സിദ്ധരാമയ്യയ്ക്ക് വേണ്ടി വീണ്ടും ആംബുലന്‍സ് തടഞ്ഞു, ആശുപത്രിയിലേക്ക് രോഗിയായ സ്ത്രീ നടന്നുപോയി

ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കള്‍ സംസാരിച്ചെങ്കിലും ആശുപത്രിയിലേക്ക് നടന്ന് പോകാന്‍ ഉദ്യോഗസ്ഥര്‍ അവരോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
സിദ്ധരാമയ്യയ്ക്ക് വേണ്ടി വീണ്ടും ആംബുലന്‍സ് തടഞ്ഞു, ആശുപത്രിയിലേക്ക് രോഗിയായ സ്ത്രീ നടന്നുപോയി

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനവ്യൂഹത്തെ കടത്തിവിടുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വീണ്ടും ആംബുലന്‍സ് തടഞ്ഞെന്ന് ആരോപണം. ഇതോടെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന സ്ത്രീക്ക് ഹോസ്പിറ്റലിലേക്കുള്ള അവസാന 100 മീറ്റര്‍ നടന്ന് പോകേണ്ടിവന്നു. കര്‍ണാടകയിലെ മാണ്ട്യയിലുള്ള നാഗമംഗല എന്ന സ്ഥലത്താണ് ഏറ്റവും ഒടുവിലായി ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആംബുലന്‍സ് തടഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി കടന്നുപോകുന്നതു കാരണം ഈ പ്രദേശത്തെ റോഡ് തടഞ്ഞിരിക്കുകയായിരുന്നു. ആംബുലന്‍സ് ഈ വഴി വന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച ബാരിക്കേഡിന് പിന്നില്‍ കുടുങ്ങി. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ച് ഇവര്‍ ആംബുലന്‍സ് കടന്നുപോകാന്‍ അനുവദിച്ചില്ല. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കള്‍ സംസാരിച്ചെങ്കിലും അവരോട് ആശുപത്രിയിലേക്ക് നടന്ന് പോകാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

2015മുതല്‍ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിമാര്‍ക്കും മറ്റ് വിവിഐപികള്‍ക്കും കടന്നുപോകാനായി സംസ്ഥാനത്ത് ആംബുലന്‍സ് തടഞ്ഞുവച്ച സംഭവങ്ങള്‍ നിരവധി...

ഓഗസ്റ്റ് 15, 2015

ഒന്നല്ല മൂന്ന് ആംബുലന്‍സുകളാണ് ഗായത്രി വിഹാറില്‍ ഈ ദിവസം തടഞ്ഞുവച്ചത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്ന മുഖ്യമന്ത്രിയുടെ വാഹനം ഈ വഴി കടന്നുപോകുമെന്നുള്ളതിനാല്‍ ഇവിടെ ഗതാഗതം തടയുകയായിരുന്നു. ഈ സംഭവം ഉണ്ടായതിനെതുടര്‍ന്ന് ഒരു ട്രാഫിക് ഉദ്യോഗസ്ഥന്‍ സമൂഹമാധ്യമത്തില്‍ ഇതേകുറിച്ച് പോസ്റ്റ് ഇട്ടിരുന്നു. ഒരു ട്രാഫിക് ഉദ്യോഗസ്ഥനായിരുന്നിട്ടുകൂടി ഈ അവസരത്തില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയാഞ്ഞതിന്റെ ദുഃഖം അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും അവര്‍ തന്നെ തള്ളിമാറ്റുകയായിരുന്നെന്ന് അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നു. ആംബുലന്‍സുകള്‍ക്ക് 20 മിനിറ്റോളം അവിടെ കാത്തുകിടക്കേണ്ടിവന്നു. ഞങ്ങളിവിടെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എത്തിയതാണ് ആംബുലന്‍സുകളെ കടത്തിവിടാനല്ലെന്നായിരുന്നു അന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാക്കുകള്‍. 

ജൂണ്‍ 29, 2016

ബംഗളൂരു-ചിന്താമണി ഹൈവെയിലൂടെ സിദ്ധരാമയ്യ കടന്നുപോകുന്നതിനാല്‍ ഏര്‍പ്പെടുത്തിയ സുരക്ഷയില്‍ ആംബുലന്‍സ് തടഞ്ഞുവെച്ചത് അര മണിക്കൂറോളമാണ്. കുറച്ച് ആളുകള്‍ ആംബുലന്‍സ് കടന്നുപോകാന്‍ അനുവദിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് അപേക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് യാതൊരു ആറിവും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രതികരണം. 

ഫെബ്രുവരി 16, 2017

ഈ വര്‍ഷമാദ്യം ഹോസ്‌കോടില്‍ പ്രതിമ അനാച്ഛാദന ചടങ്ങിനും വികസന പദ്ധതികളുടെ അവതരണത്തിനുമായി എത്തിയ സിദ്ധരാമയ്യയുടെ യാത്രയ്ക്കായി ഗതാഗതം തടയുകയായിരുന്നു. ഇതേതുടര്‍ന്ന് അര മണിക്കൂറോളം ആംബുലന്‍സ് തടഞ്ഞുവയ്ക്കപ്പെട്ടു. 

മെയ് 2, 2017

ഭഗീരത ജയന്തി ആഘോഷങ്ങള്‍ക്കായി രവീന്ദ്ര കലാക്ഷേത്രയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വേണ്ടിയായിരുന്നു ഈ ദിവസത്തെ സുരക്ഷാ ക്രമീകരണങ്ങള്‍. മുഖ്യമന്ത്രിക്ക് കടന്നുപോകാനായി ആംബുലന്‍ തടഞ്ഞുനിര്‍ത്തി. ഈ സംഭവത്തെതുടര്‍ന്ന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട സിദ്ധരാമയ്യ ഇത്തരം അനിഷ്ടസംഭവങ്ങള്‍ തുടര്‍ന്ന് ഉണ്ടാകില്ലെന്ന് അന്ന് ഉറപ്പുപറഞ്ഞിരുന്നു. 

മെയ് 8, 2017

ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്കകം മറ്റൊരു ആംബുലന്‍സ് തടയപ്പെടുകയാണുണ്ടായത്. ഇപ്രാവശ്യം ഒരു വിവിഐപിക്ക് കടന്നുപോകാന്‍ വേണ്ടിയായിരുന്നു സംഭവം. സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്ക് വേണ്ടിയായിരുന്നു ഗതാഗതം തടഞ്ഞതും ആംബുലന്‍ മുന്നോട്ട് പോകാന്‍ കഴിയാതെ ബ്ലോക്കിലായതും. ഹൃദയാഘാതം മൂലം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഒരു രോഗിയാണ് ഇതോടെ റോഡില്‍ അകപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com