ഫെബ്രുവരി 17ന് കറുത്ത പശുവിനെ ബലി നല്‍കും; ചുണയുണ്ടെങ്കില്‍ തടയൂ; ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ച് ആദിവാസി നേതാവ്

പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഗോബലി ഗോത ആചാരങ്ങളുടെ ഭാഗമാണ്
ഫെബ്രുവരി 17ന് കറുത്ത പശുവിനെ ബലി നല്‍കും; ചുണയുണ്ടെങ്കില്‍ തടയൂ; ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ച് ആദിവാസി നേതാവ്

പറ്റ്‌ന: ഫെബ്രുവരി പതിനേഴിന് ഗോത്രവര്‍ഗക്കാരുടെ ആചാരപ്രകാരം താനൊരു കറുത്ത പശുവിനെ ബലി നല്കുമെന്ന് ഝാര്‍ഖണ്ഡിലെ ആദിവാസി നേതാവ്. ഇതു തടയാന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ജനറല്‍ സെക്രട്ടറി ബന്ദു ടിര്‍ക്കി വെല്ലുവിളിച്ചു. ഝാര്‍ഖണ്ഡിലെ മുന്‍ മന്ത്രികൂടിയാണ് ബന്ദു ടിര്‍ക്കി.

സംസ്ഥാനത്ത് വ്യാപകമായി പൊതുസ്ഥലങ്ങളില്‍ ശിലകള്‍ സ്ഥാപിക്കുന്ന ആദിവാസി ആചാരമായ പത്താല്‍ഗഢിക്കെതിരെ സര്‍ക്കാര്‍ പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പരസ്യമായ വെല്ലുവിളിയുമായി ആദിവാസി നേതാവ് രംഗത്തുവന്നിരിക്കുന്നത്. ആചാരത്തിന്റെ ഭാഗമായി വലിയ ശിലകള്‍ സ്ഥാപിക്കുന്നത് വികസനപ്രവര്‍ത്തനങ്ങള്‍ക്കു തടസമാവുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. വിശുദ്ധമായി കണക്കാക്കുന്ന ശിലകള്‍ നീക്കം ചെയ്താല്‍ അതു പ്രതിഷേധത്തിന് ഇടയാക്കും. ഇതു വികസന പ്രവര്‍ത്തനത്തിനു വിഘാതമായി വരുമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ പത്താല്‍ഗഢിക്കെതിരായ നീക്കം ആദിവാസി ആചാരങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ബന്ദു ടിര്‍ക്കി പറയുന്നത്. കാലങ്ങള്‍ പഴക്കമുള്ള ആചാരമാണിത്. ഇതിനൊപ്പം തന്നെയാണ് ഗോബലിക്കെതിരായ സര്‍ക്കാര്‍ നീക്കത്തെയും കാണുന്നതെന്ന് ടിര്‍ക്കി പറഞ്ഞു. 2005 മുതല്‍ ഝാര്‍ഖണ്ഡില്‍ ഗോബലി നിയമം മൂലം നിരോധിച്ചിരിക്കുകയാണ്.

ഗോത്ര ആചാരങ്ങളുടെ നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങളെ നോക്കിനില്‍്ക്കാനാവില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ബന്ദു ടിര്‍ക്കിയുടെ വെല്ലുവിളി. ഫെബ്രുവരി പതിനേഴിന് ബന്‍ഹോറയില്‍ പത്താല്‍ഗഢിക്കു സമീപം കറുത്ത പശുവിനെ ബലിനല്‍കും. ഇതു തടയാന്‍ ബിജെപി സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്ന് ടിര്‍ക്കി പറഞ്ഞു.

ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ അനുസരിച്ച് ഗോത്ര ആചാരങ്ങള്‍ തുടരാന്‍ ആദിവാസികള്‍ക്ക് അവകാശമുണ്ടെന്ന് ടിര്‍ക്കി ചൂണ്ടിക്കാട്ടുന്നു. ഭരണകൂടങ്ങള്‍ അതില്‍ ഇടപെടാന്‍ പാടില്ല. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഗോബലി ഗോത ആചാരങ്ങളുടെ ഭാഗമാണ്- ടിര്‍ക്കി പറയുന്നു.

ടിര്‍ക്കിയുടെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയോ നേതാവ് മുന്‍ മുഖ്യമന്ത്രി കൂടിയായ ബാബുലാല്‍ മറാന്‍ഡിയോ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിവാദമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ടിര്‍ക്കിയുടെ ശ്രമമെന്ന് ബിജെപി പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com