'സെക്‌സും ലഹരിയും പ്രോല്‍സാഹിപ്പിക്കുന്നു' ; പുതുവല്‍സാഘോഷ പാര്‍ട്ടികള്‍ക്കെതിരെ ഹിന്ദു സംഘടനകള്‍

'സെക്‌സും ലഹരിയും പ്രോല്‍സാഹിപ്പിക്കുന്നു' ; പുതുവല്‍സാഘോഷ പാര്‍ട്ടികള്‍ക്കെതിരെ ഹിന്ദു സംഘടനകള്‍

സദാചാര പൊലീസിംഗിന് ഒരു സംഘടനയ്ക്കും അധികാരമില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി

ബംഗലൂരു : പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പാര്‍ട്ടികള്‍ പാടില്ലെന്ന് ഹിന്ദു സംഘടനകള്‍. ഇത്തരം പാര്‍ട്ടികള്‍ സെക്‌സും ലഹരിയും പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് സദാചാര പൊലീസ് ചമയുന്ന ഹിന്ദുസംഘടനകളുടെ വാദം. ഇത്തരം പാര്‍ട്ടികളില്‍ വന്‍തോതില്‍ ലഹരി ഉപയോഗവും ലൈംഗിക അഴിഞ്ഞാട്ടവുമാണ് നടക്കുന്നതെന്ന് സംഘടനകള്‍ ആരോപിച്ചു. 

അതുകൊണ്ടുതന്നെ ഇത്തരം പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ബജ്രംഗ്ദള്‍, വിഎച്ച്പി തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകള്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുവല്‍സരാഘോഷം രാത്രി 12 മണിക്ക് അവസാനിപ്പിച്ച് അടക്കണമെന്ന് ഹോട്ടലുകളോടും സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. 

എന്നാല്‍ ബജ്‌രംഗ് ദള്‍, വിഎച്ച്പി തുടങ്ങിയ സംഘടനകള്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കാന്‍ അധികാരമില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. സദാചാര പൊലീസിംഗിന് ഒരു സംഘടനയ്ക്കും അധികാരമില്ല. എല്ലാ വര്‍ഷവും ഇവര്‍ ഇക്കാര്യം ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഇക്കാര്യം അനുവദിക്കാനാവില്ലെന്നും മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. 

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായുള്ള നൃത്ത പരിപാടിക്ക് പിന്നാലെയാണ് പാര്‍ട്ടികള്‍ക്കെതിരെ സദാചാര വാദികള്‍ രംഗത്തെത്തിയത്. കന്നഡ രക്ഷണ വേദികെ യുവസേന അടക്കമുള്ള സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സണ്ണി ലിയോണിന്റെ നൃത്തപരിപാടി കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷം പുതുവല്‍സരാഘോഷത്തിനിടെ യുവതിയെ മാനഭംഗപ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ ജോലിക്കായി ബംഗളൂരു നഗരത്തില്‍ മാത്രം 15,000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com