ആര്‍എസ്എസ് ഇടപെടലില്‍ തര്‍ക്കപരിഹാരം ; ജയ്‌റാം താക്കൂര്‍ ഹിമാചല്‍ മുഖ്യമന്ത്രി

അഞ്ചു തവണ നിയമസഭാംഗവും, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമാണ് ജയ്‌റാം താക്കൂര്‍
ആര്‍എസ്എസ് ഇടപെടലില്‍ തര്‍ക്കപരിഹാരം ; ജയ്‌റാം താക്കൂര്‍ ഹിമാചല്‍ മുഖ്യമന്ത്രി

ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ജയ്‌റാം താക്കൂറിനെ തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എമാരുയെ യോഗമാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. ആര്‍എസ്എസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് താക്കൂര്‍ ഹിമാചല്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. പ്രേംകുമാര്‍ ധൂമലിനും, ജയ്‌റാം താക്കൂറിനും വേണ്ടി പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് രംഗത്തെത്തിയത് പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ സങ്കീര്‍ണമാക്കിയിരുന്നു. 

കേന്ദ്രനിരീക്ഷനായ നരേന്ദ്രസിംഗ് തോമറാണ് ജയ്‌റാം താക്കൂറിനെ തെരഞ്ഞെടുത്ത കാര്യ പ്രഖ്യാപിച്ചത്. ഷിംലയില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ കേന്ദ്രനിരീക്ഷകരായ നിര്‍മ്മല സീതാരാമന്‍, നരേന്ദ്രസിംഗ് തോമര്‍, മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധൂമല്‍, ബിജെപി നേതാക്കളായ ജെപി നദ്ദ, മംഗള്‍ പാണ്ഡെ, അനുരാഗ് താക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആര്‍എസ്എസിന്റെ ശക്തമായ പിന്തുണയും താക്കൂറിന് തുണയായി. മാണ്ഡിയിലെ രജ്പുത് കുടുംബത്തില്‍ ജനിച്ച ജയ്‌റാം താക്കൂര്‍, കോളേജ് പഠനകാലത്ത് എബിവിപിയിലൂടെയാണ് പൊതുരംഗത്തേക്കിറങ്ങുന്നത്. 

അഞ്ചു തവണ നിയമസഭാംഗവും, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമാണ് പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജയ്‌റാം താക്കൂര്‍. 52 കാരനായ ജയ്‌റാം താക്കൂര്‍, മാണ്ഡി ജില്ലയിലെ സേരജ് മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രേംകുമാര്‍ ധൂമലിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരില്‍, പഞ്ചായത്തീരാജ്, ഗ്രാമവികസന മന്ത്രിയായിരുന്നിട്ടുണ്ട്. 2006-2009 കാലയളവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്നിട്ടുണ്ട്. താക്കൂര്‍ മുഖ്യമന്ത്രിയാകുന്നതോടെ, ഹിമാചലില്‍ തലമുറ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. 

ജയ്‌റാം താക്കൂര്‍
ജയ്‌റാം താക്കൂര്‍

ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ മുന്‍മുഖ്യമന്ത്രി പ്രേംകുമാര്‍ ധൂമല്‍ സജ്ജന്‍പൂരില്‍ നിന്ന് ഇത്തവണ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവായ ധൂമലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുകയായിരുന്നു. ധൂമലിനായി നിയമസഭാംഗത്വം ഒഴിയാമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ബിജെപി എംഎല്‍എമാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്രനിരീക്ഷകരായെത്തിയ നിര്‍മ്മല സീതാരാമന്‍, നരേന്ദ്രസിംഗ് തോമര്‍ എന്നിവര്‍ക്ക് മുന്നില്‍ ധൂമല്‍ പക്ഷവും, താക്കൂര്‍ പക്ഷവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തിരുന്നു. 

എന്നാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നും, പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നും പ്രേംകുമാര്‍ ധൂമല്‍ ശനിയാഴ്ച രാത്രി പ്രഖ്യാപിച്ചതോടെയാണ് ആശയക്കുഴപ്പത്തിന് അയവുവന്നത്. ഇതിന് പിന്നാലെ ഒരു നേതാവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ യാതൊരു പ്രചാരണവും ഫേസ്ബുക്ക് വഴിയോ മറ്റു തരത്തിലോ നടത്തരുതെന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവായ ജയ്‌റാം താക്കൂറും തന്റെ അനുയായികളോട് അഭ്യര്‍ത്ഥിച്ചു. 

കേന്ദ്രആരോഗ്യമന്ത്രി ജെപി നദ്ദയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മറ്റൊരു പ്രമുഖ നേതാവ്. നേതാവിനെ തെരഞ്ഞെടുത്താല്‍ പാര്‍ട്ടി ഇന്നുതന്നെ ഇക്കാര്യം വ്യക്തമാക്കി ഗവര്‍ണര്‍ക്ക് കത്ത് നല്‍കും. മുന്‍പ്രദാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25 ന് പുതിയമന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന. ഹിമാചല്‍ പ്രദേശിലെ 68 അംഗ സഭയില്‍ 44 സീറ്റ് നേടിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com