രാഹുല്‍ ഒപ്പം നിന്നു, നിരന്തരം വിളിച്ചു, മകനെ സ്വപ്‌നത്തിലേക്ക്എത്തിച്ചു; നിര്‍ഭയയുടെ അമ്മ പറയുന്നു

ഇത് രാഷ്ട്രീയമല്ല, മനുഷ്യത്വമാണ് എന്നായിരുന്നു രാഹുല്‍ ഞങ്ങളോടു പറഞ്ഞത്
രാഹുല്‍ ഒപ്പം നിന്നു, നിരന്തരം വിളിച്ചു, മകനെ സ്വപ്‌നത്തിലേക്ക്എത്തിച്ചു; നിര്‍ഭയയുടെ അമ്മ പറയുന്നു

ന്യൂഡല്‍ഹി: ജീവിതത്തിലെ ഏറ്റവും ദുഃഖഭരിതമായ അവസ്ഥയിലൂടെ കടന്നുപോയപ്പോള്‍ വിടാതെ ഒപ്പം നിന്നത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന് ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ. അന്നത്തെ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ സഹാനുഭൂതിയും സഹായവുമായി ഒട്ടേറെ പേര്‍ വന്നിരുന്നു. എന്നാല്‍ എന്നും ഒപ്പം നിന്നത് രാഹുലാണ്. നിര്‍ഭയയുടെ ആഗ്രഹം പോലെ സഹോദരനെ പഠിപ്പിച്ച് പൈലറ്റ് ആക്കിയതിനു പിന്നിലും രാഹുല്‍ ഗാന്ധിയുടെ നിരന്തരമായ പ്രചോദനവും സഹായവുമാണെന്ന് ആഷാ ദേവി പറയുന്നു.

കുടുംബത്തെ അപ്പാടെ തകര്‍ത്ത സംഭവം നടക്കുമ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ ആയിരുന്നു മകന്‍. ആര്‍മിയില്‍ ചേരാനായിരുന്നു അവനു താത്പര്യം. എന്നാല്‍ സഹോദരന്‍ പൈലറ്റ് ആവണമെന്നാണ് നിര്‍ഭയ ആഗ്രഹിച്ചത്. ദുരന്തത്തോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ഒന്നും നടന്നില്ല. മകന്റെ പഠനം തന്നെ നിന്നുപോവുമെന്ന നിലയിലായി കാര്യങ്ങള്‍.

ഡല്‍ഹിയിലെ സംഭവത്തിനു ശേഷം രാഹുല്‍ കുടുംബവുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. പലരും സഹതാപം പ്രകടിപ്പിച്ചും ചെറിയ സഹായങ്ങള്‍ ചെയ്തും പിന്‍വാങ്ങിയപ്പോള്‍ രാഹുല്‍ തുടര്‍ച്ചയായി ഞങ്ങളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് പട്ടാളത്തില്‍ ചേരാനുള്ള മകന്റെ ആഗ്രഹത്തെക്കുറിച്ച് അറിഞ്ഞത്. എന്താണ് പട്ടാളത്തില്‍ ചേരുന്നത്, പൈലറ്റ് ആയിക്കൂടേയെന്ന് ചോദിച്ചതും രാഹുലാണ്. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉറാന്‍ ആക്കാദിമിയില്‍ മകനെ ചേര്‍ക്കാന്‍ മുന്‍കൈയെടുത്തതും അദ്ദേഹം തന്നെ- ആഷാ ദേവി പറയുന്നു.

വിട്ടു കൊടുക്കരുത്, തോറ്റു പിന്‍മാറരുത് എന്നു നിരന്തരം ഉപദേശിച്ച് രാഹുല്‍ മകന്റെ കൂടെത്തന്നെ നിന്നു. അക്കാദമിയിലെ പതിനെട്ടു മാസത്തെ കോഴ്‌സിനിടയില്‍ ഫോണിലും അല്ലാതെയും നിത്യേനയെന്നോണം ബന്ധപ്പെട്ടു. ഞങ്ങളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നതില്‍ വലിയ പങ്കാണ് അതു വഹിച്ചത്. മകന്‍ ഇപ്പോള്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഗുരുഗ്രാമില്‍ ട്രെയ്‌നിങ്ങിലാണ്. അധികം വൈകാതെ അവന്‍ വിമാനം പറത്തും. എന്റെ മകളായിരിക്കും അതില്‍ ഏറ്റവും സന്തോഷിക്കുന്നത്. രാഹുലിനൊപ്പം പ്രിയങ്കയും ഇക്കാലയളവിലെല്ലാം കരുതലോടെ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നെന്ന് ആഷാ ദേവി ഓര്‍ക്കുന്നു.

പല വിധത്തില്‍ രാഹുല്‍ ഗാന്ധി കുടുംബത്തെ സഹായിച്ചതായി നിര്‍ഭയയുടെ പിതാവ് ബദരിനാഥ് സിങ് പറഞ്ഞു. വൈകാരികമായി ഒപ്പം നില്‍ക്കുക മാത്രമല്ല, പണം നല്‍കിയും അങ്ങനെ പല വിധത്തിലും രാഹുല്‍ സഹായിച്ചു. ഓരോ തവണ സഹായിക്കുമ്പോഴും ഒന്നു മാത്രമാണ് രാഹുല്‍ പറഞ്ഞിരുന്നത്, ഇത് പുറത്തു പറയരുത്. ഇത് രാഷ്ട്രീയമല്ല, മനുഷ്യത്വമാണ് എന്നായിരുന്നു രാഹുല്‍ ഞങ്ങളോടു പറഞ്ഞത്- സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com