ലാലു പ്രസാദ് യാദവിന് രക്ഷയില്ല; കാലിത്തീറ്റ കുംഭകോണ കേസില്‍ വിചാരണ നേരിടണം

ലാലുവിനെ കുറ്റവിമുക്തനാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി
ലാലു പ്രസാദ് യാദവിന് രക്ഷയില്ല; കാലിത്തീറ്റ കുംഭകോണ കേസില്‍ വിചാരണ നേരിടണം

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായി ലാലു പ്രസാദ് യാദവിന് തിരിച്ചടി. കേസില്‍ ലാലുവിനെ കുറ്റവിമുക്തനാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

ലാലുവിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. 2014ലായിരുന്നു ലാലുവിനെ ജാര്‍ഖണ്ഡ് കോടതി കാലിത്തീറ്റ കുംഭകോണ കേസില്‍ കുറ്റവിമുക്തനാക്കിയത്. ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതോടെ ലാലു ഇനി വിചാരണ നേരിടണം. 

സമാനമായ ഒരു കേസില്‍ വിചാരണ നേരിടുകയും, ശിക്ഷ അനുഭവിക്കുകയും ചെയ്തതിനാല്‍, ഒരേ സാക്ഷികളും, തെളിവുകളുമുള്ള മറ്റൊരു കേസില്‍ വിചാരണ നേരിടേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു ജാര്‍ഖണ്ഡ് കോടതി ലാലുവിനെ കുറ്റവിമുക്തനാക്കിയത്. എന്നാല്‍ ജാര്‍ഖണ്ഡ് കോടതിയുടെ ഈ ഉത്തരവ് തള്ളിയ സുപ്രീംകോടതി നാല് കേസുകളിലും വെവ്വേറെ വിചാരണ വേണമെന്നും വ്യക്തമാക്കി. 

1996ലാണ് കാലിത്തീറ്റ കുംഭകോണ കേസ് പുറത്തുവരുന്നത്. 20 വര്‍ഷത്തിനിടയില്‍ കാലിത്തീറ്റയ്ക്കും മരുന്നുകള്‍ക്കുമായി 900 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. 2013 ഒക്‌റ്റോബറില്‍ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ലാലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും അഞ്ച് വര്‍ഷം കഠിന തടവ് വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2013 ഡിസംബറില്‍ ലാലുവിന് കോടതി ജാമ്യം അനുവദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com