ഗുണനിലവാരമില്ലാത്ത പതഞ്ജലിയുടെ ആറ് ഉത്പന്നങ്ങള്‍ നേപ്പാള്‍ നിരോധിച്ചു

അമല ചൂര്‍ണം, ത്രിഫല ചൂര്‍ണം, അദ്വിയ ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, അശ്വഗന്ദ, ബാഹുചി ചൂര്‍ണം എന്നീ ഉത്പന്നങ്ങളുടെ വില്‍പ്പനയാണ് നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്
ഗുണനിലവാരമില്ലാത്ത പതഞ്ജലിയുടെ ആറ് ഉത്പന്നങ്ങള്‍ നേപ്പാള്‍ നിരോധിച്ചു

കാഠ്മണ്ഡു: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യോഗാ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയുടെ ആറ് ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ നേപ്പാള്‍ സര്‍ക്കാരിന്റെ നിര്‍ദേശം. നേപ്പാളിലെ വിവിധ വില്‍പ്പന ശാലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതിന് ശേഷമാണ് പതഞ്ജലിയുടെ ആറ് ഉത്പന്നങ്ങള്‍ നേപ്പാള്‍ നിരോധിച്ചിരിക്കുന്നത്. 

ഈ മരുന്നുകള്‍ ഇനി രോഗികള്‍ക്ക് ശുപാര്‍ശ ചെയ്യാനും, വില്‍ക്കാനും പാടില്ലെന്ന് നേപ്പാള്‍ സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ പ്രവര്‍ത്തിക്കുന്ന ദിവ്യാ ഫാര്‍മസി നിര്‍മിച്ച ഉത്പന്നങ്ങളാണ് ഇവ. പതഞ്ജലിയുടെ നേപ്പാള്‍ വിഭാഗത്തെ ഇക്കാര്യം അറിയിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

അമല ചൂര്‍ണം, ത്രിഫല ചൂര്‍ണം, അദ്വിയ ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, അശ്വഗന്ദ, ബാഹുചി ചൂര്‍ണം എന്നീ ഉത്പന്നങ്ങളുടെ വില്‍പ്പനയാണ് നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. 

പതജ്ഞലിയെ കൂടാതെ മറ്റൊരു ഇന്ത്യന്‍ കമ്പനിയുടെ ഉത്പന്നങ്ങളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ലാബ് ലിമിറ്റണ്ട് നിര്‍മിച്ച ബാക്‌റ്റോലാവ് എന്ന മരുന്നാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടിരിക്കുന്നത്. 

ഹരിദ്വാറിലെ ആയുര്‍വേദ ആന്‍ഡ് യുനാനിയില്‍ നടത്തിയ പരിശോധനയില്‍ പതജ്ഞലിയുടേത് ഉള്‍പ്പെടെ വിപണിയിലുള്ള 40 ശതമാനം ഉത്പന്നങ്ങളും ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയിരുന്നു. വിവരാവകാശ നിയമപ്രകാരമാണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com