ജയലളിതയുടെ അവധിക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റ് ഏറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു
ജയലളിതയുടെ അവധിക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: ദുരൂഹതകള്‍ നിറഞ്ഞുനിന്ന, അധികമാരും കാണാത്ത കോടനാട് എസ്‌റ്റേറ്റിന്റെയും ജയലളിതയുടെ അവധിക്കാല വാസഗൃഹമായ ബംഗ്ലാവിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തുവിട്ടു. പുതുലമുറൈ ചാനലാണ് ഹെലിക്യാം വ്യൂവിലൂടെ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടത്.
ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റ് ഏറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു. അടുത്തിടെ മലയാളികളുള്‍പ്പെട്ട സംഘം കോടനാട് എസ്‌റ്റേറ്റിലെ വാച്ച്മാനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.
ജയലളിത ജീവിച്ചിരുന്നപ്പോള്‍ ഈ അവധിക്കാല വസതിയുള്‍പ്പെടുന്ന കോടനാട് എസ്‌റ്റേറ്റിലേക്ക് വളരെ കുറച്ചുപേര്‍ക്കുമാത്രമാണ് പ്രവേശനമുണ്ടായിരുന്നത്. ഏഴുമലകള്‍ ഉള്‍പ്പെടുന്ന 886 ഏക്കര്‍ തേയിലത്തോട്ടത്തിനു നടുവിലായി ഒരു ബംഗ്ലാവിലാണ് ജയലളിത അവധിക്കാലത്ത് താമസിച്ചിരുന്നത്. നീലഗിരി ജില്ലയിലെ കോടനാട് വ്യൂപോയിന്റ് റോഡില്‍ കോട്ടഗിരിയില്‍നിന്ന് പത്തു കിലോമീറ്റര്‍ സഞ്ചരിച്ചാലാണ് കോടനാട് എസ്‌റ്റേറ്റിലേക്ക് എത്തുക.

ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗ്ഗം കോയമ്പത്തൂരിലെത്തി ഹെലികോപ്റ്ററില്‍ എസ്റ്റേറ്റിനുള്ളിലെ ഹെലിപാഡിലിറങ്ങുകയായിരുന്നു ജയലളിതയുടെ പതിവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നേയായിരുന്നു അവസാനമായി ജയലളിത ഇവിടെ എത്തിയത്. കോടിക്കണക്കിന് ആസ്തിയുള്ള കോടനാട് ജയലളിതയുടെ വിലപ്പെട്ട പലതുംകൊണ്ട് സമ്പന്നമാണെന്നാണ് കേള്‍വികേട്ടിരിക്കുന്നത്.
തേയില ഫാക്ടറി, എസ്റ്റേറ്റ് ഓഫീസ്, ആശുപത്രി, തൊഴിലാളികള്‍ക്കുള്ള താമസസ്ഥലം എന്നിവയെല്ലാം ഇവിടെയുണ്ട്. കോടനാട് എസ്‌റ്റേറ്റില്‍ എത്തിയാല്‍ ഇലക്ട്രിക് കാറെടുത്ത് ചുറ്റിക്കാണുക എന്നതാണ് ജയലളിതയുടെ ശീലം.
കോടനാട് എസ്‌റ്റേറ്റ് ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നാഥനില്ലാത്ത അവസ്ഥയിലാണ്. ജയലളിതയുടെ മരണത്തോടെ കോടനാട് എസ്‌റ്റേറ്റ് എന്ന സ്ഥാപനത്തിന് നായിക നഷ്ടപ്പെട്ടെങ്കിലും ഓഹരിഉടമകളായി ശശികലയും ഇളവരശിയുമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയിലില്‍ കിടക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com