കര്‍ഷകകുടുംബത്തെ കാണാനെത്തിയ മേധാപട്കറെയും യോഗേന്ദ്ര യാദവിനെയും സ്വാമി അഗ്നിവേശിനെയും പോലീസ് അറസ്റ്റു ചെയ്തു

ദേശീയപാതയില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു
കര്‍ഷകകുടുംബത്തെ കാണാനെത്തിയ മേധാപട്കറെയും യോഗേന്ദ്ര യാദവിനെയും സ്വാമി അഗ്നിവേശിനെയും പോലീസ് അറസ്റ്റു ചെയ്തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ പോലീസ് കൊലപ്പെടുത്തിയ കര്‍ഷകരുടെ കുടുംബങ്ങളെ കാണാനെത്തിയ സാമൂഹികപ്രവര്‍ത്തകരായ മേധാപട്കറെയും യോഗേന്ദ്ര യാദവിനെയും സ്വാമി അഗ്നിവേശിനെയും പോലീസ് തടഞ്ഞു. മൂവരുമടങ്ങുന്ന സംഘത്തെ കസ്റ്റഡിയിലെടുത്ത പോലീസ് പിന്നീട് വിട്ടയച്ചു.
കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാനായാണ് മേധാപട്കറും യോഗേന്ദ്ര യാദവും സ്വാമി അഗ്നിവേശും മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലേക്കെത്തിയത്. ദോദ്ദാര്‍ ടോള്‍പ്ലാസയില്‍ എത്തിയ സംഘത്തെ പോലീസ് വഴിയില്‍ തടഞ്ഞു. കര്‍ഷകകുടുംബത്തെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പോലീസ്. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് സന്ദര്‍ശനം തടയുന്നതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.

പോലീസ് നിലപാട് കടുപ്പിച്ചതോടെ ദേശീയപാതയില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. തുടര്‍ന്ന് മൂന്നുപേരെയും മുപ്പതോളം വരുന്ന സംഘത്തെയും പോലീസ് അറസ്റ്റു ചെയ്തു പിന്നീട് വിട്ടയച്ചു. ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് മോഹിത് കുമാറിനെ നേരത്തെ ഇവിടെ തടഞ്ഞിരുന്നു.
വിളകള്‍ക്ക് ന്യായവില ഉറപ്പുവരുത്തുക, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണം എന്നീ ആവശ്യങ്ങളുമായി സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്കുനേരെ പോലീസ് വെടിയുതിര്‍ക്കുകയും ആറു കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇത് ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് മറ്റു സംസ്ഥാനങ്ങളിലുള്ള കര്‍ഷകരും സമരപരിപാടികളുമായി മുന്നോട്ടുപോയത്. കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായാണ് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ മേധാപട്കറും സംഘവും തീരുമാനിച്ചത്. എന്നാല്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട മന്‍സോര്‍ പ്രദേശത്ത് പോലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കര്‍ഷകരെ തീര്‍ത്തും ഒറ്റപ്പെടുത്താനുള്ള ശ്രമമായാണ് ഇത് കണക്കാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com