കേരളം, ബംഗാള്‍, ഒഡീഷ പിടിക്കാന്‍ തന്ത്രങ്ങളുമായി ബിജെപി; മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷം മൂന്ന് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച്

ആഘോഷങ്ങള്‍ക്കിടയിലും ബിജെപി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളുമായാണ് ബിജെപിയുടെ വരവ്
കേരളം, ബംഗാള്‍, ഒഡീഷ പിടിക്കാന്‍ തന്ത്രങ്ങളുമായി ബിജെപി; മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷം മൂന്ന് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച്

ന്യൂഡല്‍ഹി: 20 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബിജെപി രൂപം നല്‍കിയിരിക്കുന്നത്. ഈ ആഘോഷങ്ങള്‍ക്കിടയിലും ബിജെപി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളുമായാണ് ബിജെപിയുടെ വരവ്.

ഉത്തര്‍പ്രദേശ് കീഴടക്കിയതിന് പിന്നാലെ കേരളവും ബംഗാളുമാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരളം, ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ പരിപാടികള്‍. 

അമിത് ഷാ ഉള്‍പ്പെടെ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ദേശീയ നേതാക്കന്മാരും, കേന്ദ്ര മന്ത്രിമാരുമെല്ലാം ഈ മൂന്ന് സംസ്ഥാനങ്ങളിലായി പാര്‍ട്ടിയുടെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ഇടതു വലതു മുന്നണികള്‍ക്കെതിരെ രാഷ്ട്രീയ വികാരം ഉയര്‍ത്താനാണ് ബിജെപിയുടെ ലക്ഷ്യം. 

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ത്ര ഫട്‌നാവിസ്, കേന്ദ്ര ആരോഗ്യ മന്ത്രി ജെപി.നദ്ദ, നിയമമന്ത്രി ആര്‍.എസ്.പ്രസാദ്, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍, കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തിലേക്കെത്തും. 27 പരിപാടികള്‍ക്കാണ് ബിജെപി കേരളത്തില്‍ രൂപം നല്‍കിയിരിക്കുന്നത്.

എന്നാല്‍ ബംഗാളില്‍ സ്വാധീനം ശക്തിപ്പെടുത്തുന്നതിനാണ് ബിജെപി മുന്‍തൂക്കം നല്‍കുന്നത്. 60 പരിപാടികള്‍ക്കാണ് ബിജെപി ഇവിടെ രൂപം നല്‍കിയിരിക്കുന്നത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്, ജാര്‍ഖണ്ഡ് മുഖ്യമന്തി രഘുബാര്‍ ദാസ് എന്നിവര്‍ ബിജെപിക്കായി ബംഗാള്‍ ഇളക്കിമറിക്കാനായെത്തും. ഇവരെ കൂടാതെ സുരേഷ് പ്രഭു ഉള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാരും ബംഗാളിലെ മമതയുടെ സ്വാധാനത്തിന് തടയിടാനെത്തും. ഈ മൂന്ന് സംസ്ഥാനങ്ങളിലും അധികാരത്തിലെത്താനും, ലോക് സഭാ വോട്ട് ശതമാനം വര്‍ധിപ്പിക്കാനും ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്ന വ്യക്തമായ ധാരണയോടെയാണ് ബിജെപി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com