മെഥനോള്‍ ചേര്‍ക്കാന്‍ നയം ഉടന്‍; പെട്രോള്‍ വില ലിറ്ററിന് 22 രൂപയിലെത്തുമെന്ന്‌ നിതിന്‍ ഗഡ്കരി 

പെട്രോളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ത്ത് വിപണിയില്‍ എത്തിക്കുന്നതു സംബന്ധിച്ച നയം സര്‍ക്കാര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
മെഥനോള്‍ ചേര്‍ക്കാന്‍ നയം ഉടന്‍; പെട്രോള്‍ വില ലിറ്ററിന് 22 രൂപയിലെത്തുമെന്ന്‌ നിതിന്‍ ഗഡ്കരി 

പെട്രോള്‍ വിലയും മലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പെട്രോളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ത്ത് വിപണിയില്‍ എത്തിക്കുന്നതു സംബന്ധിച്ച നയം സര്‍ക്കാര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കല്‍കരിയില്‍ നിന്നാണ് മെഥനോള്‍ നിര്‍മിക്കപ്പെടുന്നതെന്നും ഇത് വളരെ ചിലവ് കുറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പെട്രോള്‍ വില ലിറ്ററിന് 80 രൂപയിലെത്തി നില്‍ക്കുമ്പോള്‍ മെഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിപണിയിലെത്തിക്കുന്നതുവഴി പെട്രോള്‍ നിരക്ക് ലിറ്ററിന് 22 രൂപയാക്കി കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ലിറ്ററിന് 17 രൂപ നിരക്കില്‍ മെഥനോള്‍ നിര്‍മ്മിച്ച് ചൈന ഇത് പെട്രോളില്‍ കലര്‍ത്തി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇതു സംബന്ധിച്ച പ്രഖ്യാപനം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

മുബൈയിലും സമീപപ്രദേശങ്ങളിലുമുള്ള ഫാക്ടറികള്‍ക്ക് മെഥനോള്‍ നിര്‍മിക്കാനാവുന്നതാണെന്നും ഇത് പെട്രോള്‍ വില കുറയ്ക്കുന്നതോടൊപ്പം മലിനീകരണം തടയുന്നതിനും സഹായിക്കുമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. പൂര്‍ണ്ണമായും മെഥനോള്‍ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 25 വോള്‍വോ ബസ്സുകള്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ നിരത്തുകളില്‍ എത്തിക്കാനുള്ള ശ്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.

മെഥനോള്‍ കൂടുതല്‍ വ്യാപകമായി ഉപയോഗിക്കാന്‍ ആരംഭിക്കണമെന്നും 70,000കോടിയോളം രൂപ ചിലവാക്കി പെട്രോള്‍ റിഫൈനറികള്‍ സ്ഥാപിക്കുന്നതിന് പകരം മെഥനോള്‍ നിര്‍മിക്കുന്നതിലെ സാധ്യതകള്‍ പെട്രോളിയം മന്ത്രാലയം ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിവര്‍ഷം 22ശതമാനം വീതം വര്‍ദ്ധിക്കുന്ന കാര്‍ വില്‍പനയിലെ തന്റെ ആശങ്ക അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com