കളി വിഐപികളോടോ? ശശികലയ്ക്കു ജയിലില്‍ വിഐപി പരിഗണനയെന്ന് റിപ്പോര്‍ട്ട് ചെയ്ത ഡി രൂപയെ സ്ഥലം മാറ്റി

കളി വിഐപികളോടോ? ശശികലയ്ക്കു ജയിലില്‍ വിഐപി പരിഗണനയെന്ന് റിപ്പോര്‍ട്ട് ചെയ്ത ഡി രൂപയെ സ്ഥലം മാറ്റി

ബെംഗളൂരു: പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍കഴിയുന്ന വികെ ശശികലയ്ക്കു വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയ ജയില്‍ ഡിഐജി ഡി രൂപയെ സ്ഥലം മാറ്റി. ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് രൂപയെ സ്ഥലം മാറ്റിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ (അമ്മ) ജനറല്‍ സെക്രട്ടറി ശശികലയ്ക്കു ജയിലില്‍ വിഐപി  പരിഗണനയാണ് ലഭിക്കുന്നതെന്നു ചൂണ്ടിക്കാട്ടി രൂപ കഴിഞ്ഞ ദിവസം ഡിജിപിക്കു റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

ശശികലയ്ക്കു ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതിനു ജയില്‍ മേധാവി അടക്കമുള്ളവര്‍ക്കു രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നും രൂപ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു ഡി രൂപ മാധ്യമങ്ങളെ കണ്ടുവെന്നാണ് സ്ഥലം മാറ്റത്തിന് കാരണമെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. 

ശശികലയ്ക്കു ജയിലില്‍ വിഐപി പരിഗണനയാണ് നല്‍കുന്നതെന്ന റിപ്പോര്‍ട്ട് ചെയ്ത രൂപയുടെ നടപടി മികച്ചതാണ്. അതേസമയം, ഇക്കാര്യം മാധ്യമങ്ങള്‍ക്കു നേരിട്ടു നല്‍കിയതു അംഗീകരിക്കാനാവില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രൂപയെ സ്ഥലംമാറ്റിയ സംഭവത്തില്‍ കര്‍ണാടക പ്രതിപക്ഷം ആശങ്കരേഖപ്പെടുത്തി. സിദ്ധരാമയ്യ സര്‍ക്കാര്‍ അഴിമതി പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം നടപടികളിലൂടെയെന്ന് പ്രതിപക്ഷം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com