'ജസ്റ്റിസ് ലോയയുടെ മരണത്തിന് പിന്നില്‍ അസ്വഭാവികമായി ഒന്നുമില്ല'; വീട്ടുകാരുടെ ആരോപണം തള്ളി ജസ്റ്റിസ് ഭൂഷന്‍

അദ്ദേഹത്തിന്റെ മരണത്തില്‍ അസാധാരണമായി എന്തെങ്കിലുമുണ്ടെന്ന് തോന്നിയില്ലെന്നും ഭൂഷന്‍ ദേശിയ മാധ്യമമായ എന്‍ഡി ടിവിയോട് പറഞ്ഞു
'ജസ്റ്റിസ് ലോയയുടെ മരണത്തിന് പിന്നില്‍ അസ്വഭാവികമായി ഒന്നുമില്ല'; വീട്ടുകാരുടെ ആരോപണം തള്ളി ജസ്റ്റിസ് ഭൂഷന്‍

മുംബൈ: ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ടിരുന്ന ജഡ്ജ് ബി.എച്ച് ലോയയുടെ മരണം ദേശീയ രാഷ്ട്രീയത്തെ ആളിക്കത്തിച്ചുകൊണ്ടിരിക്കുകയാണ്. സഹോദരന്റെ മരണത്തില്‍ ദുരൂഹതകളുണ്ടെന്ന് ആരോപിച്ച് ലോയയുടെ സഹോദരി രംഗത്തെത്തിയതോടെയാണ് അദ്ദേഹത്തിന്റെ മരണം വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ ജഡ്ജ് ലോയയുടെ മരണത്തിന് പിന്നില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് അന്ന് അദ്ദേഹത്തിന്റെ കൂടെ ആശുപത്രിയിലുണ്ടായിരുന്ന ജസ്റ്റിസ് ഭൂഷന്‍ ഗവായ്‌ പറഞ്ഞു. 

നെഞ്ചുവേദനിക്കുന്നതായി ലോയ പറഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മറ്റ് മുതിര്‍ന്ന ജഡ്ജിമാരും സഹായിക്കാനായി ഓടിയെത്തിയെന്നും എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അസാധാരണമായി എന്തെങ്കിലുമുണ്ടെന്ന് തോന്നിയില്ലെന്നും ഭൂഷന്‍ ദേശിയ മാധ്യമമായ എന്‍ഡി ടിവിയോട് പറഞ്ഞു. മുംബൈ ഹൈക്കോടതിയിലാണ് ജസ്റ്റിസ് ഭൂഷണ്‍ പ്രവര്‍ത്തിച്ചിരുന്നത്. 

2014 ഡിസംബറിലാണ് ജഡ്ജ് ലോയ മരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം ന്യൂസ് മാഗസിനായ കാരവന് നല്‍കിയ അഭിമുഖത്തിലാണ് ലോയയുടെ മരണത്തിന് പിന്നില്‍ നിഗൂഡതയുണ്ടെന്ന് ആരോപിച്ചത്. ജഡ്ജ് ബിജെപി നേതാവിന് എതിരായി കൊലപാതക കേസിന്റെ വാദം കേട്ടുകൊണ്ടിരുന്ന അതേ സമയത്താണ് അദ്ദേഹം മരണപ്പെടുന്നത്. നാഗ്പൂരില്‍ കല്യാണത്തിന് പോകുന്നതിനിടെ കാര്‍ഡിയാക് അറസ്റ്റ് വന്നാണ് 48 കാരനായ ലോയ മരിച്ചത്. 

എന്നാല്‍ അദ്ദേഹത്തിനൊപ്പം അവസാന സമയങ്ങള്‍ ചെലവഴിച്ചവര്‍ വീട്ടുകാരുടെ സംശയത്തെ തള്ളിക്കളയുകയാണ്. ലോയക്കൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഡോക്റ്റര്‍മാരും അദ്ദേഹത്തിന്റെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് പറയുന്നത്. കേസ് അനുകൂലമായി വിധിക്കാന്‍ അമിത് ഷാ ലോയക്ക് 100 കോടി രൂപ ഓഫര്‍ ചെയ്‌തെന്നും വീട്ടുകാര്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com