കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു 

കേന്ദ്രപരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു - വലിയ നഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി -  നര്‍മ്മദാ നദീ സംരക്ഷണ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത് 
കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു 

ന്യൂഡെല്‍ഹി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ വര്‍ഷം നടത്തിയ പുനസംഘടനയിലാണ് അനില്‍ മാധവ് ദവെ കേന്ദ്രമന്ത്രിസഭയിലെത്തിയത്. മാധവ് ദവെയുടെ ആകസ്മികമായ അന്ത്യം വലിയ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
 

അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അനില്‍ മാധവ് ദവെ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലും കുറച്ച് ദിവസങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കര്‍ക്കശമായ നിലപാട് സ്വീകരിച്ച മന്ത്രിയായിരുന്നു അനില്‍ മാധവ് ദവെ. 


കഴിഞ്ഞ ദിവസം രാത്രി വൈകുംവരെ അനില്‍ ദവെയുമായി സംസാരിച്ചിരുന്നതായും പരിസ്ഥിതി നയം സംബന്ധിച്ച കാര്യങ്ങളാണ് സംസാരിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. കേന്ദ്ര മന്ത്രിമാരും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ദവെയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. അനില്‍ ദവെയുടെ മരണം ഭരണരംഗത്ത് വലിയ നഷ്ടമാണെന്ന്  നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ആര്‍എസ്എസ് നേതൃത്വത്തില്‍നിന്നാണ് അനില്‍ ദവെ മോദി സര്‍ക്കാരില്‍ പരിസ്ഥിതി മന്ത്രിയായി നിയോഗിക്കപ്പെടുന്നത്. കഴിഞ്ഞ മന്ത്രിസഭാ പുനസംഘടനയില്‍ ദവെയെ ഉള്‍പ്പെടുത്തിയത് അപ്രതീക്ഷിതമായി ആയിരുന്നു. പരിസ്ഥിതി മന്ത്രിയാവും മുമ്പുതന്നെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ദവെ. നര്‍മദാ സംരക്ഷണമായിരുന്നു അദ്ദേഹത്തിന്റെ വിവിധ പ്രവര്‍ത്തന മേഖലകളില്‍ ഒന്ന്. 

പശ്ചിമഘട്ട സംരക്ഷണത്തില്‍ കേന്ദ്രസര്‍ക്കാരിന് തുറന്ന മനസ്സാണെന്നായിരുന്നു കേരള സന്ദര്‍ശന വേളയില്‍ മന്ത്രി വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ അന്തിമവിജ്ഞാപനത്തിന് മുമ്പായി മുഴുവന്‍ റിപ്പോര്‍ട്ടുകളും പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഏതെങ്കിലും ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ തീരുമാനമെടുക്കില്ല. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും മറ്റ് പഠന റിപ്പോര്‍ട്ടുകളും വിദഗ്ധാഭിപ്രായവും പരിഗണിക്കും. സംസ്ഥാനങ്ങളുടെ അഭിപ്രായവും ശേഖരിക്കുമെന്ന് ദവെ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com