മുത്തലാഖ് ബില്‍ സ്ത്രീവിരുദ്ധം; അധികാരം ഇപ്പോഴും പുരുഷനില്‍: വി പി സുഹ്‌റ 

യാതൊരു അധികാരവും ഭാര്യയ്ക്ക് നല്‍കാത്ത പുതിയ നിയമം എങ്ങനെയാണ് മുസ്ലീം സ്ത്രീകളുടെ വിവാഹത്തിനുള്ളിലെ അവകാശം സംരക്ഷിക്കുന്നത്? 
മുത്തലാഖ് ബില്‍ സ്ത്രീവിരുദ്ധം; അധികാരം ഇപ്പോഴും പുരുഷനില്‍: വി പി സുഹ്‌റ 

മുത്തലാഖിനെതിരെ ലോക് സഭ പാസാക്കിയ ബില്‍ സ്ത്രീകള്‍ക്ക് യാതൊരു തരത്തിലുള്ള പ്രയോജനവും ചെയ്യുന്നതല്ലെന്ന് വി പി സുഹ്‌റ. പുരുഷാധിപത്യത്തിന് തന്നെ മുന്‍ഗണന നല്‍കിയിരിക്കുന്ന ബില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നതല്ല. നിയമം പാസാകുമ്പോള്‍ വിവാഹത്തിനെന്നപോലെതന്നെ വിവാഹമോചനത്തിനും മുസ്ലീം സ്ത്രീകള്‍ക്ക് യാതൊരു സ്ഥാനവും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് നിസ അധ്യക്ഷ, വി പി സുഹ്‌റ സമകാലിക മലയാളത്തോട് പ്രതികരിച്ചു. 

ഒറ്റയടിക്കുള്ള മുത്തലാഖ് ചൊല്ലലിനെയാണ് നിയമത്തില്‍ കുറ്റകരമെന്ന് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള തലാക്കുകള്‍ അനുവദനീയമാക്കുകയാണ് ലോക് സഭ അംഗീകരിച്ചിട്ടുള്ള ഈ ബില്‍. ഭര്‍ത്താവിന് ഭാര്യയുടെ അടുക്കല്‍ നേരിട്ടെത്താതെ തന്നെ തലാക്ക് ചൊല്ലാന്‍ അവസരമുണ്ട്. മൂന്ന് മാസത്തെ ഇടവേള ഇട്ടുകൊണ്ട് വ്യത്യസ്ത തീയതികള്‍ കത്തില്‍ കാണിച്ച് ഒരേ ദിവസം തന്നെ കത്ത് കൈമാറാവുന്നതാണ്. പോസ്റ്റ് വഴി കത്ത് അയക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ സ്ത്രീയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ പുരുഷന് ഇവിടെ ഇപ്പോഴും അവകാശമുണ്ടെന്ന വസ്തുതകള്‍ ചൂണ്ടികാട്ടി സുഹ്‌റ പ്രധാനമന്ത്രിക്ക് കത്തയച്ചു. 

ബില്‍ തികച്ചും സ്ത്രീവിരുദ്ധമാണ്. ബില്ലില്‍ ഒരിടത്തുപോലും പങ്കാളിയുമൊത്തുള്ള ജീവിതം തുടരണമോ വേണ്ടയോ എന്ന അവകാശം സ്ത്രീക്ക് നല്‍കുന്നില്ലെന്നും പുരുഷാധിപത്യമാണ് ബില്ലില്‍ നിഴലിക്കുന്നതെന്നും സുഹ്‌റ പ്രതികരിച്ചു. മുന്നോട്ടുള്ള ജീവിതത്തെകുറിച്ച് തീരുമാനം എടുക്കാനുള്ള യാതൊരു അധികാരവും ഭാര്യയ്ക്ക് നല്‍കാത്തൊരു ബില്‍ എത്തരത്തിലാണ് മുസ്ലീം സ്ത്രീകളുടെ വിവാഹത്തിനുള്ളിലെ അവകാശങ്ങളുടെ സംരക്ഷമാകുന്നതെന്ന് സുഹ്‌റ ചോദിക്കുന്നു. 

