കര്‍ണാടക മന്ത്രിയെ ബിജെപിയില്‍ ചേരാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി: സിദ്ധരാമയ്യ

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ അന്വേഷണ ഏജന്‍സികളെ അഴിച്ചുവിട്ട് സമ്മര്‍ദ്ദത്തിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍
കര്‍ണാടക മന്ത്രിയെ ബിജെപിയില്‍ ചേരാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി: സിദ്ധരാമയ്യ

ബെംഗളൂരു: ആദായനികുതി വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മന്ത്രി ഡി.കെ ശിവകുമാറിനോട് ബിജെപിയില്‍ ചേരാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് സിദ്ധരാമയ്യ വെളിപ്പെടുത്തി. രണ്ടുമാസം മുമ്പ് ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അപ്പോഴാണ് ബിജെപിയില്‍ ചേരാന്‍ ഉദ്യോഗസ്ഥര്‍ ശിവകുമാറിനോട് ആവശ്യപ്പെട്ടതെന്ന് സിദ്ധരാമയ്യ ആരോപിച്ചു. 

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ അന്വേഷണ ഏജന്‍സികളെ അഴിച്ചുവിട്ട് സമ്മര്‍ദ്ദത്തിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ബിജെപി സര്‍ക്കാര്‍ റെയ്ഡ് സര്‍ക്കാരാണെന്നും സിദ്ധരാമയ്യ പറഞ്ഞു. 

രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായത്.

ആദായ നികുതി പരിശോധനകളില്‍ കൂടി വലയിട്ട് പിടിക്കാനുള്ള ശ്രമം ശിവകുമാര്‍ പരാജയപ്പെടുത്തി. ശിവകുമാര്‍ അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായതുകൊണ്ടാണ് അദ്ദേഹത്തിന് അത് സാധിച്ചത്, സിദ്ധരാമയ്യ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടേയും മറ്റ് പ്രമുഖരുടേയും വീടുകളിലും സ്ഥാപനങ്ങളിലും അന്വേഷണ ഏജന്‍സികളെ അഴിച്ചുവിട്ട് റെയ്ഡ് നടത്തുകയാണ് എന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതിനിടയിലാണ് ഒരു സംസ്ഥാന മുഖ്യമന്ത്രി  തന്നെ ആദായനികുതി വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com