ഭര്‍ത്താവിനെ കൊന്ന് കത്തിച്ചു, കാമുകന്റെ മുഖം വികൃതമാക്കി; കാമുകനെ ഭര്‍ത്താവാക്കാന്‍ അല്ലു അര്‍ജുന്റെ സിനിമയെ കൂട്ടുപിടിച്ച് യുവതി

കാമുകന്റെ മുഖം വികൃതമാക്കി പ്ലാസ്റ്റിക് സര്‍ജറി നടത്തി ഭര്‍ത്താവിന്റെ രൂപത്തിലേക്ക് കൊണ്ടുവരാനുള്ള ഭാര്യയുടെ കുടില ബുദ്ധിയാണ് പാതിവഴിയില്‍ പരാജയപ്പെട്ടത്
ഭര്‍ത്താവിനെ കൊന്ന് കത്തിച്ചു, കാമുകന്റെ മുഖം വികൃതമാക്കി; കാമുകനെ ഭര്‍ത്താവാക്കാന്‍ അല്ലു അര്‍ജുന്റെ സിനിമയെ കൂട്ടുപിടിച്ച് യുവതി

ഹൈദരാബാദ്:  ഭര്‍ത്താവിനെ കൊന്ന് തല്‍സ്ഥാനത്ത് കാമുകനെ അവരോധിക്കാനായി തെലുങ്കാന യുവതി കൂട്ടൂപിടിച്ചത് അല്ലു അര്‍ജുന്‍ നായകനായ 'യെവാഡു' എന്ന തെലുങ്ക് സിനിമയുടെ കഥ. കാമുകന്റെ മുഖം വികൃതമാക്കി പ്ലാസ്റ്റിക് സര്‍ജറി നടത്തി ഭര്‍ത്താവിന്റെ രൂപത്തിലേക്ക് കൊണ്ടുവരാനുള്ള ഭാര്യയുടെ കുടില ബുദ്ധിയാണ് പാതിവഴിയില്‍ പരാജയപ്പെട്ടത്. 

ഭര്‍ത്താവിനെ കൊന്ന് മൃതദേഹം കത്തിച്ചു കളഞ്ഞതിന് ശേഷം കാമുകന്റെ മുഖം ആസിഡ് ഒഴിച്ചുപൊള്ളിക്കുകയായിരുന്നു. വീട്ടുകാരുടേയും നാട്ടുകാരുടേയും കണ്ണില്‍ പൊടിയിടുന്നതിനായാണ് സിനിമയെ വെല്ലുന്ന  തിരക്കഥ ഒരുക്കിയത്. സംഭവത്തില്‍ തെലുങ്കാനയില്‍ നിന്നുള്ള സ്വാതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലുങ്കാനയിലെ നാഗര്‍കുര്‍നൂലിലാണ് സംഭവം നടന്നത്.

പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന  'മകന്റെ' പെരുമാറ്റത്തില്‍ സംശയം തോന്നി ഭര്‍ത്താവിന്റെ വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചതോടെയാണ് സത്യം പുറത്തുവന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൊല്ലപ്പെട്ട സുധാകര്‍ റെഡ്ഡിയുമായി സ്വാതിയുടെ വിവാഹം കഴിയുന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. എന്നാല്‍ അടുത്തിടെ രാജേഷ് എന്ന യുവാവിനെ കണ്ടുമുട്ടിയതോടെ ഇവരുടെ ജീവിതം മാറുകയായിരുന്നു. 

രാജേഷുമായുള്ള ബന്ധം പ്രണയത്തിലേക്ക് വഴിമാറി. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഇരുവരും സുധാകര്‍ റെഡ്ഡിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. നവംബര്‍ 26 നാണ് ക്രൂര നാടകം ആരംഭിക്കുന്നത്. ഉറങ്ങിക്കിടന്ന സുധാകര്‍ റെഡ്ഡിയെ സ്വാതിയും രാജേഷും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം മൈസമ്മ റിസര്‍വ് ഫോറസ്റ്റില്‍ കൊണ്ടു പോയി കത്തിച്ചുകളഞ്ഞു. 

സംഭവം നടന്ന രണ്ട് ദിവസത്തിന് ശേഷം രാജേഷിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയശേഷം സുധാകര്‍ റെഡ്ഡിയാണെന്ന് പറഞ്ഞ് അവതരിപ്പിക്കുകയായിരുന്നു. ഹൈദരാബാദില്‍ വെച്ച് അജ്ഞാതരുടെ ആക്രമിക്കുകയായിരുന്നെന്ന് സുധാകറിന്റെ വീട്ടുകാരെ വിശ്വസിപ്പിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷിന്റെ ചികിത്സക്കായി സുധാകറിന്റെ വീട്ടുകാര്‍ അഞ്ച് ലക്ഷത്തോളം രൂപയാണ് മുടക്കിയത്. മകന്റെ പെരുമാറ്റത്തില്‍ അമ്മയ്ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. 

അന്വേഷണത്തില്‍ നടന്ന കാര്യങ്ങളെല്ലാം സ്വാതി സമ്മതിച്ചു. യെവാഡുവിന്റെ കഥയെ ഉപയോഗിച്ച കാര്യവും ഇവരാണ് വ്യക്തമാക്കിയത്. വനമേഖലയില്‍ നിന്ന് രാജേഷിന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തി. രാജേഷ് ചികിത്സയിലാണ്. 2014 ല്‍ പുറത്തിറങ്ങി അല്ലുഅര്‍ജുന്‍, റാം ചരണ്‍ തേജ, ശ്രുതി ഹസന്‍, ആമി ജാക്‌സണ്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അതില്‍ അല്ലു അര്‍ജുന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി രാം ചരണ്‍ തേജയായി മാറുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com