ടനിലെ മികച്ച അഭിഭാഷകരാണു ഹാജരാകുന്നത്. 14 വരെ വാദം തുടരുന്ന കേസില്‍ ഈ വര്‍ഷം അവസാനത്തോടെ വിധിയുണ്ടായേക്കും. വിധി മല്യയ്ക്ക് എതിരായാല്‍ രണ്ടുമാസത്തിനകം ഇന്ത്യയ്ക്കു വിട്ടുകൊടുക്കേണ്ടി വരും. അതേസമയം, മല്യയ്ക്ക് അപ്പീലിന് അവസരമുണ്ട്.

ഇന്ത്യയും ബ്രിട്ടനും തമ്മില്‍ 1992 മുതല്‍ കുറ്റവാളി കൈമാറ്റ കരാര്‍ ഉണ്ടെങ്കിലും ഒരാളെ മാത്രമേ ഇതുവരെ വിട്ടുകിട്ടിയിട്ടുള്ളൂ. ഗോധ്ര കലാപക്കേസില്‍ പ്രതിയായ സമീര്‍ഭായ് വിനുഭായ് പട്ടേലായിരുന്നു അത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com