ഭര്‍ത്താവിനെ മാത്രം അനുകൂലുക്കുന്ന ബില്ലില്‍ എവിടെയാണ് സ്ത്രീകള്‍ക്ക് പിന്തുണ ലഭിച്ചിട്ടുള്ളത്. തലാക്കുകള്‍ക്കിടയില്‍ കാലതാമസം കാണിച്ചുകൊണ്ട് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള ശിക്ഷയില്‍ നിന്ന് പുരുഷന്‍മാര്‍ക്ക് വളരെ എളുപ്പം രക്ഷപ്പെടുകയും ചെയ്യാം. ഭാര്യയുടെ സാനിധ്യത്തിലല്ലാതെ തലാക്ക് ചെയ്യാന്‍ അനുവാദമില്ലെന്ന 2002ലെ സുപ്രീം കോടതി വിധിയും ഈ പുതിയ നിയമത്തോടെ അസാധുവാക്കപ്പെടുകയാണ്. ഇതോടെ നേരിട്ടല്ലാതെയും തലാക്ക് ചെയ്യാമെന്ന ആനുകൂല്യം പുരുഷന് ലഭിക്കുന്നു, പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

ആടിനെയും പശുവിനേയും പോലുള്ള മൃഗങ്ങളെ വില്‍ക്കുന്ന കണക്കെയാണ് മുസ്ലീം സമുദായത്തില്‍ വിവാഹം നടക്കുന്നതുതന്നെ. ശരിയത്ത് നിയമം പ്രകാരം വിവാഹം വധുവിന്റെ പിതാവും (തതുല്യനായ വ്യക്തിയോ) വരനും തമ്മിലുള്ള കരാറാണ്. വിവാഹത്തിനായി വധുവിന്റെ സാനിധ്യമോ ഒരു കൈയ്യടയാളം പോലുമോ ആവശ്യമായി വരുന്നില്ല. വിവാഹം സംബന്ധിച്ച എല്ലാ അധികാരങ്ങളും നല്‍കപ്പെടുന്നത് പുരുഷന് മാത്രമാണ് , സുഹ്‌റ പറഞ്ഞു. 

വിവാഹപരമായ കാര്യങ്ങള്‍ മതവുമായി കൂട്ടികുഴയ്‌ക്കേണ്ട കാര്യമല്ലെന്നും മതേതരത്വ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ ഒരു വിഭാഗത്തിന് മാത്രം ഏകപക്ഷീയമായ തരത്തിലുള്ള നിയമങ്ങള്‍ അനുവദിക്കുന്നത് എന്തിനാണെന്നും സുഹ്‌റ ചോദിക്കുന്നു. 

'ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് ഉറപ്പായാല്‍ യോജിച്ച് വിവാഹമോചനം എന്നൊരു തീരുമാനത്തിലേക്ക് എത്താവുന്നതാണ്. അത്തരം വിവാഹമോചനങ്ങള്‍ കോടതി മുഖാന്തരം നടക്കുന്നതിനെ എതിര്‍ക്കുന്നില്ല മറിച്ച് ഏകപക്ഷീയമായി പുരുഷന്‍മാരുടെ ഇഷ്ടാനുസരണം ബന്ധം വേര്‍പ്പെടുത്താമെന്നത് അനുവദിക്കാന്‍ കഴിയില്ല.' സുഹ്‌റ നിലപാട് വ്യക്തമാക്കുന്നു.

നിലവിലുള്ള സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് ബാധകമാക്കുന്നതാണ് വിവാഹമോചനത്തിലെ തുല്യതയ്ക്ക് വേണ്ടതെന്നാണ് നിസയുടെ വാദം. പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഇത് ആവശ്യപ്പെട്ടിട്ടുണ്ട്. പുരുഷന്മാര്‍ക്കുമാത്രം അധികാരം നല്‍കുന്ന നിയമം അംഗീകരിക്കില്ലെന്നും നിസ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com