മുര്‍മുവിനെ തഴഞ്ഞു, സുഷമ സ്വരാജിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എസ്എസ്

ആദിവാസി നേതാവിനെ തഴഞ്ഞ് ബ്രാഹ്മണ വിഭാഗത്തില്‍നിന്നുള്ളവരെ പരിഗണിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്ന വാദം സംഘം പരിഗണിച്ചില്ല
മുര്‍മുവിനെ തഴഞ്ഞു, സുഷമ സ്വരാജിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എസ്എസ്


ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ രാഷട്രപതിയാക്കാന്‍ ആര്‍എസ്എസ് സജീവ നീക്കം തുടങ്ങി. ഒഡിഷയില്‍നിന്നുളള ദലിത് നേതാവ് ദ്രൗപതി മുര്‍മുവിനെ രാഷട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് സുഷമയ്ക്കായി ആര്‍എസ്എസ് ചരടുവലികള്‍ ശക്തമാക്കിയിരിക്കുന്നത്.

ദ്രൗപതി മുര്‍മു, സുമിത്ര മഹാജന്‍, സുഷമ സ്വരാജ് എന്നിവരുടെ പേരുകളാണ് രാഷട്രപതി സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടേതായി ബിജെപി നേതാക്കള്‍ സൂചന നല്‍കിയിരുന്നത്. തവാര്‍ ചന്ദ് ഗെലോട്ട്, വെങ്കയ്യ നായിഡു എന്നിവരുടെ പേരുകളും റിപ്പോര്‍ട്ടുകളില്‍ വന്നിരുന്നെങ്കിലും മുര്‍മുവിനാണ് പാര്‍ട്ടി നേതാക്കള്‍ പ്രാമുഖ്യം നല്‍കിയിരുന്നത്. 

നിലവില്‍ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ആയ മുര്‍മു ഒഡിഷയില്‍നിന്നുള്ള മുതിര്‍ന്ന നേതാവാണ്. ഗോത്രവിഭാഗത്തില്‍നിന്നുള്ള ഒരാളെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കുക വഴി രാഷട്രീയ നേട്ടമുണ്ടാക്കാം എന്നതായിരുന്നു ഇക്കാര്യത്തില്‍ ബിജെപി നേതാക്കളുടെ കണക്കുകൂട്ടല്‍. ഒഡിഷയില്‍ പാര്‍ട്ടിയുടെ മുന്നേറ്റം ഇതിലൂടെ കൂടുതല്‍ ശക്തിപ്പെടുത്താനാവുമെന്നും അവര്‍ വിലയിരുത്തി. ദലിത് വിഭാഗത്തില്‍നിന്നുള്ള നേതാവ് എന്ന നിലയില്‍ പാര്‍ട്ടി ഭേദമെന്യേ പിന്തുണ ആര്‍ജിക്കാനാവും എന്നതും ഒഡിഷയില്‍ നിര്‍ണായക അംഗബലമുള്ള ബിജെഡിയുടെ പിന്തുണ ഉറപ്പാക്കാനാവും എന്നതും മുര്‍മുവിനെ പരിഗണിക്കാന്‍ ബിജെപി നേതാക്കള്‍ക്കു പ്രേരണയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ഥിക്കായി ശ്രമം തുടങ്ങിയ സാഹചര്യത്തില്‍ ഇതു ഗുണം ചെയ്യുന്ന നീക്കമാവും എന്നാണ് പാര്‍ട്ടി കണക്കൂട്ടിയത്.

മുര്‍മുവിന്റെ പേരു മാധ്യമങ്ങളില്‍ നേരത്തെ തന്നെ പരാമര്‍ശിക്കപ്പെട്ടെങ്കിലും സംഘപരിവാര്‍ ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സുഷമയെ സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള നിര്‍ദേശം ആര്‍എസ്എസ് നേതൃത്വം മുന്നോട്ടുവച്ചതായാണ് സൂചനകള്‍. സ്ഥാനാര്‍ഥി പട്ടികയില്‍ പ്രാഥമിക പരിഗണന സുഷമയ്ക്കും രണ്ടാം പരിഗണന ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനും നല്‍കണമെന്നാണ് ആര്‍എസ്എസിന്റെ താത്പര്യം. ഇതോടെ ദ്രൗപതി മുര്‍മു സ്ഥാനാര്‍ഥിയാവില്ലെന്നാണ് ഏതാണ്ട് വ്യക്തമായിട്ടുണ്ട്.

സുഷമ സ്വരാജ് സ്ഥാനാര്‍ഥിയാവുന്നത് ചില പ്രതിപക്ഷ പാര്‍ട്ടികളുടെയെങ്കിലും വോട്ടു നേടിയെടുക്കാന്‍ സഹായകമാവുമെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്‍ഡിഎയില്‍ തന്നെ ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയെ അനുനയിപ്പിക്കാനും സുഷമയുടെ സ്ഥാനാര്‍ഥിത്വത്തിന് ആവും. എന്നാല്‍ വിദേശകാര്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന സുഷമ രാഷ്ട്രപതിയാവുന്നതോടെ ഭരണരംഗത്തുണ്ടാവുന്ന വിടവ് വലുതായിരിക്കുമെന്നും ഇവര്‍ പറയുന്നു. അതേസമയം സുഷമയെയും സുമിത്ര മഹാജനെയും പരിഗണിക്കാനുള്ള ആര്‍എസ്എസ് നിര്‍ദേശം ബ്രാഹ്മണാധിപത്യം എന്ന വിമര്‍ശനത്തിന് ബലം നല്‍കുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. സുഷമ സ്വരാജും സുമിത്ര മഹാജനും ബ്രാഹ്മണ വിഭാഗത്തില്‍നിന്നുള്ളവരാണ്. മുര്‍മുവിനെപ്പോലെ ഒരു ഗോത്രനേതാവിനെ തഴഞ്ഞ് ഇവരെ പരിഗണിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കും എന്നാണ് ഇവരുടെ വിലയിരുത്തല്‍. ആദിവാസി നേതാവിനെ സ്ഥാനാര്‍ഥിയാക്കുന്നത് മുന്നണിയുടെ വിപുലീകരണത്തിനും വോട്ട് അടിത്തറയ്ക്കും സാഹചര്യമൊരുക്കുമെന്ന വിശദീകരണം സംഘം കാര്യമായി എടുത്തിട്ടില്ലെന്നാണ് സൂചനകള്‍.

രാഷട്രപതി തെരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ഥിക്കായി പ്രതിപക്ഷം ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും തീരുമാനത്തില്‍ എത്താനായിട്ടില്ല. മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍ ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഗണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com