അനീസ് അബ്രാഹിം പിടിമുറുക്കി ; ഛോട്ടാ ഷക്കീല്‍ ഡി കമ്പനി വിട്ടു

ഡി കമ്പനിയിലെ പടലപ്പിണക്കം പാക് ചാരസംഘടനയായ ഐഎസ്‌ഐയെയും ആശങ്കയിലാക്കിയിട്ടുണ്ട്
അനീസ് അബ്രാഹിം പിടിമുറുക്കി ; ഛോട്ടാ ഷക്കീല്‍ ഡി കമ്പനി വിട്ടു

കറാച്ചി : അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയില്‍ ഗ്രൂപ്പിസം മൂര്‍ച്ഛിക്കുന്നു. ദാവൂദ് ഇബ്രാഹിമിന്റെ 
വലംകൈയും വിശ്വസ്തനുമായ ചോട്ടാ ഷക്കീല്‍ ഡി കമ്പനി വിട്ടതായാണ് പുതിയ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. ദാവൂദിന്റെ ഇളയസഹോദരന്‍ അനീസ് ഇബ്രാഹിമിന്റെ ഇടപെടലില്‍ പ്രതിഷേധിച്ചാണ് ഷക്കീല്‍ ഡി കമ്പനി വിട്ടത്. മൂന്നു പതിറ്റാണ്ടായി ദാവൂദിന്റെ കണ്ണും കാതുമായിരുന്നു, അതിവിശ്വസ്തനായ ഛോട്ടാ ഷക്കീല്‍. ഡി കമ്പനിയില്‍ നിന്നും അകന്ന ഛോട്ടാ ഷക്കീല്‍ ദുബായിലെ തന്റെ വിശ്വസ്തരുമായി കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്. 

ദാവൂജിന്റെ കറാച്ചിയിലെ ക്ലിഫ്ടന്‍ ഏരിയയില്‍ നിന്നും രക്ഷപ്പെട്ട ഛോട്ടാ ഷക്കീല്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ ഡി കമ്പനിയുടെ പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ഛോട്ടാ ഷക്കീലായിരുന്നു. എന്നാല്‍ സമീപകാലത്ത് ദാവൂദിന്റെ ഇളയ സഹോദരന്‍ അനീസ്, ഡി കമ്പനിയുടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ തുടങ്ങുകയും, ഷക്കീലിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ദാവൂദ് അനീസിനെ വിലക്കുകയും ചെയ്തിരുന്നു. 

ദാവൂദ് ഇബ്രാഹിം, അനീസ് ഇബ്രാഹിം ( ഫയല്‍ ചിത്രം )
ദാവൂദ് ഇബ്രാഹിം, അനീസ് ഇബ്രാഹിം ( ഫയല്‍ ചിത്രം )

എന്നാല്‍ വിലക്ക് ലംഘിച്ച് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട അനീസ്, ദാവൂദും ഷക്കീലുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അനീസിന്റെ ഇടപെടലുകലില്‍ മനംമടുത്ത ഛോട്ടാ ഷക്കീല്‍ ഡി കമ്പനി വിടുകയായിരുന്നു എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഡി കമ്പനിയിലെ അധികാരത്തര്‍ക്കം ഇതിലെ അംഗങ്ങലെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഇത്രയും നാള്‍ തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്ന ഛോട്ടാ ഷക്കീലിനെ അനുസരിക്കണോ, അനീസ് ഇബ്രാഹിമിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കണോ എന്നതാണ് ഡി കമ്പനിയിലെ അംഗങ്ങളെ വലയ്ക്കുന്നത്. 

അതിനിടെ ഡി കമ്പനിയിലെ പടലപ്പിണക്കം പാക് ചാരസംഘടനയായ ഐഎസ്‌ഐയെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഐഎസ്‌ഐ മുഖ്യമാര്‍ഗമായി ഉപയോഗിച്ചിരുന്നത് ഡി കമ്പനിയെയാണ്. ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ഡി കമ്പനിയുടെ പങ്ക് ഇതിനകം വ്യക്തമായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഡി കമ്പനിയിലെ ചേരിപ്പോര് എങ്ങനെയും പരിഹരിക്കാനുള്ള ശ്രമത്തിലാണ് പാക് ചാരസംഘടനയായ ഐഎസ്‌ഐ എന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com