റയാന്‍ സ്‌കൂള്‍ കൊലപാതകം; ബസ് കണ്ടക്ടര്‍ക്ക് ജാമ്യം

ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത അശോക് കുമാര്‍ മൂന്നുമാസമായി ജയിലിലായിരുന്നു. 
റയാന്‍ സ്‌കൂള്‍ കൊലപാതകം; ബസ് കണ്ടക്ടര്‍ക്ക് ജാമ്യം

ഡെല്‍ഹി: ഗുരുഗ്രാമില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴ് വയസുകാരനായ പ്രധ്യുമന്‍ താക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ആദ്യം പൊലീസ് അറസ്റ്റ് ചെയ്ത സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിന് ജാമ്യം. ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത അശോക് കുമാര്‍ മൂന്നുമാസമായി ജയിലിലായിരുന്നു. 

അശോക് കുമാറിനെ കേസ് ആദ്യം അന്വേഷിച്ച ഹരിയാന  പൊലീസ് കേസില്‍ കുടുക്കുകയായിരുന്നുവെന്നും റയാന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് യഥാര്‍ത്ഥ കൊലയാളിയെന്നും കേസ് പിന്നീട് അന്വേഷിച്ച സിബിഐ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സിബിഐ സംഘം കസ്റ്റഡിയിലെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട അശോക് കുമാറിന് ജാമ്യം ലഭിച്ചത്. 

കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കാനുള്ള അശോക്കുമാറിന്റെ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് വ്യക്തമാക്കിയാണ് ഹരിയാന പൊലീസ് കുട്ടി പഠിച്ചിരുന്ന റയാന്‍ സ്‌കൂളിലെ ബസ് ഡ്രൈവര്‍മാരില്‍ ഒരാളായിരുന്ന അശോക് കുമാറിനെ അറസ്റ്റ് ചെയ്തത്. ഹരിയാന പൊലീസിന്റെ ധൃതി പിടിച്ചുള്ള അന്വേഷണത്തിലും അറസ്റ്റിലും തൃപ്തരാകാതെയാണ് കൊല്ലപ്പെട്ട പ്രധ്യുമന്റെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തതും സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റിലായതും. 

സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രധ്യുമന്‍ താക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് തന്നെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്ന്  കണ്ടക്ടര്‍ അശോക് കുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. കൊലപാതകകുറ്റം ചുമത്തി തന്നെ അറസ്റ്റ് ചെയ്ത പൊലീസ് കുറ്റം സമ്മതിപ്പിക്കാന്‍ വേണ്ടി ക്രൂരമായി മര്‍ദ്ദിച്ചുവെവെന്നും ഇതിനു ശേഷം മയക്കുമരുന്ന് കുത്തിവെച്ചാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിച്ചതെന്നുമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റ് ചെയ്തശേഷം അശോക് കുമാര്‍ വെളിപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com