യുവതി കുഞ്ഞിനെ മുലയൂട്ടവെ വാഹനം കെട്ടിവലിക്കാന്‍ ശ്രമം: പൊലീസുകാരന് സസ്‌പെന്‍ഷന്‍

വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ പൊലീസ് ശ്രമിക്കുമ്പോള്‍, കുഞ്ഞിനു സുഖമില്ലെന്ന് യുവതി വിളിച്ചുപറയുന്നതെല്ലാം വീഡിയോയില്‍ വ്യക്തമാണ്.
യുവതി കുഞ്ഞിനെ മുലയൂട്ടവെ വാഹനം കെട്ടിവലിക്കാന്‍ ശ്രമം: പൊലീസുകാരന് സസ്‌പെന്‍ഷന്‍

മുംബൈ: ഏഴുമാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ, ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് വാഹനം കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കാറിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്നതിനിടയ്ക്കാണ് പൊലീസിന്റെ ക്രൂരനടപടി. ഇതേതുടര്‍ന്ന് ട്രാഫിക്ക് പൊലീസ് കോണ്‍സ്റ്റബിള്‍ ശശാങ്ക് റാണയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്തു.

വെള്ളിയാഴ്ച മുബൈയിലെ മലാഡിലുള്ള എസ് വി റോഡിലായിരുന്നു സംഭവം. ഏഴു മാസം പ്രായമുള്ള കുഞ്ഞിന് അമ്മ കാറില്‍ വെച്ച് മുലയൂട്ടിക്കൊണ്ടിരിക്കെ ഗതാഗത നിയമം തെറ്റിച്ചെന്ന പേരില്‍ കാര്‍ പൊലീസ് കെട്ടിവലിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. 

വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ പൊലീസ് ശ്രമിക്കുമ്പോള്‍, കുഞ്ഞിനു സുഖമില്ലെന്ന് യുവതി വിളിച്ചുപറയുന്നതെല്ലാം വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ഇതിന് ചെവികൊടുക്കാതെ പൊലീസുകാരന്റെ നേതൃത്വത്തില്‍ വാഹനം നീക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. വിഡിയോ പകര്‍ത്തുന്ന വഴിയാത്രക്കാരന്‍ ഉള്‍പ്പെടെയുള്ളവരും വാഹനം കെട്ടിവലിക്കുന്നത് നിര്‍ത്താന്‍ പൊലീസിനോട് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. കുഞ്ഞിന് സുഖമില്ലാതെ ആശുപത്രിയില്‍ കാണിച്ച് വരികയാണെന്നും യുവതി കാറിലിരുന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.

അവസാനം കൂടുതല്‍ വഴിയാത്രക്കാര്‍ സംഭവത്തില്‍ ഇടപെട്ടതോടെയാണ് പൊലീസ് ശ്രമം ഉപേക്ഷിച്ചത്. അതേസമയം നിയമം തെറ്റിച്ച് മറ്റ് വാഹനങ്ങളും അവിടെ പാര്‍ക്ക് ചെയ്തിരുന്നു, എന്നാല്‍ തന്നോടും കുഞ്ഞിനോടും മാത്രം പൊലീസ് ദയയില്ലാതെ പെരുമാറുകയാണെന്നും യുവതി ആരോപിച്ചിരുന്നു. 

അതേസമയം കുട്ടിയുടെയും അമ്മയുടെയും ജീവന് വിലകല്‍പിക്കാത്ത രീതിയില്‍ പൊലീസ് പെരുമാറിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ തെളിഞ്ഞതിനാലാണ് ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളിനെതിരെ നടപടിയെടുത്തതെന്ന് ജോയിന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് അമിതേഷ് കുമാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com