ഇപ്പോള്‍ വാഹന നിയന്ത്രണം വേണ്ട;മലിനീകരണം തടയാന്‍ ഒന്നുംചെയ്തില്ല: ഡല്‍ഹി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിത ട്രൈബ്യൂണല്‍ 

ഒരു വര്‍ഷം സമയം ഉണ്ടായിരുന്നിട്ടും ഡല്‍ഹി സര്‍ക്കാര്‍ അന്തരീക്ഷ മലനീകരണം നിയന്ത്രിക്കാന്‍ ഒന്നും ചെയ്തില്ലെന്നും ട്രൈബ്യൂണല്‍
ഇപ്പോള്‍ വാഹന നിയന്ത്രണം വേണ്ട;മലിനീകരണം തടയാന്‍ ഒന്നുംചെയ്തില്ല: ഡല്‍ഹി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിത ട്രൈബ്യൂണല്‍ 

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ഒറ്റ-ഇരട്ട അക്ക ഗതാഗത നിയന്ത്രണത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍. ഇങ്ങനെയല്ല ഒറ്റ-ഇരട്ട അക്ക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതെന്നും പദ്ധതി ഇപ്പോള്‍ നടപ്പാക്കേണ്ടെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. ഒരു വര്‍ഷം സമയം ഉണ്ടായിരുന്നിട്ടും ഡല്‍ഹി സര്‍ക്കാര്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഒന്നും ചെയ്തില്ലെന്നും ട്രൈബ്യൂണല്‍ വിലയിരുത്തി. 

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന സുപ്രീംകോടതി, ട്രൈബ്യൂണല്‍ നിര്‍ദേശങ്ങളെ ഡല്‍ഹി സര്‍ക്കാര്‍ അവഗണിച്ചെന്നും ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ വന്‍കിട കമ്പനികളുടെ നിര്‍മ്മാണ പദ്ധതികള്‍ നിയന്ത്രിക്കണം എന്നതുള്‍പ്പെടെ സുപ്രീംകോടതിയും ട്രൈബ്യൂണലും നൂറു നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല.
 

അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ 13ാം തീയതി മുതല്‍ അഞ്ച് ദിവസത്തേക്ക് ഒറ്റ-ഇരട്ട അക്ക വാഹനങ്ങള്‍ നിരോധിക്കാനായിരുന്നു കെജ്രിവാള്‍ സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ട്രൈബ്യൂണല്‍ ഇപ്പോള്‍ പദ്ധതി നടപ്പാക്കേണ്ടെന്ന് പറഞ്ഞിരിക്കുന്നത്. 

വാഹനങ്ങള്‍ നിയന്ത്രിക്കുന്ന പദ്ധതി കൊണ്ട് അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടോയെന്ന് ശാസ്ത്രീയമായി ബോധ്യപ്പെടുത്തണമെന്നും ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ ഒന്നും കൃത്യമായി പാലിക്കാതെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ഉത്തര്‍പ്രദേശ്,പഞ്ചാബ്,ഹരിയാന സര്‍ക്കാരുകള്‍ക്ക് മേല്‍ പഴിചാരുകയാണ് ചെയ്യുന്നതെന്നും ട്രൈബ്യൂണല്‍ പറഞ്ഞു.

13ാം തീയതിമുതല്‍ നടപ്പാക്കാന്‍ പോകുന്ന വാഹന നിയന്ത്രണംകൊണ്ട് ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ സൗജന്യ യാത്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പദ്ധതി നടപ്പാക്കേണ്ട എന്ന നിര്‍ദേശവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍ രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com