രാജസ്ഥാനിലെ എണ്ണപ്പാടത്തുനിന്ന് വന്‍തോതില്‍ ക്രൂഡ് ഓയില്‍ മോഷണം: പ്രതികള്‍ പോലീസ് പിടിയില്‍

രാജസ്ഥാനിലെ കെയില്‍ ഇന്ത്യ ഓയില്‍ഫീല്‍ഡിലാണ് മോഷണം നടന്നത്.
രാജസ്ഥാനിലെ എണ്ണപ്പാടത്തുനിന്ന് വന്‍തോതില്‍ ക്രൂഡ് ഓയില്‍ മോഷണം: പ്രതികള്‍ പോലീസ് പിടിയില്‍

രാജസ്ഥാന്‍: 50 ദശലക്ഷം ലിറ്റര്‍ അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) കടത്തിയ സംഘത്തെ പോലീസ് പിടികൂടി. രാജസ്ഥാനിലെ കെയില്‍ ഇന്ത്യ ഓയില്‍ഫീല്‍ഡിലാണ് മോഷണം നടന്നത്. രാജ്യത്തെ ഏറ്റവും വലിയ ഓയില്‍ ഫീല്‍ഡാണിത്. കഴിഞ്ഞ ആറു വര്‍ഷം കൊണ്ടാണിവര്‍ 50 ദശലക്ഷം ലിറ്ററോളം ഓയില്‍ കടത്തിയത്. വെള്ളം കൊണ്ടുപോകാനുള്ള ടാങ്കറുകളിലായിരുന്നു മോഷണം.

സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള 25 പേരെയാണ് രാജസ്ഥാന്‍ പോലീസ് പിടികൂടിയിട്ടുള്ളത്. കെയിന്‍ ഓയില്‍ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരും കരാര്‍ ജീവനക്കാരുമടക്കം 75 ലധികം പേര്‍ മോഷ്ടാക്കളുടെ സംഘത്തിന് സഹായം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഗംഗന്ദീപ് സിംഗ്ല പറഞ്ഞു.

ഖനനത്തിനിടെ ലഭിക്കുന്ന വെള്ളം പുറത്തെത്തിക്കുന്ന വാഹനങ്ങളില്‍ ക്രൂഡോയില്‍ കടത്തിയെന്നാണ് സംശയിക്കുന്നത്. വാഹനങ്ങളില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസ് സംവിധാനം പ്രവര്‍ത്തന രഹിതമാക്കിയായിരുന്നു. എണ്ണപ്പാടത്തിനു സമീപമുള്ള രണ്ട് ചെറുകിട ഫാക്ടറി ഉടമകളായിരുന്നു സംഘത്തില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നത്. 

ബ്രിട്ടീഷ് ഖനന കമ്പനിയായ വേദാന്ത റിസോഴ്‌സസിന്റെ ഉടമസ്ഥതയിലുള്ള എണ്ണപ്പാടമാണിത്. ഏകദേശം 49 കോടി രൂപയുടെ ക്രൂഡ് ഓയിലാണ് ഇവിടെനിന്ന് മോഷണം പോയതായി കണക്കാക്കുന്നത്. കമ്പനിയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ ക്രൂഡ് ഓയില്‍ മോഷണം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com